

പനാമക്കെതിരേ ഗോൾ നേടിയ റയാൻ വില്യംസിനെ അഭിന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ.
ബെംഗളൂരു: കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ പന്ത് തട്ടിയ ടീമിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ഫുട്ബോൾ കരുത്ത് തെളിയിച്ചു. മത്സരത്തിൽ നേടിയ ലീഡ് നിലനിർത്താനാകാതെ പോയെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് അഭിമാനിക്കാൻ ഏറെ. ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്തുള്ള പനാമയെ 1-1ന് സമനിലയിൽ തളച്ചിട്ടാണ് വെള്ളിയാഴ്ച ഇന്ത്യ കളം വിട്ടത്. വെറും രണ്ടു മാസം മുൻപ് ഫിഫ ലോകകപ്പിൽ കളിച്ച, ആ ടീമിലെ പല താരങ്ങളും അണിനിരന്ന പനാമയ്ക്കെതിരായ ഈ സമനില, ഖാലിദ് ജമീലിന്‍റെ പരിശീലനത്തിൻ കീഴിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടും.
41-ാം മിനിറ്റിൽ റയാൻ വില്യംസ് ഇന്ത്യയ്ക്കായി ഗോൾ നേടി. പക്ഷേ, 68-ാം മിനിറ്റിൽ ലോകകപ്പ് താരം ഒമർ വലൻസിയയുടെ ഗോളിലൂടെ പനാമ സമനില പിടിച്ചു. ഫുട്ബോളിനോട് ഭ്രാന്തമായ ആരാധനയുണ്ടെങ്കിലും ഫിഫ റാങ്കിങ്ങിൽ 138-ാം സ്ഥാനത്തു മാത്രമുള്ള ഒരു രാജ്യത്തിനെതിരേ തോൽക്കുന്ന നാണക്കേടിൽനിന്ന് പനാമ അങ്ങനെ രക്ഷപെട്ടു.
ഒക്റ്റോബർ 3-ന് കൊൽക്കത്തയിൽ ബ്രസീലിനെയും, തുടർന്ന് ഒക്റ്റോബർ 6-ന് ഉറുഗ്വെയെയും നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിന്, ഈ സമനില വലിയ ആത്മവിശ്വാസം പകരും. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത എതിരാളികളെയാണ് ഇനി നേരിടാനുള്ളത്.
ശക്തരായ ഒരു ടീമിനെതിരേ കളിക്കുമ്പോൾ പതിവായി കണ്ടുവന്ന പിന്നോട്ടുപോയി പ്രതിരോധിക്കുന്ന ബസ് പാർക്കിങ് ഡിഫൻസ് ശൈലിയിൽനിന്ന് വ്യത്യസ്തമായി, ജമീലിന്‍റെ കീഴിൽ ഇന്ത്യ ആക്രമണോത്സുകമായി കളിച്ചു. സ്റ്റോപ്പർ അൻവർ അലി ഉൾപ്പെടെ ഇന്ത്യൻ പ്രതിരോധ നിരയുടെ പ്രകടനം എടുത്തുപറയേണ്ടതായിരുന്നു.
മത്സരത്തിലുടനീളം ഇടത് വിങ്ങിലൂടെയുള്ള ഇന്ത്യയുടെ നീക്കങ്ങൾ പനാമ പ്രതിരോധത്തെ വലച്ചു. അത്തരമൊരു നീക്കത്തിലാണ്, ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള മുൻ ഓസ്ട്രേലിയൻ താരം വില്യംസ് ഗോൾ വീഴ്ത്തിയത്. ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയുടെ ത്രോ-ഇന്നിൽനിന്ന് തുടങ്ങിയ നീക്കം, സഹപ്രതിരോധക്കാരൻ ബിജോയ് വർഗീസുമായുള്ള ദ്രുതഗതിയിലുള്ള വൺ-ടു പാസിലൂടെ വളർന്ന്, ഒരു നീണ്ട പാസിലേക്ക് എത്തി. പനാമ പ്രതിരോധത്തെ ഒറ്റയ്ക്ക് കീറിമുറിച്ച് ഓടിക്കയറിയ വില്യംസ്, മാർക്കോസ് റയേസിനെ മറികടന്ന്, അസാധ്യമെന്നു തോന്നിച്ച ആംഗിളിൽനിന്ന് ഇടംകാൽ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ പനാമ കോച്ച് തോമസ് ക്രിസ്റ്റ്യാൻസൻ രണ്ടാം പകുതിയിൽ ചില മാറ്റങ്ങൾ വരുത്തി. അതു ഫലം കണ്ടു. മേജർ ലീഗ് സോക്കർ താരം ഒമർ വലൻസിയയുടെ മനോഹരമായ ഇടംകാൽ ഷോട്ടിലൂടെ 68-ാം മിനിറ്റിൽ പനാമ സമനില പിടിച്ചു. ലാലെങ്മാവിയ അടുത്തെത്താൻ ശ്രമിച്ചെങ്കിലും, ഒരു നിമിഷത്തിന്‍റെ വ്യത്യാസമാണ് അതിനെ പരാജയപ്പെടുത്തിയത്. ശക്തിയേറിയ ആ ഷോട്ടിനു മുന്നിൽ, മുതിർന്ന ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു കാഴ്ചക്കാരനായി മാറി.
എന്നാൽ, അപ്പോഴും പ്രതിരോധത്തിലേക്ക് ചുരുങ്ങുന്ന പഴയ ശീലത്തിലേക്ക് ജമീൽ തന്‍റെ ടീമിനെ പോകാൻ അനുവദിച്ചില്ല. ഇടത് വിങ്ങിൽ ആഷിക് കുരുണിയൻ നിറഞ്ഞാടി, വില്യംസിനൊപ്പം ചേർന്ന് സമ്മർദം തുടർന്നു. 79-ാം മിനിറ്റിൽ ആഷിക് ഇടത്തുനിന്ന് നൽകിയ ക്രോസ് എഡ്മണ്ട് പാഴാക്കിയത് ഇന്ത്യക്ക് നഷ്ടമായ ഏറ്റവും വലിയ അവസരമായിരുന്നു. രണ്ടു മിനിറ്റിനു ശേഷം വലതുഭാഗത്തുനിന്ന് കടന്നുകയറിയ എഡ്മണ്ട്, മൻവീർ സിങ്ങിന് ഒരു ഈസി ചാൻസ് ഒരുക്കിക്കൊടുത്തു. പക്ഷേ, ലളിതമായി പന്ത് ഗോളിലേക്ക് ഉരുട്ടേണ്ടിടത്ത് ബാക്ക്ഹീലിലൂടെ ഗോൾ നേടാൻ ശ്രമിച്ച മൻവീറിന് പിഴച്ചു.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ വിജയഗോളിനായി പനാമ ശ്രമിച്ചപ്പോൾ ഇന്ത്യൻ പ്രതിരോധം വീണ്ടും പരീക്ഷിക്കപ്പെട്ടു. അൻവർ അപകടം ഒഴിവാക്കിയപ്പോൾ, ലോകകപ്പ് താരം കാർലോസ് ഹാർവിയുടെ ഷോട്ട് ഗുർപ്രീത് സന്ധു തടുത്തു.