

ദക്ഷിണാഫ്രിക്കൻ ഓപ്പണർ എയ്ഡൻ മാർക്രമിനെ പുറത്താക്കിയ ജസ്പ്രീത് ബുംറയുടെ ആഹ്ളാദ പ്രകടനം.
കോൽക്കത്ത: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 23 റൺസെടുത്ത റിയാൻ റിക്കിൾട്ടണെ ക്ലീൻ ബൗൾ ചെയ്ത ജസ്പ്രീത് ബുംറയാണ് 57 റൺസ് നീണ്ട ഓപ്പണിങ് സഖ്യം പൊളിച്ചത്. തന്‍റെ തൊട്ടടുത്ത ഓവറിൽ എയ്ഡൻ മാർക്രമിനെ (31) ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലുമെത്തിച്ചു.
ക്യാപ്റ്റൻ ടെംബ ബവുമയുടെ (3) വിക്കറ്റാണ് മൂന്നാമതായി വീണത്. കുൽദീപ് യാദവിന്‍റെ പന്തിൽ ധ്രുവ് ജുറലിനു ക്യാച്ച്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയും മത്സരത്തിനു മുൻപ്.
അസാധാരണമായ പ്ലെയിങ് ഇലവനെയാണ് മത്സരത്തിൽ ഇന്ത്യ രംഗത്തിറക്കുന്നത്. നാല് സ്പിന്നർമാർ ഉൾപ്പെട്ട ടീമിൽ വൺ ഡൗൺ ബാറ്ററായി ലിസ്റ്റ് ചെയ്തിരിക്കുന്നത് വാഷിങ്ടൺ സുന്ദറെയാണ്.
ഇതിനൊപ്പം, രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരും ഇന്ത്യൻ ടീമിലുണ്ട്- വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനൊപ്പം യുവതാരം ധ്രുവ് ജുറലും പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചു. സുന്ദറിനു പകരം ഇൻ ഫോം ബാറ്റർ ജുറലിനെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
സായ് സുദർശനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേവദത്ത് പടിക്കൽ, ആകാശ് ദീപ് എന്നിവർക്കും ഇടം കിട്ടിയില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് എത്തുമ്പോൾ, ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസ് ബൗളർമാർ. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിലുണ്ട്.
ടീമുകൾ ഇങ്ങനെ:
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വാഷിങ്ടൺ സുന്ദർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റ്യാൻ റിക്കിൾടൺ, വിയാൻ മുൾഡർ, ടെംബ ബവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈയ്ല് വെരേയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, കോർബിൻ ബോഷ്, സൈമൺ ഹാർമർ, കേശവ് മഹാരാജ്.