

ജിതേഷ് ശർമ
മുല്ലൻപുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത‍്യക്ക് 51 റൺസ് തോൽവി. ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഉയർത്തിയ 214 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യക്ക് മറികടക്കാനായില്ല. 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് അടിച്ചെടുക്കാനെ ഇന്ത‍്യക്ക് സാധിച്ചുള്ളൂ. ഇതോടെ 5 ടി20 മത്സരങ്ങളടങ്ങിയ പരമ്പര 1-1എന്ന നിലയിലായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒട്ട്നെയ്‌ൽ ബാർട്മാൻ നാലും മാർക്കോ യാൻസൻ, ലുങ്കി എൻഗിഡി, എൽ. സിപാംല എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
30 പന്തിൽ 4 സിക്സും 2 ബൗണ്ടറിയും അടക്കം 62 റൺസ് അടിച്ചെടുത്ത തിലക് വർമയാണ് ഇന്ത‍്യൻ ടീമിന്‍റെ ടോപ് സ്കോറർ. തിലകിനു പുറമെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ (17), അക്ഷർ പട്ടേൽ (21), ഹാർദിക് പാണ്ഡ‍്യ (20) ജിതേഷ് ശർമ (21) എന്നിവർ രണ്ടക്കം കടന്നെങ്കിലും വിജയത്തിലേക്ക് നയിക്കാൻ ഇവരുടെ പ്രകടനം കൊണ്ട് സാധിച്ചില്ല.
ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ സംപൂജ‍്യനായി മടങ്ങിയപ്പോൾ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് പതിവ് തെറ്റിക്കാതെ ഇത്തവണയും നിരാശപ്പെടുത്തി (5). വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചതെങ്കിലും പവർ പ്ലേയിൽ ടീമിന് 51 റൺസ് അടിച്ചെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ മൂന്നു വിക്കറ്റ് പവർ പ്ലേ അവസാനിക്കുമ്പോൾ ടീമിന് നഷ്ടമായിരുന്നു. പതിവിന് വിപരീതമായി മൂന്നാമനായി ക്രീസിലെത്തിയ അക്ഷർ പട്ടേലിന് കാര‍്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല.
21 പന്തുകൾ നേരിട്ട് 21 റൺസ് മാത്രമാണ് താരം നേടിയത്. ബാറ്റിങ് ഓർഡറിൽ പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലിച്ചില്ലെന്നതിന്‍റെ തെളിവാണിത്. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹാർദിക്കും തിലകും ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നു. എന്നാൽ ഹാർദികിനെ പുറത്താക്കികൊണ്ട് സിപാംല കൂട്ടുകെട്ട് പൊളിച്ചത് ഇന്ത‍്യൻ ടീമിന് തിരിച്ചടിയായി. പിന്നാലെയെത്തിയ ജിതേഷ് ശർമ മിന്നൽ പ്രകടനം പുറത്തെടുത്തുവെങ്കിലും തിലക് വർമയ്ക്കൊപ്പം മറുവശത്ത് ദീർഘ നേരം പിടിച്ചു നിൽക്കാൻ താരത്തിനും കഴിഞ്ഞില്ല.
17 പന്തിൽ 2 സിക്സും 2 ബൗണ്ടറിയും ഉൾപ്പടെ 27 റൺസാണ് ജിതേഷ് അടിച്ചു കൂട്ടിയത്. മത്സരത്തിന്‍റെ 18.1 ഓവറിൽ ബാർട്ട്മാൻ എറിഞ്ഞ പന്തിൽ ബാറ്റു വയ്ക്കാനാകാതെ ശിവം ദുബെ ക്ലീൻ ബൗൾഡായി. അതേ ഓവറിൽ തന്നെ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും പുറത്തായതോടെ ടീമിന് 9 വിക്കറ്റ് നഷ്ടമായി. അവസാന ഓവറിലെ ആദ‍്യ പന്തിൽ തിലക് വർമയും പുറത്തായതോടെ ഇന്ത‍്യ 162 റൺസിന് കൂടാരം കയറി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണിങ് ബാറ്റർ ക്വന്‍റൻ ഡി കോക്കിന്‍റെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിലാണ് 213 റൺസ് അടിച്ചെടുത്തത്. 46 പന്തിൽ 7 സിക്സും 5 ബൗണ്ടറിയും ഉൾപ്പടെ 90 റൺസാണ് താരം നേടിയത്. ഇന്ത‍്യക്കു വേണ്ടി വരുൺ ചക്രവർത്തി രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഡിക്കോകിനു പുറമെ ഡി. ഫെരൈയ്‌റ (16 പന്തിൽ 30 നോട്ടൗട്ട്), ഡേവിഡ് മില്ലർ (12 പന്തിൽ 20 നോട്ടൗട്ട്) വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ‍്യ 4 ഓവറിൽ തന്നെ ടീം 38 റൺസ് അടിച്ചെടുത്തിരുന്നു. പിന്നീട് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ഇന്ത‍്യക്കു വേണ്ടി ആദ‍്യ വിക്കറ്റ് പിഴുതു. എന്നാൽ രണ്ടാം വിക്കറ്റിൽ മാർക്രം- ഡി കോക്ക് സഖ‍്യം പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നുവെങ്കിലും വീണ്ടും വരുൺ ചക്രവർത്തി വിക്കറ്റ് വീഴ്ത്തിയത് ടീമിന് തിരിച്ചടിയായി.
ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെന്ന നിലയിലായി ദക്ഷിണാഫ്രിക്ക. വിക്കറ്റ് നഷ്ടമായെങ്കിലും ഡി കോക്ക് ഒരു വശത്ത് നിന്ന് ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്തു. ഒടുവിൽ വരുൺ ചക്രവർത്തി എറിഞ്ഞ പന്തിൽ ജിതേഷ് ശർമയുടെ നിർണായക സ്റ്റംപിങ്ങിലൂടെയാണ് ഡി കോക്ക് പുറത്തായത്.
ഇതോടെ 10 റൺസിന് അരികെ താരത്തിന് സെഞ്ചുറി നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഫെരൈയ്റ- മില്ലർ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടാണ് ടീമിനെ കൂറ്റൻ വിജയലക്ഷ‍്യത്തിലെത്തിച്ചത്. ക‍്യാപ്റ്റൻ എയ്ഡൻ മാർക്രം രണ്ടു സിക്സ് ഉൾപ്പടെ അടിച്ച് 29 റൺസും ഡെവാൾഡ് ബ്രെവിസ് 14 റൺസും നേടിയപ്പോൾ റീസ ഹെൻറിക്സ് (8) നിരാശപ്പെടുത്തി.