കളം കാവലിന് ഇന്ത്യ

ട്വന്‍റി20 ക്രിക്കറ്റിലെ അപ്രമാദിത്വം അടിവരയിടാൻ ഇന്ത്യ ഡിസംബർ 11ന് മുല്ലൻപുരിലെ അങ്കത്തട്ടിലിറങ്ങും
india vs south africa 2nd t20 match preview

കളം കാവലിന് ഇന്ത്യ

Updated on

മുല്ലൻപുർ (ന്യൂ ചണ്ഡിഗഡ്): ട്വന്‍റി20 ക്രിക്കറ്റിലെ അപ്രമാദിത്വം അടിവരയിടാൻ ഇന്ത്യ ഡിസംബർ 11ന് മുല്ലൻപുരിലെ അങ്കത്തട്ടിലിറങ്ങും. ആദ്യ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയ ദക്ഷിണാഫ്രിക്ക അതേ നാണയത്തിലെ തിരിച്ചടി ലക്ഷ്യമിടുമ്പോൾ പോരാട്ടം തീപാറും. രാത്രി 7നാണ് മത്സരം.

ഒന്നാം ട്വന്‍റി20യിൽ വലിയ വിജയം നേടിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കുമേൽ വ്യക്തമായ മാനസികാധിപത്യമുണ്ട്. പക്ഷേ, ഇന്ത്യൻ ബാറ്റിങ് ലൈനപ്പിന്‍റെ അവസ്ഥ അത്ര നല്ല നിലയിൽ അല്ല. ഒന്നാം ടി20യിൽ മുൻനിര തകർന്നപ്പോൾ, ചെറിയ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ കരകയറ്റിയത്.

ഓപ്പണറും വൈസ് ക്യാപ്റ്റനുമായ‌ ശുഭ്മൻ ഗില്ലിന്‍റെ ടി20 ബാറ്റിങ് സ്കില്ലുകൾ ഇപ്പോഴും വിശ്വാസ്യയോഗ്യമല്ല. കട്ടക്കിൽ വെറും നാലു റൺസ് മാത്രമേ ഗിൽ നേടിയിരുന്നുള്ളൂ. അഭിഷേക് ശർമയെപ്പോലെ പവർ പ്ലേയിൽ റൺസ് ഉയർത്താൻ ഗില്ലിന് സാധിക്കുന്നില്ല. സഞ്ജു സാംസനെ പോലെ ഓപ്പണറായി കാര്യക്ഷമത തെളിയിച്ച ഒരാളെ ബാറ്റിങ് ഓർഡറിൽ തരംതാഴ്ത്തുകയും ടീമിലെ സ്ഥാനം തന്നെ നഷ്ടമാക്കുകയും ചെയ്ത ഗില്ലിന്‍റെ രംഗപ്രവേശം പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. സഞ്ജു‌വിന് പകരം ഗിൽ എന്നതിനെ പൂർണമായി ന്യായീകരിക്കാൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു ഇതുവരെ സാധിച്ചിട്ടില്ല.

അതിനാൽത്തന്നെ അടുത്ത വർഷത്തെ ട്വന്‍റി20 ലോകകപ്പിലെ ഓപ്പണർ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഗില്ലിന്‍റെ ബാറ്റിൽ നിന്ന് റൺസ് ഒഴുകണമെന്നതിൽ തർക്കമില്ല. നായകൻ സൂര്യകുമാർ യാദവിന്‍റെ ബാറ്റിങ് കണക്കുകളും ദയനീയമാണ്. ഒരു വർഷമായി സൂര്യ ഫോമില്ലാതെ വലയുകയാണ്. അതിനാൽത്തന്നെ "സ്കൈ'യുടെ പ്രകടനവും സെലക്റ്റർമാർ സുക്ഷ്മ ന‌ിരീക്ഷണത്തിന് വിധേയമാക്കും. കട്ടക്കിൽ വിജയിച്ച ടീമിൽ ഇന്ത്യ മാറ്റംവരുത്താൻ സാധ്യതയില്ല.

സഞ്ജു സാംസൺ വീണ്ടും പുറത്തിരിക്കേണ്ടിവരുമെന്ന് സാരം. എട്ടാം നമ്പർവരെ ബാറ്റർമാർ വേണമെന്ന ടീം മാനെജ്മെന്‍റിന്‍റെ നയം പേസർ അർഷദീപ് സിങ്ങിനും സ്റ്റാർ സ്പിന്നർ കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാനുള്ള അവസരം ഒരിക്കൽക്കൂടി നഷ്ടപ്പെടുത്തും. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ബ്രേക്ക്ത്രൂ സമ്മാനിക്കാൻ കഴിവുള്ള അർഷദീപിന് വ‍്യാഴാഴ്ചത്തെ മത്സരത്തിലും നറുക്കുവീഴും.

കട്ടക്കിലേതിൽ നിന്ന് പ്രകടനനിലവാരം ഏറെ ഉയർത്തിയാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചുവരവ് സാധ്യമാകുകയുള്ളൂ. മുല്ലൻപുർ ആദ്യമായാണ് അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിന് ആതിഥ്യം ഒരുക്കുന്നത്. ഐപിഎല്ലിൽ ഇവിടെ നടന്ന മത്സരങ്ങളിൽ ബാറ്റിങ് ദുഷ്കരമായിരുന്നു.

ടീം ഇന്ത്യ: സുര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, അക്ഷർ പട്ടേൽ, വരുണ്‍ ചക്രവർത്തി, അർഷദീപ് സിങ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, സഞ്ജു സാംസൺ.

ദക്ഷിണാഫ്രിക്ക: എയ്ദൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊണാവൻ ഫെറെയ്‌റ, മാർക്കോ യാൻസൻ, കേശവ് മഹരാജ്, ലുതോ സിപാംല, ആൻറിച്ച് നോർട്ടിയ, ലുൻഗി എൻഗിഡി, ജോർജ് ലിൻഡെ, ക്വേന മാഫാക്ക, റീസാ ഹെൻഡ്രിക്സ്, കോർബിൻ ബോഷ്, ടോണി ഡി സോർസി, ഓട്ട്നെൽ ബാർട്ട്മാൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com