

ടീം ഇന്ത‍്യ
ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരക്കാരനായി ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ രണ്ടാം ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചു വിളിച്ചേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സ്പെഷ‍്യലിസ്റ്റ് ബാറ്ററായ ഗില്ലിനു പകരം ഓൾറൗണ്ടറെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ നീക്കം. കോൽക്കത്ത ടെസ്റ്റിനു മുന്നോടിയായി ഇന്ത‍്യ എ ടീമിനു വേണ്ടി മത്സരങ്ങൾ കളിക്കാൻ താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.
നിതീഷ് കുമാർ റെഡ്ഡി
നവംബർ 18ന് നടക്കാനിരിക്കുന്ന ഇന്ത‍്യൻ ടീമിന്‍റെ പരിശീലനത്തിനു മുന്നോടിയായി നിതീഷ് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. നിതീഷിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതോടെ ടീമിന്‍റെ മധ‍്യ നിര ശക്തമായേക്കും. മാത്രവുമല്ല ടീമിന്‍റെ ഇടത് വലത് കോമ്പിനേഷൻ സുഖകരമായി മുന്നോട്ടു പോകുകയും ചെയ്യും.
വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബി. സായ് സുദർശനു പകരം നിതീഷിനെ ടീമിലേക്ക് പരിഗണിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. നിതീഷിനെ ടീമിൽ ഉൾപ്പെടുത്തിയാലും മധ‍്യനിരയിലായിരിക്കും അദ്ദേഹം ബാറ്റേന്തുക. സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവർക്കായിരിക്കും ടീമിൽ ആദ‍്യ പരിഗണന. ഗുവഹാത്തിയിൽ നവംബർ 22നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
അതേസമയം, ആദ്യ ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് ഞരമ്പ് വലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗില്ലിനെ കഴിഞ്ഞ ദിവസം കോൽക്കത്തയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നുവെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്.