

ദക്ഷിണാഫ്രിക്കയെ 270ന് എറിഞ്ഞിട്ട് പ്രസിദ്ധും കുൽദീപും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത‍്യക്ക് 271 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസ് അടിച്ചെടുത്തു. 89 പന്തിൽ നിന്നും 8 ബൗണ്ടറിയും 6 സിക്സും ഉൾപ്പടെ 106 റൺസ് നേടിയ ക്വന്‍റൻ ഡി കോക്കാണ് ടീമിന്‍റെ ടോപ് സ്കോറർ.
ഡി കോക്കിനു പുറമെ ക‍്യാപ്റ്റൻ ടെംബ ബവുമയ്ക്കു (48) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രം (1) ഇത്തവണ നിരാശപ്പെടുത്തി. ഡെവാൾഡ് ബ്രെവിസ് 29 റൺസും മാത‍്യു ബ്രെറ്റ്സ്കി 24 റൺസും നേടി.
ഇന്ത‍്യക്കു വേണ്ടി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാലു വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്ങെറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ റയാൻ റിക്കിൾടണിനെ ടീമിനു നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡി കോക്ക്- ബവുമ സഖ‍്യം ചേർത്ത 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിലാണ് ടീം സ്കോർ ഉയർന്നത്. പിന്നീട് ബവുമ പുറത്തായെങ്കിലും ഡി കോക്ക് ബ്രിറ്റ്സ്കീയെ കൂട്ടുപിടിച്ച് റൺനില ഉയർത്തി.
ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലായി ടീം. പിന്നീട് ടീം സ്കോർ 168ൽ നിൽക്കെ ബ്രിറ്റ്സ്കീയെയും തൊട്ടു പിന്നാലെ എയ്ഡൻ മാർക്രമിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസൻ, കേശവ് മഹാരാജ് എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ഇതോടെ 270 റൺസിന് ടീം കൂടാരം കയറി.