മത്സരത്തിൽ നിന്ന്
ന‍്യൂസിലൻഡ് പരീക്ഷ വിജയകരമായി പൂർത്തിയാക്കി സൂര‍്യകുമാറിന്‍റെ നീലപ്പട
തിരുവനന്തപുരം: ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത‍്യക്ക് ജയം. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡിന് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 225 റൺസിന് ഓൾഔട്ടായി.
ഇതോടെ 46 റൺസിന് ഇന്ത‍്യ വിജയിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലു മത്സരങ്ങളും സൂര‍്യകുമാർ യാദവിന്‍റെ നീലപ്പടയ്ക്ക് വിജയിക്കാനായി. ഒരു മത്സരം മാത്രമാണ് ന‍്യൂസിലൻഡ് വിജയിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനു വേണ്ടി 38 പന്തിൽ 8 ബൗണ്ടറിയും 6 സിക്സും അടക്കം 80 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ ഫിൻ അലനാണ് ടോപ് സ്കോറർ.
ഫിൻ അലനു പുറമെ രച്ചിൻ രവീന്ദ്ര 17 പന്തിൽ 30 റൺസും ഡാരിൽ മിച്ചൽ 12 പന്തിൽ 26 റൺസും നേടി. ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (0), ബെവോൺ ജേക്കബ്സ് (7) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.
തിരിച്ചടിക്കാൻ ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലൻഡിന് മികച്ച തുടക്കമാണ് ഫിൻ അലൻ നൽകിയത്. പവർപ്ലേ പൂർത്തിയായപ്പോൾ തന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസുണ്ടായിരുന്നു ന‍്യൂസിലൻഡിന്. ഫിൻ അലന് പിന്തുണയുമായി രച്ചിൻ രവീന്ദ്രയും എത്തിയതോടെ രണ്ടാം വിക്കറ്റിൽ 100 റൺസ് കൂട്ടുകെട്ട് പിറന്നു.
എന്നാൽ ഫിൻ അലനെ പുറത്താക്കികൊണ്ട് അക്ഷർ പട്ടേൽ ന‍്യൂസിലൻഡിന്‍റെ പ്രതീക്ഷകൾക്ക് വിള്ളൽ വരുത്തി. ആക്രമണകാരിയായ ഗ്ലെൻ ഫിലിപ്പ്സിനെയും അക്ഷർ തന്നെ മടക്കിയതോടെ മത്സരത്തിന്‍റെ ഗതി തന്നെ മാറി. പിന്നീട് എത്തിയ ഡാരിൽ മിച്ചലും ഇഷ് സോധിയും (33) മിന്നൽ പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത‍്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാനായില്ല. ഇന്ത‍്യക്കു വേണ്ടി അർഷ്ദീപ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ മൂന്നും വരുൺ ചക്രവർത്തി, റിങ്കു സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് അടിച്ചെടുത്തത്. 43 പന്തിൽ നിന്നും 10 സിക്സറും 6 ബൗണ്ടറിയും അടക്കം 103 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത‍്യൻ ടീമിന്‍റെ ടോപ് സ്കോറർ. ഇഷാൻ കിഷനു പുറമെ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 30 പന്തിൽ നിന്ന് 63 റൺസും ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ 16 പന്തിൽ 30 റൺസുമെടുത്ത് പുറത്തായി. തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് മോശം പ്രകടനം പുറത്തെടുത്തത്. 6 പന്തുകൾ നേരിട്ട സഞ്ജു 6 റൺസ് നേടി പുറത്തായി. ന‍്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ ഗുഡ് ലെങ്ത്ത് ഡെലിവറി മോശം ഷോട്ട് സെലക്ഷൻ മൂലം സഞ്ജു പുറത്താവുകയായിരുന്നു.
സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും ഫോം വീണ്ടെടുക്കാൻ കഴിയാത്ത സഞ്ജു കാര‍്യവട്ടത്ത് എത്തിയ ജനപ്രവാഹത്തെ നിരാശപ്പെടുത്തി. 46 റൺസ് മാത്രമാണ് ഈ പരമ്പരയിൽ നിന്ന് സഞ്ജു ആകെ നേടിയത്. ടി20 ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മ ഇന്ത‍്യൻ ടീമിന് വലിയ വെല്ലുവിളിയായേക്കും. ന‍്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫിയും മിച്ചൽ സാന്‍റ്നറും, കൈലി ജാമിസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ചുറി നേടിയ ഇഷാൻ കിഷൻ
സഞ്ജു സാംസൺ
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത‍്യക്ക് മികച്ച തുടക്കമാണ് അഭിഷേക് ശർമ നൽകിയത്. ജേക്കബ് ഡഫി എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ തെല്ലും ഭയമില്ലാതെ 14 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. സഞ്ജുവിനെ മറുവശത്ത് കാഴ്ചക്കാരനാക്കി അഭിഷേക് രണ്ടാം ഓവറിലും വെടിക്കെട്ട് തുടർന്നു. ഐതിഹാസിക താരം യുവരാജ് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങ് പ്രകടനമായിരുന്നു ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്.
മൂന്നാം ഓവറിൽ സഞ്ജു മടങ്ങിയെങ്കിലും ഇഷാൻ അടി തുടർന്നു. പിന്നാലെ അഭിഷേകിന്‍റെ കുറ്റി തെറിപ്പിച്ച് ലോക്കി ഫെർഗൂസൻ ന‍്യൂസിലൻഡ് ടീമിന് ആത്മവിശ്വാസം നൽകിയെങ്കിലും സൂര‍്യകുമാർ യാദവ് ബാറ്റിങ് വിസ്ഫോടനം തുടർന്നതോടെ ന‍്യൂസിലൻഡ് വിറച്ചു. ഒടുവിൽ സൂര‍്യകുമാർ ടീം സ്കോർ 185 ൽ പുറത്തായതോടെ ആശ്വാസമായെന്നു കരുതിയ ന‍്യൂസിലൻഡിന് തിരിച്ചടിയായി ഹാർദിക് പാണ്ഡ‍്യയുടെ മിന്നൽ പ്രകടനം. ഇഷാൻ കിഷനൊപ്പം ഹാർദികും പിന്തുണ നൽകിയതോടെ റൺനില ഉയർന്നു. 17 പന്തിൽ 42 റൺസാണ് ഹാർദിക് അടിച്ചെടുത്തത്. റിങ്കു സിങ് 8 പന്തിൽ 8 റൺസും ശിവം ദുബെ 2 പന്തിൽ 7 റൺസും നേടി പുറത്താവാതെ നിന്നു.

