

ഇന്ത‍്യൻ ക്രിക്കറ്റ് ടീം
മുംബൈ: ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ വൈകാതെ പ്രഖ‍്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. പരുക്ക് ഭേദമായ ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും. ജോലി ഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ‍്യയ്ക്കും വിശ്രമം അനുവദിച്ചേക്കും.
എന്നാൽ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തുമെന്നാണ് വിവരം. ബുംറ 2023ലെ ലോകകപ്പ് ഫൈനലിലും ഹാർദിക് പാണ്ഡ‍്യ കഴിഞ്ഞ ചാംപ‍്യൻസ് ട്രോഫിയിലുമാണ് അവസാനമായി ഏകദിനത്തിൽ കളിച്ചത്. ടി20 ലോകകപ്പ് ടീമിൽ ഇരുവരുടെയും സാന്നിധ‍്യം ഉറപ്പാക്കാനാണ് ബിസിസി ലക്ഷ‍്യമിടുന്നത്.
അതേസമയം, വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷാനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഋഷഭ് പന്തിന് ടീമിൽ ഇടം നഷ്ടമാകും. 2026 ജനുവരി പതിനൊന്നിന് വഡോദരയിലാണ് പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം രാജ്കോട്ടിലും മൂന്നാം ഏകദിനം ഇൻഡോറിലും നടക്കും. ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. റായ്പൂർ, ഗോഹട്ടി, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ വേദികളിലാണ് മത്സരം നടക്കുക.