ഇന്ത്യ ജയിച്ചെങ്കിലും എന്‍റെ ഗില്ലേ...!

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ട്. ഇന്ത്യ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇന്ത്യ - ദക്ഷിണാഫ്രിക്ക 3ാം ടി20 | India vs South Africa 3rd T20

അർഷ്ദീപ് സിങ്ങിന്‍റെയും ഹർഷിത് റാണയുടെയും വിക്കറ്റ് ആഘോഷം.

Updated on

ധർമശാല: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 118 റൺസ്. 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ അവരതു നേടുകയും ചെയ്തു. പക്ഷേ, സഞ്ജു സാംസണു പകരം തന്നെ ഓപ്പണിങ് റോളിൽ സ്ഥിരപ്പെടുത്തിയ സെലക്റ്റർമാരെയും കോച്ചിനെയും പരിഹസിക്കുന്ന ഒരു ഇന്നിങ്സ് കൂടി വൈസ്-ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പുറത്തെടുത്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സന്ദർശകർ ഇരുപതാം ഓവറിൽ അവസാന പന്തിൽ 117 റൺസിന് ഓൾഔട്ടായി. 46 പന്തിൽ 61 റൺസെ‌ടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

സ്കോർ ബോർഡിൽ ഒരു റൺ എത്തുമ്പോൾ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ഓപ്പണർമാരെയും നഷ്ടമായിരുന്നു.‌ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തകർത്ത ക്വിന്‍റൺ ഡി കോക്കിനെ (1) ഹർഷിത് റാണയും, സഹ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (0) അർഷ്ദീപ് സിങ്ങും വിക്കറ്റിനു മുന്നിൽ കുടുക്കി.

അപകടകാരിയായ ഡിവാൾഡ് ബ്രീവിനെ (2) റാണ ക്ലീൻ ബൗൾ ചെയ്തപ്പോൾ, ട്രിസ്റ്റൻ സ്റ്റബ്സ് (9) ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കു ക്യാച്ച് നൽകി. ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ കിട്ടിയ കോർബിൻ ബോഷിനെ (5) ശിവം ദുബെയും, ഡൊണോവൻ ഫെരേരയെ (20) വരുൺ ചക്രവർത്തിയും ബൗൾഡാക്കി.

മാർക്കോ ‍യാൻസനെ (2) കൂടി വരുൺ ക്ലീൻ ബൗൾ ചെയ്തപ്പോൾ, ആൻറിച്ച് നോർക്കിയയും (12) ഓട്ട്നീൽ ബാർട്ട്മാനെയും (1) കുൽദീപ് യാദവിന്‍റെ ഇരകളായി. ഇന്ത്യക്കു വേണ്ടി അർഷ്ദീപും ഹർഷിതും വരുണും കുൽദീപ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യക്കും ശിവം ദുബെയ്ക്കും ഓരോ വിക്കറ്റ്.

ഇന്ത്യ - ദക്ഷിണാഫ്രിക്ക 3ാം ടി20 | India vs South Africa 3rd T20

ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം നടക്കുന്ന ഹിമാചൽ പ്രദേശിലെ ധരംശാലയിലുള്ള സ്റ്റേഡിയം.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ പതിവ് തെറ്റിക്കാതെ തകർത്തടിച്ചു. 18 പന്തിൽ മൂന്നു ഫോറും മൂന്നു സിക്സും സഹിതം 35 റൺസെടുത്ത് അഭിഷേക് മടങ്ങുമ്പോൾ മറുവശത്ത് ഗിൽ വൺഡേ ഇന്നിങ്സ് കെട്ടിപ്പടുക്കുകയായിരുന്നു. പന്ത്രണ്ടാം ഓവറിൽ ഇന്ത്യൻ വൈസ്-ക്യാപ്റ്റൻ പുറത്താകുന്നതു വരെ നേരിട്ടത് 28 പന്ത്, നേടിയത് 28 റൺസ്, അടിച്ചത് അഞ്ച് ഫോർ. അപ്പോൾ സിക്സോ? ഇല്ലേയില്ല...!

11 പന്തിൽ 12 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരിക്കൽക്കൂടി ഫോമില്ലായ്മ തെളിയിച്ചു. തിലക് വർമ 34 പന്തിൽ പുറത്താകാതെ 26 റൺസുമായി ഒരറ്റം കാത്തു. ജിതേഷ് ശർമയെ ബാറ്റിങ്ങിനിറക്കാതെ സഞ്ജുവിന് ബെഞ്ചിൽ സ്ഥാനമുറപ്പാക്കിയ ഗൗതം ഗംഭീർ ബ്രില്യൻസും അതിനിടെ കണ്ടു. അഞ്ചാം നമ്പറിലിറങ്ങിയ ശിവം ദുബെ നാല് പന്തിൽ ഓരോ ഫോറും സിക്സുമടിച്ച് വേഗം ചടങ്ങ് തീർക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ ടീമിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിച്ചത്. അസുഖബാധിതനായ അക്ഷർ പട്ടേലിനു പകരം കുൽദീപ് യാദവ് ടീമിലെത്തി. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുംറയ്ക്കു പകരം ഹർഷിത് റാണയും കളിച്ചു.

ഓപ്പണറായി ശുഭ്മൻ ഗില്ലും വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയും ടീമിൽ തുടരുമ്പോൾ, മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽക്കൂടി പ്ലെയിങ് ഇലവനു പുറത്ത്.

ടീമുകൾ

ഇന്ത്യ: ശുഭ്മൻ ഗിൽ (വൈസ്-ക്യാപ്റ്റൻ) , അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ, ശിവം ദുബെ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.

ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡിവാൾഡ് ബ്രീവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡൊണോവൻ ഫെരേര, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്കിയ, ലുംഗി എങ്കിഡി, ഓട്ട്നീൽ ബാർട്ട്മാൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com