

ടീം ദക്ഷിണാഫ്രിക്ക
ഗോഹട്ടി: രണ്ടായിരത്തിനു ശേഷം ആദ‍്യമായി ഇന്ത‍്യയിൽ പരമ്പര വിജയിച്ച് ദക്ഷിണാഫ്രിക്ക. 408 റൺസിനായിരുന്നു ടീമിന്‍റെ ജയം. ഇതോടെ രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. നേരത്തെ ന‍്യൂസിലൻഡ് 36 വർഷങ്ങൾക്കു ശേഷം ഇന്ത‍്യൻ മണ്ണിൽ പരമ്പര നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. ക‍്യാപ്റ്റൻ ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇന്ത‍്യൻ ടീമിനെതിരേ നേടിയ ഈ വിജയം ക്രിക്കറ്റിന്‍റെ ചരിത്രതാളുകളിൽ എന്നും ഓർമിക്കപ്പെടും.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ ഉയർത്തിയ കൂറ്റൻ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യയുടെ ഇന്നിങ്സ് 140 റൺസിൽ അവസാനിച്ചു. അർധസെഞ്ചുറി നേടിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത‍്യൻ നിരയിൽ അൽപ്പമെങ്കിലും പൊരുതി നിന്നത്. 87 പന്തിൽ 4 ബൗണ്ടറിയും 2 സിക്സും അടക്കം 54 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സൈമൺ ഹാർമർ ആറും കേശവ് മഹാരാജ് രണ്ടും സെനുരൻ മുത്തുസാമി, മാർക്കോ യാൻസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
6 വിക്കറ്റെടുത്ത സൈമൺ ഹാർമറിന്‍റെ ആഹ്ലാദ പ്രകടനം
രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് കുൽദീപ് യാദവിന്‍റെ (5) വിക്കറ്റാണ് ആദ്യം നഷ്ടമായത്. സൈമൺ ഹാർമറിനായിരുന്നു വിക്കറ്റ്. ഇതിനു തൊട്ടു പിന്നാലെ ധ്രുവ് ജുറെലും (2) ക‍്യാപ്റ്റൻ ഋഷഭ് പന്തും (13) മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് രണ്ടാം സെഷനിൽ ആദ‍്യ ഓവറിൽ തന്നെ സായ് സുദർശനും മടങ്ങിയതോടെ ഇന്ത‍്യയുടെ പ്രതീക്ഷകൾ മങ്ങി. 139 പന്തുകൾ നേരിട്ട സായ് അൽപ്പം പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് വന്ന ബാറ്റർമാർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഇന്ത‍്യ ദയനീയ തോൽവി ഏറ്റുവാങ്ങി. ഒന്നാമിന്നിങ്സിൽ മോശം പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ റെഡ്ഡി (0) രണ്ടാം ഇന്നിങ്സിലും സമാന ഫോം തുടർന്നു. വാഷിങ്ടൺ സുന്ദറും (16) മുഹമ്മദ് സിറാജും (0) നിരാശപ്പെടുത്തി. ഓപ്പണിങ് ബാറ്റർമാരായ കെ.എൽ. രാഹുൽ (6) യശസ്വി ജയ്‌സ്വാൾ (13) എന്നിവരുടെ വിക്കറ്റുകൾ കഴിഞ്ഞ ദിവസം തന്നെ ഇന്ത‍്യക്കു നഷ്ടമായിരുന്നു. രാഹുലിനെ സൈമൺ ഹാർമറും ജയ്സ്വാളിനെ മാർക്കോ യാൻസനുമാണ് പുറത്താക്കിയത്.
നേരത്തെ ഒന്നാമിന്നിങ്സിൽ ഇന്ത‍്യ 201 റൺസിന് ഓൾ ഔട്ടായിരുന്നു. 288 റൺസ് ലീഡ് ലഭിച്ചിട്ടും ഇന്ത‍്യയെ ഫോളോ ഓൺന് വിടാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്ക. 200 റൺസിലധികം ലീഡ് വഴങ്ങുന്ന ടീമിനോട് ഫോളോ ഓൺ ആവശ്യപ്പെടാം എന്നാണ് നിയമം. എന്നാൽ, എതിർ ടീമിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അങ്ങനെ, ദക്ഷിണാഫ്രിക്കയുടെ ദയാദാക്ഷിണ്യത്തിൽ ഫോളോ ഓൺ ഒഴിവാക്കുകയായിരുന്നു ഇന്ത്യ. സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെയും ബൗളർമാരുടെയും സ്ഥാനത്ത് 'ബിറ്റ്സ് ആൻഡ് പീസസ്' ഓൾറൗണ്ടർമാരെയും ഐപിഎൽ താരങ്ങളെയും കുത്തിനിറയ്ക്കുന്ന ഗൗതം ഗംഭീറിന്‍റെ ശൈലിയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ വലിയ തകർച്ചയിലേക്ക് നയിച്ചത്.
58 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളിനു മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് ആക്രമണത്തെ കുറച്ചെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചത്. 97 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിൽ വൺഡൗണായിരുന്ന വാഷിങ്ടൺ സുന്ദർ ഇത്തവണ എട്ടാം നമ്പറിലിറങ്ങി 48 റൺസെടുത്തതാണ് ഇന്ത്യൻ സ്കോർ 200 കടക്കാൻ സഹായിച്ചത്.
നേരത്തെ, വിക്കറ്റ് നഷ്ടം കൂടാതെ ഒമ്പത് റൺസ് എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുതിയ ഏകദിന ക്യാപ്റ്റൻ കെ.എൽ. രാഹുലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 റൺസെടുത്ത രാഹുൽ കേശവ് മഹാരാജിന്‍റെ പന്തിൽ എയ്ഡൻ മാർക്രമിനു പിടുകൊടുത്ത് മടങ്ങുകയായിരുന്നു. പിന്നാലെ ജയ്സ്വാളും സായ് സുദർശനും (15) മടങ്ങി. ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ധ്രുവ് ജുറെൽ ഇത്തവണ പൂജ്യത്തിനു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് (7) വീണ്ടും നിരാശപ്പെടുത്തി.
കോച്ച് ഗൗതം ഗംഭീറിനും ടീം മാനെജ്മെന്‍റിനും പ്രിയപ്പെട്ട 'പേസ് ബൗളിങ് ഓൾറൗണ്ടർ' നിതീഷ് കുമാർ റെഡ്ഡി വിലപ്പെട്ട 10 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനു നേരത്തെ ക്യാപ്റ്റൻ ആറോവർ പന്തെറിയാനും കൊടുത്തിരുന്നു! 122 റൺസെടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യയെ ഒരു പരിധി വരെ പിടിച്ചുനിർത്തിയത് വാഷിങ്ടൺ സുന്ദർ - കുൽദീപ് യാദവ് കൂട്ടുകെട്ടാണ്. എട്ടാം വിക്കറ്റിൽ ഇവർ 72 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 48 റൺസെടുത്ത സുന്ദർ, സൈമൺ ഹാർമറുടെ പന്തിൽ മാർക്രമിനു ക്യാച്ച് നൽകിയതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു.
പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. കുൽദീപ് യാദവിനെയും (19) ജസ്പ്രീത് ബുംറയെയും (5) തിരിച്ചയച്ച യാൻസൻ ആറ് വിക്കറ്റ് സമ്പാദിച്ചു. മുഹമ്മദ് സിറാജ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. രണ്ട് മണിക്കൂറിലധികം ക്രീസിൽ തുടർന്ന്, 134 പന്ത് നേരിട്ട കുൽദീപ് യാദവിന്‍റെ ഇന്നിങ്സ് ഇന്ത്യൻ ബാറ്റിങ് നിരയിലെ വമ്പൻമാർക്ക് നല്ല പാഠമായി. ഇന്ത്യൻ ബാറ്റർമാരിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടത് കുൽദീപാണ്.