10 ഓവറിൽ കളി തീർത്തു; പരമ്പര തൂക്കി ഇന്ത‍്യ

നിശ്ചിത 20 ഓവറിൽ ന‍്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 10 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു
india vs new zeland 3rd t20 match updates

മത്സരത്തിൽ നിന്ന്

Updated on

ഗോഹട്ടി: ന‍്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത‍്യക്ക് ജയം. നിശ്ചിത 20 ഓവറിൽ ന‍്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 10 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ ആദ‍്യ മൂന്നു മത്സരങ്ങളും വിജയം അറിഞ്ഞ ഇന്ത‍്യ പരമ്പര ഉറപ്പിച്ചു. 20 പന്തിൽ 7 ബൗണ്ടറിയും 5 സിക്സും അടക്കം 68 റൺസ് നേടി അഭിഷേക് ശർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. അഭിഷേകിനു പുറമെ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 26 പന്തിൽ 57 റൺസ് നേടി പുറത്താവാതെ നിന്നു.

ഇഷാൻ കിഷാൻ 13 പന്തുകൾ മാത്രമാണ് ബാറ്റ് ചെയ്തതെങ്കിലും മിന്നൽ വേഗത്തിൽ അടിച്ചെടുത്തത് 28 റൺസാണ് . ആകെ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇന്ത‍്യൻ ബാറ്റിങ് നിരയിൽ മോശം പ്രകടനം കാഴ്ചവച്ചത്. ഈ പരമ്പരയിൽ ആകെ 16 റൺസാണ് സഞ്ജുവിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോയെന്ന കാര‍്യം സംശയത്തിലാണ്. ഇഷാൻ കിഷാൻ മിന്നും ഫോമിൽ കളിക്കുന്നതിനാൽ സഞ്ജുവിന് പകരം പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല.

ഇന്ത‍്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറും ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവും ചേർന്നായിരിക്കും ഇക്കാര‍്യത്തിൽ തീരുമാനമെടുക്കുക. ജനുവരി 28ന് വിശാഖപട്ടണത്തും ജനുവരി 30ന് തിരുവനന്തപുരത്തുമാണ് ഇന്ത‍്യയുടെ അടുത്ത മത്സരങ്ങൾ. സഞ്ജു പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യക്ക് ആദ‍്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. മാറ്റ് ഹെൻറി എറിഞ്ഞ ഔട്ട് സ്വിങ്ങറിൽ സഞ്ജുവിന്‍റെ കുറ്റി തെറിച്ചു. പിന്നാലെയെത്തിയ ഇഷാൻ കിഷൻ മാറ്റ് ഹെൻറി‍യുടെ ഓവറിൽ 16 റൺസാണ് അടിച്ചെടുത്തത്.

പവർപ്ലേ പൂർത്തിയാവുമ്പോൾ ടീമിന് 94 റൺസുണ്ടായിരുന്നു. ഇഷാൻ- അഭിഷേഖ് സഖ‍്യം 53 റൺസ് പടുത്തുയർത്തി. നാലാം ഓവറിൽ ഇഷ് സോധിയാണ് ഇഷാനെ പുറത്താക്കികൊണ്ട് കുട്ടുകെട്ട് തകർത്തത്. എന്നാൽ അഭിഷേക് അടി തുടങ്ങി റൺനില ഉയർത്തി. മറുവശത്ത് സൂര‍്യകുമാറും പിന്തുണച്ച് നിന്നതോടെ ഇന്ത‍്യ അനായാസം വിജയലക്ഷ‍്യം മറികടന്നു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ന‍്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ന‍്യൂസിലൻഡ് 153 റൺസാണ് അടിച്ചെടുത്തത്. 40 പന്തുകൾ നേരിട്ട് 48 റൺസ് അടിച്ചെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന‍്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ. ഗ്ലെൻ ഫിലിപ്പ്സിനു പുറമെ മാർക്ക് ചാപ്മാൻ (32) ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (26) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ് ബാറ്റർ ഡെവോൺ കോൺവേ (1), ടിം സെയ്ഫെർട്ട് (12) രച്ചിൻ രവീന്ദ്ര (4) ഡാരി മിച്ചൽ (14) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

ഇന്ത‍്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നും ഹാർദിക് പാണ്ഡ‍്യ. രവി ബിഷ്ണോയി എന്നിവർ രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. കുൽദീപ് യാദവ് മൂന്ന് ഓവറും ഷിവം ദുബെ രണ്ട് ഓവറും പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിനു മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡിൽ രണ്ടു റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഡെവോൺ കോൺവേയുടെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. ഹർഷിത് റാണ എറിഞ്ഞ പന്തിൽ ഹാർദികിന് ക‍്യാച്ച് നൽകിയാണ് കോൺവേയുടെ മടക്കം.

പിന്നാലെ രച്ചിൻ രവീന്ദ്രയെയും ടീമിന് നഷ്ടമായി. പിടിച്ചു നിൽക്കാൻ ശ്രമിച്ച ടിം സെയ്ഫെർട്ടിനെ ബുംറ ക്ലീൻ ബൗൾഡ് ആക്കിയതോടെ ന‍്യൂസിലൻഡ് പ്രതിരോധത്തിലായി. എന്നാൽ നാലാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പ്സ്- മാർക്ക് ചാപ്മാൻ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് ടീമിന് ആത്മവിശ്വാസം നൽകി. പക്ഷേ ഫിലിപ്പ്സ്- ചാപ്മാൻ സഖ‍്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ചാപ്മാനെ പുറത്താക്കികൊണ്ട് രവി ബിഷ്ണോയി ന‍്യൂസിലൻഡിനു മേൽ പ്രഹരം ഏൽപ്പിച്ചു. പിന്നീട് ക്രീസിലെത്തിയവരിൽ മിച്ചൽ സാന്‍റ്നർക്ക് മാത്രമാണ് തിളങ്ങാൻ സാധിച്ചത്. ഇതോടെ 153 റൺസിലൊതുങ്ങി ന‍്യൂസിലന്‍ഡിന്‍റെ സ്കോർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com