
പല്ലെകെലെ: മറ്റു ടീമുകൾക്കെല്ലാം ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലായിരിക്കാം ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ്. പക്ഷേ, ഇന്ത്യക്കും പാക്കിസ്ഥാനും അതങ്ങനെയല്ല. പതിവുപോലെ അഭിമാന പോരാട്ടമാണ് ഇരു ടീമുകൾക്കും. പാക്കിസ്ഥാന്‍റെ ബൗളിങ് മികവും ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഏറ്റുമുട്ടുമ്പോൾ ആരു ജയിക്കും എന്നത് എന്നത്തെയും പോലെ പ്രവചനാതീതം.
ട്വന്‍റി20 ലോകകപ്പിൽ ഹാരിസ് റൗഫിനെതിരേ വിരാട് കോലി മെൽബൺ ഗ്യാലറിയിലേക്കു പറത്തിയ അസാധ്യ സിക്സർ ഇന്ത്യൻ ക്രിക്കറ്റിന്‍റെ വീരേതിഹാസങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. പക്ഷേ, ഓർമയിൽ കളിക്കുന്ന കളിയല്ല ക്രിക്കറ്റ്. അനിശ്ചിതത്വം വിട്ടുമാറാത്ത ഇന്ത്യൻ മധ്യനിരയുടെ തെരഞ്ഞെടുപ്പ് മുതൽ, ഷഹീൻ ഷാ അഫ്രീദിയുടെ ബനാനാ സ്വിങ്ങിനെ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും എങ്ങനെ നേരിടാൻ പോകുന്നു എന്നതു വരെ നീളുന്ന പല ഘടകങ്ങളാണ് മത്സരഫലം നിർണയിക്കാൻ പോകുന്നത്. എല്ലാത്തിനുമുപരി സമ്മർദ സാഹചര്യങ്ങളെ കൂടുതൽ ഏതു ടീമാണ് കൂടുതൽ നന്നായി നേരിടാൻ പോകുന്നത് എന്നതും സുപ്രധാനം.
ഇതിനിടെ, ശനിയാഴ്ച ഈ മേഖലയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന പ്രവചനം, അതിർത്തി വ്യത്യാസമില്ലാതെ ആരാധക മനസുകളിൽ ആശങ്കയുടെ കാർമേഘങ്ങളും നിറയ്ക്കുന്നുണ്ട്.
ഇന്ത്യക്കു പരിഹരിക്കാൻ പ്രശ്നങ്ങൾ ബാക്കി
മേഘാവൃതമായ ആകാശത്തിനു താഴെ അഫ്രീദിയും നസീം ഷായും റൗഫുമെല്ലാം കൂടുതൽ അപകടകാരികളായി മാറും. ഫുട്ട് വർക്കിലുപരം കൈകളുടെ ചലനത്തെ ആശ്രയിക്കുന്ന ഗില്ലിന്‍റെ ബാറ്റിങ് ടെക്നിക് ഇവർക്കെതിരേ എത്രമാത്രം ഫലപ്രദമാണെന്നു കാണാൻ ക്രിക്കറ്റ് വിദഗ്ധർ പോലും കാത്തിരിക്കുകയാണ്. പന്തിനു പിന്നിൽ വന്നു കളിക്കുന്ന കോപ്പി ബുക്ക് ശൈലിയിൽനിന്നു വ്യത്യസ്തമായി, ലൈനിലേക്കു വരാതെ കളിക്കുന്നതാണ് ഗില്ലിന്‍റെ രീതി.
കെ.എൽ. രാഹുൽ ആദ്യ രണ്ടു മത്സരങ്ങൾക്കും ഇല്ലാത്ത സാഹചര്യത്തിൽ ഇഷാൻ കിഷൻ ആയിരിക്കു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുമെന്നും പ്രതീക്ഷിക്കാം. അതേസമയം, ഓപ്പണറായി ഇരട്ട സെഞ്ചുറി വരെ നേടിയിട്ടുള്ള കിഷന്‍റെ മധ്യനിരയിലെ ബാറ്റിങ് ശരാശരി 22.75 റൺസ് മാത്രമാണ്. കൂടുതൽ യോജിച്ച ഓപ്പണിങ് റോൾ ഏൽപ്പിച്ചാൽ ഗിൽ മൂന്നാം നമ്പറിലേക്കും കോലി നാലാം നമ്പറിലേക്കും ഇറങ്ങി കളിക്കേണ്ടി വരും. ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ ടീം മാനെജ്മെന്‍റ് ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിരാൻ സാധ്യത കുറവാണ്. നാലാം നമ്പറിൽ കഴിവ് തെളിയിച്ച ബാറ്ററാണ് അയ്യർ.
രാഹുലിന്‍റെ അഭാവത്തിൽ സൂര്യകുമാർ യാദവിന് ലോവർ മിഡിൽ ഓർഡറിൽ ഒരവസരം കൂടി പ്രതീക്ഷിക്കാം. ഫിനിഷിങ് റോളിൽ കൂട്ടിന് രവീന്ദ്ര ജഡേയും ഹാർദിക് പാണ്ഡ്യയും ഉണ്ടാകും.
ബൗളിങ്ങിലേക്കു വരുമ്പോൾ, ജസ്പ്രീത് ബുംറയുടെയും പ്രസിദ്ധ് കൃഷ്ണയുടെയും തിരിച്ചുവരവ് ടീമിന് ആശ്വാസം പകരുന്നതാണ്. എന്നാൽ, ബുംറയ്ക്കൊപ്പം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും അണിനിരക്കുമ്പോൾ പ്രസിദ്ധിന് ആദ്യ മത്സരത്തിൽ അവസരം കിട്ടാനിടയില്ല. നാലാം പേസറായി ഹാർദിക്കും ടീമിലുണ്ട്. സ്പിന്നർമാരിൽ ജഡേജയ്ക്കു മാത്രമാണ് സ്ഥാനം ഉറപ്പുള്ളത്. ബാറ്റിങ് മികവ് കൂടി കണക്കിലെടുക്കുമ്പോൾ കുൽദീപ് യാദവിനു മുകളിൽ അക്ഷർ പട്ടേലിനെ പരിഗണിക്കാനാണ് സാധ്യത. എന്നാൽ, ഈ വർഷം ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ കുൽദീപാണ്, 11 മത്സരങ്ങളിൽ 22 വിക്കറ്റ്. അക്ഷറിന് ആറു മത്സരങ്ങളിൽ മൂന്നു വിക്കറ്റും.
ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും
പാക്കിസ്ഥാന്‍റെ കാര്യമെടുത്താൽ, നിലവിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2019 ലോകകപ്പിനു ശേഷം 29 മത്സരങ്ങൾ മാത്രമാണ് അവർ കളിച്ചിട്ടുള്ളത്. ഈ സമയത്ത് ഇന്ത്യ 57 ഏകദിന മത്സരങ്ങൾ കളിച്ചു. ഇന്ത്യയെ പോലെ തന്നെ ടോപ് ഹെവി ബാറ്റിങ് ലൈനപ്പാണ് പാക്കിസ്ഥാന്‍റേരും. ബാബർ അസം (689), ഫഖർ സമൻ (593), ഇമാം ഉൽ ഹക്ക് (361) എന്നിവരാണ് ഈ വർഷം അവർക്കായി ഏറ്റവും കൂടുതൽ റൺ സ്കോർ ചെയ്തിരിക്കുന്നത്. നാലാം നമ്പർ മുതൽ ആറാം നമ്പർ വരെയുള്ള ബാറ്റിങ് പൊസിഷനുകൾ ഇപ്പോഴും സ്ഥിരമല്ല. മധ്യനിരയിൽ വിശ്വസ്തനെന്നു പറയാനുള്ളത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ മാത്രം. ഏഴും എട്ടും നമ്പറിൽ കളിക്കുന്ന ഇഫ്ത്തിക്കർ അഹമ്മദ്, ഷാദാബ് ഖാൻ എന്നിവർ മികച്ച ഫോമിലാണ്.
അഫ്രീദി - നസീം - റൗഫ് ബൗളിങ് ത്രയം ഈ വർഷം 49 വിക്കറ്റ് നേടിക്കഴിഞ്ഞു. ഇതിൽ 10 മത്സരങ്ങളിൽ 17 വിക്കറ്റെടുത്ത റൗഫാണ് മുന്നിൽ. പ്രധാന സ്പിന്നർ ഷാദാബ് ഖാൻ തന്നെയായിരിക്കും. 8 മത്സരങ്ങളിൽ 11 വിക്കറ്റാണ് ലെഗ് സ്പിന്നർ ഈ വർഷം നേടിയത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശാർദൂൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷ്ണ, സഞ്ജു സാംസൺ (റിസർവ്).
പാക്കിസ്ഥാൻ: ബാബർ അസം (ക്യാപ്റ്റൻ), അബ്ദുള്ള ഷഫീക്ക്, ഫഖർ സമൻ, ഇമാം ഉൽ ഹക്ക്, ആഗാ സൽമാൻ, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാദാബ് ഖാൻ, മുഹമ്മദ് നവാസ്, ഒസാമ മിർ, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസിം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, സൗദ് ഷക്കീൽ, തയ്യബ് താഹിർ (റിസർവ്).