സൂര്യകുമാർ യാദവിനെതിരേ പിസിബി പരാതി നൽകി; റൗഫിനും ഫർഹാനുമെതിരേ ബിസിസിഐയും

പാക് താരങ്ങൾ കുറ്റം നിഷേധിച്ചാൽ മാച്ച് റഫറിക്കു മുന്നിൽ വിചാരണ നേരിടണം. കുറ്റം സമ്മതിച്ചാൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.
പാക് താരങ്ങൾ കുറ്റം നിഷേധിച്ചാൽ മാച്ച് റഫറിക്കു മുന്നിൽ വിചാരണ നേരിടണം. കുറ്റം സമ്മതിച്ചാൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും | India vs Pakistan cricket controversy

സൂര്യകുമാർ യാദവ്

File photo

Updated on
Summary

പാക്കിസ്ഥാൻ ക്യാപ്റ്റനും താരങ്ങൾക്കും ഹസ്തദാനം നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഹതാരങ്ങളും വിസമ്മതിച്ചതിൽ തുടങ്ങിയ വിവാദം കൊഴുക്കുന്നു. ഇരു ടീമിലെയും അംഗങ്ങൾ കളിക്കളത്തിൽ പരസ്യമായി പരസ്പരം കൊരുത്തതും വാർത്തയായി. ഇതിനിടെ, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരേ പാക് ക്രിക്കറ്റ് ബോർഡും, രണ്ടു പാക് താരങ്ങൾക്കെതിരേ ഇന്ത്യൻ ബോർഡും ഐസിസിക്കു പരാതിയും നൽകി.

ദുബായ്: ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരേ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ICC) പരാതി നൽകിയതായി സൂചന. പാക്കിസ്ഥാനെതിരായ മത്സര വിജയം പഹൽഗാം ഭീകരാക്രമണമത്തിലെ ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സൈന്യത്തിനും സമർപ്പിക്കുന്നു എന്ന സൂര്യകുമാർ യാദവിന്‍റെ പ്രഖ്യാപനമാണ് പിസിബിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതു രാഷ്ട്രീയ പ്രസ്താവനയാണെന്നാരോപിച്ചാണ് പരാതി.‌

അതേസമയം, കളിക്കളത്തിൽ വച്ച് യുദ്ധത്തെ ഓർമിപ്പിക്കുന്ന ആംഗ്യങ്ങൾ പരസ്യമായി കാണിച്ച പാക്കിസ്ഥാൻ താരങ്ങൾ സാഹിബ്സാദാ ഫർഹാനും ഹാരിസ് റൗഫിനുമെതിരേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (BCCI) ഐസിസിക്കു പരാതി നൽകിയിട്ടുണ്ട്. ഇന്ത്യക്കെതിരേ അർധ സെഞ്ചുറി പൂർത്തിയാക്കിയ ശേഷം ബാറ്റ് തോക്ക് പോലെ പിടിച്ച് വെടിവയ്ക്കുന്ന ആംഗ്യമാണ് ഫർഹാൻ കാണിച്ചത്.

അതേസമയം, റൗഫ് ഒരു കാരണവുമില്ലാതെ കാണികളെ നോക്കി വിമാനം പൊങ്ങുന്നതും താഴെ വീഴുന്നതും ആംഗ്യത്തിലൂടെ കാണിക്കുകയും 6-0 എന്ന് വിരലുയർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാൻ ഇന്ത്യയുടെ ആറ് വിമാനങ്ങൾ വെടിവച്ചി‌ട്ടെന്നാണ് റൗഫ് സൂചിപ്പിക്കാൻ ശ്രമിച്ചതെന്ന് കരുതുന്നു.

വിവാദമൊഴിയാതെ ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് | India Pakistan cricket controversy

സാഹിബ്സാദാ ഫർഹാൻ, ഹാരിസ് റൗഫ്.

സൂര്യകുമാറിനെതിരായ പരാതിയുടെ കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, ഫർഹാനും റൗഫിനുമെതിരേ പരാതി നൽകിയിട്ടുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രണ്ടു താരങ്ങളും ആരോപണം നിഷേധിക്കുകയാണെങ്കിൽ മാച്ച് റഫറിക്കു മുന്നിൽ വിചാരണയ്ക്കു ഹാജരാകേണ്ടി വരും. ആരോപണം അംഗീകരിച്ചാൽ ശാസനയോ പിഴയോ വിലക്കോ പോലുള്ള ശിക്ഷകൾ നേരിട്ട് ഏറ്റുവാങ്ങാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com