
ദുബായ്: ഐസിസി ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനു കീഴടക്കിയ ഇന്ത്യ സെമി ഫൈനലിൽ ഇടമുറപ്പിച്ചു. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. ഇന്ത്യ 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. വിരാട് കോലി 100 റൺസെടുത്ത് പുറത്താകാതെ നിന്നു. ടൂർണമെന്‍റിൽ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങിയ ആതിഥേയരായ പാക്കിസ്ഥാൻ പുറത്താകലിന്‍റെ വക്കിലാണ്.
242 റൺസ് വിജയലക്ഷ്യം മുന്നിൽക്കണ്ടിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. ദുബായിലെ വേഗം കുറഞ്ഞ വിക്കറ്റിൽ പാക് പേസ് ബൗളർമാർ മികച്ച ലൈനും ലെങ്തും കണ്ടെത്തി. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ആക്രമണോത്സുകമായി തന്നെ കളിച്ചെങ്കിലും, 15 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ഷഹീൻ ഷാ അഫ്രീദിയുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ഇന്ത്യൻ സ്കോർ ആ സമയത്ത് അഞ്ചോവറിൽ 31 റൺസ് മാത്രം.
52 പന്തിൽ ഏഴ് ഫോർ ഉൾപ്പെടെ 46 റൺസെടുത്ത ശുഭ്മൻ ഗില്ലിനെ അബ്രാർ അഹമ്മദ് ക്ലീൻ ബൗൾ ചെയ്യുമ്പോൾ ഇന്ത്യൻ സ്കോർ 100 എത്തിയിരുന്നു. പിന്നീട് കോലിക്കൊപ്പം ടീമിന്‍റെ ജയം ഉറപ്പാക്കിയ ശേഷമാണ് ശ്രേയസിന്‍റെ (67 പന്തിൽ 56) വിക്കറ്റ് വീഴുന്നത്. പിന്നാലെ ഹാർദിക് പാണ്ഡ്യയെയും (6) നഷ്ടമായി. എന്നാൽ, കൂടുതൽ നഷ്ടമില്ലാതെ കോലിയും അക്ഷർ പട്ടേലും (3) ചേർന്ന് ജയം ഉറപ്പിക്കുകയായിരുന്നു.
111 പന്തിൽ ഏഴ് ബൗണ്ടറി ഉൾപ്പെട്ടതാണ് കോലിയുടെ 51ാം ഏകദിന സെഞ്ചുറി. ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺ മാത്രം മതിയെന്ന സ്ഥിതിയിൽ കോലിയുടെ സ്കോർ 96 റൺസായിരുന്നു. അവിടെവച്ച് ഖുഷ്ദിൽ ഷായ്ക്കെതിരേ സ്റ്റെപ്പൗട്ട് ചെയ്ത് എക്സ്ട്രാ കവർ ബൗണ്ടറിയിലൂടെ നേടിയ ഫോറിലൂടെ കോലി തന്‍റെ സെഞ്ചുറിയും ടീമിന്‍റെ വിജയവും പൂർത്തിയാക്കുകയായിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഓപ്പണിങ് ബാറ്റർമാരായ ഇമാമുൽ ഹഖിന്‍റെയും ബാബർ അസമിന്‍റെയുംവിക്കറ്റുകൾ നഷ്ടമായ ശേഷം മധ്യനിര നടത്തിയ തിരിച്ചുവരവാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
അക്ഷർ പട്ടേലിന്‍റെ ഡയറക്റ്റ് ത്രോയിൽ ഇമാമുൽ ഹഖ് (10) റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ അസമിനെ (23) ഹാർദിക് പാണ്ഡ്യ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചു. 8.2 ഓവറിൽ 47 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച സൗദ് ഷക്കീലും ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും ചേർന്ന് സ്റ്റെഡിയാക്കി.
എന്നാൽ, റൺ നിരക്ക് നിയന്ത്രിക്കാനും, സെറ്റായ ശേഷം ഇരുവരെയും പുറത്താക്കാൻ ഇന്ത്യക്കു സാധിച്ചു. റിസ്വാനെ (77 പന്തിൽ 46) അക്ഷർ പട്ടേൽ ക്ലീൻ ബൗൾ ചെയ്തപ്പോൾ, സൗദ് ഷക്കീലിനെ (76 പന്തിൽ 62) ഹാർദിക് പാണ്ഡ്യ തന്നെ അക്ഷറിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ തയ്യിബ് താഹിറിനെ (4) രവീന്ദ്ര ജഡേജ ക്ലീൻ ബൗൾ ചെയ്തതോടെ പാക്കിസ്ഥാൻ 36.1 ഓവറിൽ 165/5 എന്ന നിലയിലായി.
തുടർന്ന് ആഗാ സൽമാനും ഖുഷ്ദിൽ ഷായും ഒരുമിച്ച കൂട്ടുകെട്ട് സ്കോർ 200 വരെയെത്തിച്ചു. ഇവർ അപകടകാരികളായി മുന്നേറുന്ന സമയത്താണ് 43ാം ഓവറിൽ കുൽദീപ് യാദവിന്‍റെ ഇരട്ട പ്രഹരം. സൽമാനെ (19) ജഡേജയുടെ കൈയിലെത്തിച്ച കുൽദീപ്, തൊട്ടടുത്ത പന്തിൽ ഷഹീൻ ഷാ അഫ്രീദിയെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി.
നാൽപ്പത്തേഴാം ഓവറിൽ നസീം ഷായെയും (14) കുൽദീപ് തന്നെ പുറത്താക്കിയതോടെ പാക്കിസ്ഥാന്‍റെ എട്ടാം വിക്കറ്റും വീണു. 49ാം ഓവറിലെ അവസാന പന്തിൽ ഹാരിസ് റൗഫ് (8) റണ്ണൗട്ടായി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും ഡോട്ട് ബോളാക്കിയ ഹർഷിത് റാണ നാലാം പന്തിൽ ഖുഷ്ദിൽ ഷായെ (38) വിരാട് കോലിയുടെ കൈയിലെത്തിച്ചതോടെ പാക്കിസ്ഥാൻ ഓൾഔട്ടായി.