

ന്യൂസിലൻഡിനെതിരേ ഇന്ത്യൻ താരം വിരാട് കോലിയുടെ ഷോട്ട്.
ഇൻഡോർ: ന‍്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത‍്യക്ക് തോൽവി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ന‍്യൂസിലൻഡ് 337 റൺസ് അടിച്ചെടുത്തു. ഇന്ത്യയുടെ മറുപടി 46 ഓവറിൽ 296 റൺസിൽ അവസാനിച്ചു. 41 റൺസ് ജയം കുറിച്ച ന്യൂസിലൻഡ് ഏകദിന പരമ്പര 2-1 എന്ന നിലയിൽ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 2019നു ശേഷം ആദ്യമായാണ് ഇന്ത്യ അവസാനമായി സ്വന്തം മണ്ണിൽ പരമ്പര തോൽക്കുന്നത്.
കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിടുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും (11) ശുഭ്മൻ ഗില്ലും (23) നിരാശപ്പെടുത്തിയപ്പോൾ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്കു പ്രതീക്ഷ പകർന്നത്.
ശ്രേയസ് അയ്യരും (3) കെ.എൽ. രാഹുലും (1) കൂടി ക്ഷണത്തിൽ മടങ്ങിയെങ്കിലും, നിതീഷ് കുമാർ റെഡ്ഡിയെ (57 പന്തിൽ 53) കൂട്ടുപിടിച്ച് കോലി സ്കോർ ഉയർത്തി. റെഡ്ഡിക്കു ശേഷം രവീന്ദ്ര ജഡേജയ്ക്കു (12) പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പിന്നീട് ഹർഷിത് റാണയിലാണ് (43 പന്തിൽ 52) കോലി പറ്റിയ പങ്കാളിയെ കണ്ടെത്തിയത്. 91 പന്തിലാണ് കോലി തന്‍റെ 54ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. 108 പന്തിൽ 10 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്സ്.
പക്ഷേ, നാല് ഫോറും നാലു സിക്സുമായി പ്രതീക്ഷയുണർത്തിയ റാണ പുറത്തായതോടെ ടാർജറ്റ് പൂർണമായും കോലിയുടെ ബാറ്റിലായി. തൊട്ടടുത്ത പന്തിൽ മുഹമ്മദ് സിറാജും (0) മടങ്ങി. ഒറ്റയ്ക്ക് പൊരുതാനുള്ള കോലിയുടെ ശ്രമം അധികം മുന്നോട്ടു പോയില്ല. ഒടുവിൽ കുൽദീപ് യാദവ് (5) റണ്ണൗട്ടായതോടെ കളിയും കഴിഞ്ഞു.
നേരത്തെ, ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്പ്സും നേടിയ സെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. മിച്ചൽ 131 പന്തിൽ 15 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 137 റൺസും ഗ്ലെൻ ഫിലിപ്പ്സ് 88 പന്തിൽ 9 ഫോറും മൂന്നു സിക്സും അടക്കം 106 റൺസുമാണ് അടിച്ചെടുത്തത്. ഇരുവർക്കും പുറമെ വിൽ യങ് (30), ക‍്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ (28) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ഡെവോൺ കോൺവേ (5), ഹെൻറി നിക്കോൾസ് (0), മിച്ചൽ ഹേ (2), സക്കാരി ഫൗക്സ് എന്നിവർ നിരാശപ്പെടുത്തി. ഇന്ത‍്യക്കു വേണ്ടി അർഷ്ദീപും ഹർഷിത് റാണയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 5 റൺസെന്ന നിലയിലായിരുന്നു.
പിന്നീട് ഡാരി മിച്ചലും ഗ്ലെൻ ഫിലിപ്പ്സും ചേർന്ന് പടുത്തുയർത്തിയ 219 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്. ഇന്ത‍്യക്കെതിരേ ന‍്യൂസിലൻഡ് നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ കൂട്ടുകെട്ടിനാണ് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം സാക്ഷ‍്യം വഹിച്ചത്. പിന്നീട് മിച്ചലിനെ സിറാജും ഫിലിപ്പ്സിനെ അർഷ്ദീപും പുറത്താക്കിയതോടെ ടീം സ്കോർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.
സെഞ്ചുറി നേടിയ ഗ്ലെൻ ഫിലിപ്പ്സിന്‍റെയും ഡാരിൽ മിച്ചലിന്‍റെയും ആഹ്ലാദ പ്രകടനം
ഇന്ത‍്യ പ്ലെയിങ് ഇലവൻ: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
ന‍്യൂസിലൻഡ് പ്ലെയിങ് ഇലവൻ: ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, വിൽ യങ്, ഡാരിൽ മിച്ചൽ, മിച്ചൽ ഹേ, ഗ്ലെൻ ഫിലിപ്പ്സ്, മൈക്കൽ ബ്രേസ്‌വെൽ, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, കൈലി ജാമിസൻ, സക്കാരി ഫൗൾക്ക്സ്, ജെയ്ഡൻ ലെന്നോക്സ്