ഗംഭീറിനു നിർണായകം രണ്ടാം ടെസ്റ്റ്

ഋഷഭ് പന്ത് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കും
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് പ്രിവ്യൂ | India vs South Africa 2nd Test preview

ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ, താത്കാലിക ക്യാപ്റ്റൻ ഋഷഭ് പന്ത്.

Updated on

സ്പോർട്സ് ലേഖകൻ

ഗോഹട്ടി: ശുഭ്മൻ ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്ത് ഒരു ക്യാപ്റ്റൻസി പരീക്ഷണത്തിനു തയാറെടുക്കുകയാണ്. ശനിയാഴ്ച ഗോഹട്ടിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പരമ്പരയിൽ സമനില പിടിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യക്കു മുന്നിലുള്ളത്.

മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സംബന്ധിച്ച്, ഋഷഭ് പന്തിനെക്കാൾ കടുപ്പമേറിയ ഒരു പരീക്ഷയാണ് മുന്നിലുള്ളത്. പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾ ഡ്രസിങ് റൂമിലും ടീം തിങ്ക് ടാങ്കിലും വ്യക്തതയില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ ടീമുകൾക്ക് സ്വന്തം മണ്ണിൽ ഉണ്ടായിരുന്ന അജയ്യതയുടെ പ്രഭാവം നിലവിലുള്ള ടീമിനു നഷ്ടമായിക്കഴിഞ്ഞു. ഇന്നവർ അവർ ദുർബലരായി കാണപ്പെടുന്നു.

വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരത്തിന് ഫേവറിറ്റുകളായല്ലാതെ ഇറങ്ങുന്നത്. 2024ൽ അജാസ് പട്ടേലും മിച്ചൽ സാന്‍റ്നറും ഉൾപ്പെട്ട ന്യൂസിലൻഡ് സ്പിൻ ജോഡി അജയ്യതയുടെ ധാരണ പൊളിച്ചെങ്കിൽ, സൈമൺ ഹാർമറും സഹതാരങ്ങളും ഇന്നത്തെ യുവ ഇന്ത്യൻ ടീമിനെ കൂടുതൽ ദുർബലരാക്കുകയാണ്. സ്പിന്നർമാരെ നേരിടുന്നതിൽ കൃത്യമായ ടെക്നിക്കിന്‍റെ അഭാവം പ്രകടമാണ്.

ഇതോടൊപ്പം, പെട്ടെന്നു തകരുന്ന പിച്ചുകളുടെ സ്വഭാവവും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു. ബിസിസിഐ ഉന്നതരുടെ പിന്തുണയുള്ള ഗംഭീറിന്‍റെ പരിശീലകക്കുപ്പായം തത്കാലം സുരക്ഷിതം തന്നെയാണ്. പക്ഷേ, രണ്ട് ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കക്കുമെതിരേ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര തോൽക്കുന്നത് അദ്ദേഹത്തിന്‍റെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കും. എത്ര ഐസിസി ട്രോഫികൾ നേടിയാലും അതിനു പരിഹാരമാകില്ല.

ഈ നിർണായക സാഹചര്യങ്ങളിലാണ്, ഗില്ലിന്‍റെ അഭാവത്തിൽ ഋഷഭ് പന്ത് നേതൃത്വം ഏറ്റെടുക്കുന്നത്. ചുവന്ന മണ്ണുള്ള ഗോഹട്ടിയിലെ വിക്കറ്റിൽ ഋഷഭിന്‍റെ നേതൃ മികവ് മാത്രമല്ല, ബാറ്റിങ് വൈഭവവും ജഡ്ജ് ചെയ്യപ്പെടും.

കഴുത്തുവേദന കാരണം ഗിൽ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഗില്ലിന് പകരം ബി സായ് സുദർശൻ കളിക്കാനാണ് കൂടുതൽ സാധ്യത. അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമോ അതോ വാഷിംഗ്ടൺ സുന്ദറിന് തുടരാൻ അനുവാദം നൽകുമോ എന്ന് കണ്ടറിയണം. നായകത്വ പരിചയം നോക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്ക് മുമ്പ് രോഹിത് ശർമക്ക് വിശ്രമം നൽകിയപ്പോൾ ഇതേ എതിരാളികൾക്കെതിരെ പന്ത് ഇന്ത്യൻ ടി20 ടീമിനെ നയിച്ചിട്ടുണ്ട്. എന്നാൽ റെഡ്-ബോൾ ഫോർമാറ്റിലെ അദ്ദേഹത്തിന്‍റെ തീരുമാനമെടുക്കാനുള്ള കഴിവുകളെക്കുറിച്ച് അറിയാനിരിക്കുന്നതേയുള്ളൂ. 2017-ൽ രഞ്ജി ട്രോഫി ഫൈനലിലേക്ക് ഡെൽഹി ടീമിനെ പന്ത് നയിച്ചെങ്കിലും, ഫൈനലിൽ വിദർഭയോട് തോറ്റു.

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിവസത്തെ വൈകുന്നേരവും മൂന്നാം ദിവസത്തെ പ്രഭാതത്തിലും പന്ത് സ്വീകരിച്ച തീരുമാനങ്ങളായിരിക്കും വിദഗ്ധർക്ക് കൂടുതൽ താത്പര്യമുണ്ടാക്കുക. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ സ്പിന്നർമാരുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയെ 93-ന് 7 എന്ന നിലയിലേക്ക് ഇന്ത്യ ചുരുക്കിയിരുന്നു. മൂന്നാം ദിവസം രാവിലെ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും ബൗളിങ്ങിനു വിളിക്കാൻ വൈകിയത് തന്ത്രപരമായ പിഴവായി കണക്കാക്കപ്പെടുന്നു. ആ സമയം കൊണ്ട്, ടെംബ ബവുമ കൂട്ടുകെട്ടുകളിലൂടെ അധികമായി 60 റൺസ് കൂട്ടിച്ചേർത്തു, ഇത് മത്സരഫലത്തിൽ നിർണായകമായി മാറുകയും ചെയ്തു.

വിക്കറ്റിന് പിന്നിലെ സജീവ വാചകമടിയിൽ ബൗളർമാർക്ക് പ്രോത്സാഹനമാകുന്ന പന്തിനെക്കാൾ, ടീം സെലക്ഷന്‍റെ കാര്യത്തിൽ വിവേകമുള്ള ചില തീരുമാനങ്ങൾ എടുക്കാൻ കോച്ചിനെ ബോധ്യപ്പെടുത്തേണ്ടത് ക്യാപ്റ്റനായ പന്താണ്. ലൈനപ്പിൽ ഏഴോളം ഇടംകൈയ്യൻ ബാറ്റ്സ്മാൻമാർ ഉള്ളതിനാൽ, ഓഫ് സ്പിന്നർ സൈമൺ ഹാർമർക്ക് ഈ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച പിച്ചിൽ കണ്ട പുല്ലിന്‍റെ ആവരണം ബിസിസിഐ ക്യൂറേറ്റർമാരായ തപോഷ് ചാറ്റർജിയും ആശിഷ് ഭൗമിക്കും വെട്ടിനീക്കിയാൽ ഇത് സംഭവിക്കാം.

എന്തായാലും, ബിസിസിഐ സെക്രട്ടറി ദേബജിത് സൈക്കിയ ഈ വേദിയിലെ ആദ്യ ടെസ്റ്റ് മോശം കാരണങ്ങളാൽ ഓർമിക്കപ്പെടാൻ ആഗ്രഹിക്കില്ല. അതുകൊണ്ട്, സ്പിന്നർമാരിൽ ഒരാളായ അക്ഷർ പട്ടേലോ കുൽദീപ് യാദവോ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് വേണ്ടി വഴിമാറാൻ സാധ്യതയുണ്ട്. ഒരു മൂന്നാം പേസർ കളിക്കുകയാണെങ്കിൽ ഇത് ഇന്ത്യക്ക് പിച്ചിലെ ഈർപ്പം മുതലെടുക്കാൻ സഹായകമാകും. നിതീഷിന്‍റെ ബൗളിങ് ആവശ്യമില്ലെങ്കിൽ, ധീരമായ ബാറ്റിംഗ് സമീപനമുള്ള ഒരു വലംകൈയ്യൻ കളിക്കാരനെന്ന നിലയിൽ ഇത്തരം പിച്ചുകളിൽ ഇത് സഹായകമായേക്കാം.

ടീമുകൾ:

ഇന്ത്യ: ഋഷഭ് പന്ത് (ക്യാപ്റ്റനും വിക്കറ്റ് കീപ്പറും), കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ബി. സായ് സുദർശൻ, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കൽ, ആകാശ് ദീപ്.

ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വിയാൻ മുൾഡർ, സെനുരൻ മുത്തുസാമി, ലുംഗി എൻഗിഡി, റയാൻ റിക്കെൽട്ടൺ, ട്രിസ്റ്റൺ സ്റ്റബ്സ്, കൈൽ വെരേയ്ൻ (വിക്കറ്റ് കീപ്പർ).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com