

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത‍്യക്ക് ബാറ്റിങ്; സഞ്ജു പ്ലെയിങ് ഇലവനിൽ ഇല്ല
കട്ടക്ക്: ഇന്ത‍്യക്കെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫിൽഡിങ് തെരഞ്ഞെടുത്തു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. സഞ്ജുവിനു പകരം ജിതേഷ് ശർമയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരുക്ക് ഭേദമായി ഇന്ത‍്യൻ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഹാർദിക് പാണ്ഡ‍്യയും തിരിച്ചു വരുന്ന മത്സരം കൂടിയാണിത്. വെടിക്കെട്ട് ബാറ്റർ അഭിഷേകിനൊപ്പം ഗില്ലായിരിക്കും ഓപ്പണിങ്ങിറങ്ങുക. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുൽദീപ് യാദവിനും വാഷിങ്ടൺ സുന്ദറിനും പകരം വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും കളിക്കും. അതേസമയം, എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ ദീർഘകാലത്തെ ഇടവേളകൾക്കു ശേഷം പേസർ ആന്‍റിച്ച് നോർക‍്യ ടീമിൽ തിരിച്ചെത്തി. 150 കിലോ മീറ്റർ വേഗതയിൽ നിരന്തരം പന്തെറിയാൻ കഴിവുള്ള താരത്തിന് ഇന്ത‍്യൻ ബാറ്റിങ് നിരയ്ക്കെതിരേ വിള്ളലുണ്ടാക്കാൻ സാധിക്കുമോയെന്ന് കണ്ടറിയണം.
ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവൻ: ക്വിന്‍റൺ ഡി കോക്ക്, ഏയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ
ഇന്ത‍്യ പ്ലെയിങ് ഇലവൻ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്