

ഗ്ലെൻ ഫിലിപ്പ്സ്
ഓക്‌ലൻഡ്: ന‍്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത‍്യയ്ക്ക് 260 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ കിവീസ് 259 റൺസ് അടിച്ചെടുത്തു. 49 പന്തിൽ 6 ബൗണ്ടറിയും 10 സിക്സും അടക്കം 107 റൺസടിച്ച് കൂട്ടിയ ഗ്ലെൻ ഫിലിപ്പ്സാണ് ടീമിന്‍റെ ടോപ്സ്കോറർ.
ഗ്ലെൻ ഫിലിപ്പ്സിനു പുറമെ മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസും ഓപ്പണിങ് ബാറ്റർ ഫിൻ അലൻ 17 പന്തിൽ 31 റൺസും നേടി മിന്നൽ പ്രകടനം പുറത്തെടുത്തു. ഇന്ത‍്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഒരു വിക്കറ്റ് പിഴുതു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവറിൽ തന്നെ ടിം സെയ്ഫെർട്ടിനെ (3) പേസർ മായങ്ക് യാദവ് പുറത്താക്കി. രണ്ടാം ഓവർ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 9 റൺസ് മാത്രം വഴങ്ങി മനോഹരമായി പന്തെറിഞ്ഞു.
പക്ഷേ മൂന്നാം ഓവറിൽ മൂന്നാമനായെത്തിയ ഡാരിൽ മിച്ചൽ 2 സിക്സും 2 ബൗണ്ടറിയും അടക്കം 20 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ തൊട്ടടുത്ത പന്തിൽ ടീം സ്കോർ 34ൽ നിൽക്കെ മായങ്ക് 143 കിലോമീറ്റർ വേഗതയിൽ യോർക്കർ എറിഞ്ഞ് എൽബിഡബ‍്യുവിൽ മിച്ചലിനെ പുറത്താക്കിയത് ടീമിന് ആശ്വാസമായി.
പവർപ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലായിരുന്നു ന‍്യൂസിലൻഡ്. ഗ്ലെൻ ഫിലിപ്പ്സ് ഫിൻ അലനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം സ്കോർ ഉയർന്നു.
പ്രിൻസ് യാദവ് എറിഞ്ഞ ആദ‍്യ പന്തിൽ ബൗണ്ടറി പറത്തിയാണ് ഗ്ലെൻ ഫിലിപ്പ്സ് ആക്രമണോത്സുക ബാറ്റിങ്ങിന് തുടക്കമിട്ടത്. മറുവശത്ത് ഫിൻ അലൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിന്‍റെ ഓവറിൽ ഒരു ഫോറും തുടർച്ചയായി രണ്ട് സിക്സും അടിച്ചെടുത്തെങ്കിലും അതിനു പിന്നാലെ തന്നെ അഭിഷേക് ശർമയ്ക്ക് ക‍്യാച്ച് നൽകി താരം കളം വിട്ടു.
മധ‍്യനിര ബാറ്റർ ബെവോൺ ജേക്കബസ് ക്രീസിലെത്തിയെങ്കിലും തിളങ്ങാനായില്ല. 7 പന്തിൽ നിന്നും ആകെ 7 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ‍്യം. ഇതോടെ 10.4 ഓവറിൽ കിവീസിന് നാലുവിക്കറ്റ് നഷ്ടമായെങ്കിലും 112 റൺസുണ്ടായിരുന്നു. അവിടെ നിന്ന് മൈക്കൽ ബ്രേസ്‌വെൽ ഗ്ലെൻ ഫിലിപ്പ്സിനൊപ്പം കൂടി ഇന്ത‍്യൻ ബൗളർമാരെ തല്ലിചതയ്ക്കുന്ന കാഴ്ചയായിരുന്നു ഓക്‌ലൻഡ് സ്റ്റേഡിയത്തിൽ കണ്ടത്.
മറുവശത്ത് നിതീഷ് കുമാർ റെഡ്ഡിയെ ഗ്ലെൻ ഫിലിപ്പ്സ് അടുപ്പിച്ച് മൂന്നു സിക്സുകൾ അടിച്ചു. തൊട്ടുപിന്നാലെ റൺസ് നിയന്ത്രിക്കാൻ ശ്രേയസ് മായങ്കിനെ പന്തേൽപ്പിച്ചെങ്കിലും ആ ഓവറിൽ 2 സിക്സുകൾ അനായാസം ന‍്യൂസിലൻഡ് ബാറ്റർമാർ അടിച്ചെടുത്തു. ഒടുവിൽ പ്രിൻസ് യാദവ് ബ്രേസ്‌വെല്ലിനെ എൽബിഡബ‍്യുവാക്കി പറഞ്ഞയച്ചു. ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർക്ക് (5) മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഗ്ലെൻ ഫിലിപ്പ്സ് അവസാന ഓവറിൽ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായതോടെ ന‍്യൂസിലൻഡ് 259 റൺസിലെത്തുകയായിരുന്നു. അതേസമയം, ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത‍്യ ന‍്യൂസിലൻഡിനെതിരേ ഇറങ്ങിയിരിക്കുന്നത്. ഭുവനേശ്വർ കുമാറിനു പകരം മായങ്ക് യാദവും വൈഭവ് സൂര‍്യവംശിക്കു പകരം ഇഷാൻ കിഷാനുമാണ് പ്ലെയിങ് ഇലവനിലുള്ളത്.