
പല്ലേക്കലെ: 2022നു ശേഷം ഇതാ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം. ഏഷ്യാ കപ്പിലെ ത്രില്ലര്‍ പോരാട്ടത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. ഹൈ വോള്‍ട്ടേജ് മത്സരം ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള പല്ലെക്കലെ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. എന്നാല്‍, ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിനു മഴ ഭീഷണിയായി വന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാക്കിസ്ഥാന്റെ രണ്ടാമത്തേതും.
ഏകദിന രീതിയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 238 റണ്‍സിന് നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു. ആ ആത്മവിശ്വാസവുമായാണ് പാക്കിസ്ഥാന് ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാനായി ലങ്കയിലെത്തിയിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാനില്ലാത്തതിനാല്‍ പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം മഴമൂലം നടക്കാതെ പോകുമോ എന്ന നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ശനിയാഴ്ച കാന്‍ഡിയില്‍ പകല്‍ മഴ പെയ്യാന്‍ 94 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉച്ചയ്ക്കുശേഷം 74 ശതമാനവും വൈകുന്നേരം 67 ശതമാനവുമാണ് സാധ്യത കല്പിക്കപ്പെടുന്നത്. ഏഷ്യാ കപ്പില്‍ ഡേ-നൈറ്റാണ് എല്ലാ മത്സരങ്ങളും. മത്സരം ആരംഭിക്കുന്ന 2.30ന് 70 ശതമാനം മഴ സാധ്യതയുണ്ടെന്ന് യു.കെ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വൈകുന്നേരം 5.30ന് ഇത് 60 ശതമാനവും രാത്രി 8.30ന് 30 ശതമാനവുമാണ്. മഴ കാരണം മത്സരം നടക്കാതെ വന്നാല്‍ ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിടും. അങ്ങനെയെങ്കില്‍ സൂപ്പര്‍ ഫോര്‍ സാധ്യത സജീവമാക്കാന്‍ നേപ്പാളിനെതിരായ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മത്സരം നടന്നില്ലെങ്കില്‍ പാക്കിസ്ഥാന് ഗ്രൂപ്പില്‍ ഒന്നാമതെത്താനും അവസാന നാലില്‍ യോഗ്യത ഉറപ്പിക്കാനുമാകും.
ഇന്ത്യ- പാക് ഗ്രൂപ്പ് മത്സരത്തിന് മഴ ഭീഷണിയുണ്ട് എങ്കിലും പിന്നീടും ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും എന്നാണ് പ്രതീക്ഷ. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ ഫോറിലും ഫൈനലിലും എത്തിയാല്‍ മൂന്ന് തവണ അയല്‍ക്കാരുടെ മത്സരം ആരാധകര്‍ക്ക് കാണാം. പരമ്പരകള്‍ നടക്കാത്തതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ തമ്മില്‍ നിലവില്‍ ഏഷ്യാ കപ്പ്, ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ നേര്‍ക്കുനേര്‍ മത്സരിക്കുന്നുള്ളൂ. അതിനാലാണ് മത്സരം കാണാന്‍ ആരാധകര്‍ അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
നേര്‍ക്കുനേര്‍
ഏഷ്യാ കപ്പ് ഏകദിനത്തില്‍ ഇരുടീമും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ഏഴിലും വിജയിച്ചത് ഇന്ത്യയാണ്. അഞ്ചില്‍ പാക്കിസ്ഥാന് ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ പോയി. 2010നു ശേഷം ഇരുവരും ഏറ്റുമുട്ടിയ അഞ്ചില്‍ നാലിലും ഇന്ത്യക്കായിരുന്നു വിജയം.
ഇരുടീമും തമ്മില്‍ അവസാനം ഏറ്റുമുട്ടിയ 10 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. 2022 ടി-20 ലോകകപ്പിലായിരുന്നു അവസാനമായി മുഖാമുഖം വന്നത്. അന്ന് ഇന്ത്യ ജയിച്ചു. എന്നാല്‍, 2022 ഏഷ്യാ കപ്പ് ടി-20യില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്തി. അതേവര്‍ഷം നടന്ന ഏഷ്യാ കപ്പ് ഏകദിനത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. 2021ലെ ടി-20 ലോകകപ്പില്‍ പാക്കിസ്ഥാനായിരുന്നു വിജയം. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയ ഏഴ് പരിമിത ഓവര്‍ മത്സരങ്ങളില്‍ ഏഴില്‍ അഞ്ചിലും ജയം ഇന്ത്യക്കൊപ്പം നിന്നു.
ഏകദിനത്തില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് പാക്കിസ്ഥാനെതിരേ മികച്ച റെക്കോഡാണുള്ളത്. 16 ഇന്നിങ്സുകള്‍ കളിച്ച രോഹിത് 51.43 ശരാശരിയില്‍ 720 റണ്‍സ് നേടിയിട്ടുണ്ട്. 140 ആണ് ഉയര്‍ന്ന സ്കോര്‍. രണ്ട് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഇതിലുണ്ട്. സ്ട്രൈക്ക് റേറ്റ് 88.78. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരേ സെഞ്ചുറി നേടിയ ഏക ഇന്ത്യന്‍ നായകനും ഹിറ്റ്മാനാണ്.
ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ടീം ഇന്ത്യയാണ്. ഏഴു തവണ. 1984, 1988, 1991, 1995, 2010, 2016, 2018 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ആറ് തവണ ശ്രീലങ്ക കപ്പുയര്‍ത്തി. 1986, 1997, 2004, 2008, 2014, 2022 വര്‍ഷങ്ങളിലായിരുന്നു ഇത്. പാക്കിസ്ഥാന് രണ്ട് തവണ മാത്രമേ കിരീടം നേടാന്‍ സാധിച്ചിട്ടുള്ളൂ. 2000ലും 2012ലും. മറ്റൊരു ഏഷ്യന്‍ ടീമിനും ഏഷ്യാ കപ്പ് കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടില്ല.
സാധ്യതാ ഇലവന്
ഇന്ത്യ
ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, ഹാര്ദദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.
പാക്കിസ്ഥാന്
ഫഖര്‍ സസമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, ഇഫ്തിക്കര്‍ അഹമ്മദ്, അഗ സല്മാന്, ഷബാദ് ഖാന്, മുഹമ്മദ് നവാസ്, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.