

വരുൺ ചക്രവർത്തിക്കൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന തിലക് വർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്.
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ഇന്ത്യ 3-1 എന്ന നിലയിൽ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണെടുത്തത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 201/8 എന്ന നിലയിൽ ചുരുങ്ങി.
പരുക്കേറ്റ ശുഭ്മൻ ഗില്ലിനു പകരം മലയാളി താരം സഞ്ജു സാംസൺ ആണ് അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളിയായി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസ് കൂട്ടിച്ചേർത്തു. 21 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്ത അഭിഷേകാണ് ആദ്യം പുറത്തായത്.
ദക്ഷിണാഫ്രിക്കക്കെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ.
പത്താം ഓവറിൽ പുറത്താകുമ്പോൾ സഞ്ജു 22 പന്തിൽ 37 റൺസെടുത്തിരുന്നു. നാല് ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. ജോർജ് ലിൻഡെയുടെ പന്ത് ബാറ്റിൽ കൊണ്ട് വിക്കറ്റിൽ പതിക്കുകയായിരുന്നു.
ഇതിനിടെ, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആയിരം റൺസ് എന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന പതിനാലാമത്തെ ഇന്ത്യൻ ബാറ്ററാണ്. ജിതേഷ് ശർമ ടീമിലുണ്ടായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായെത്തിയതും സഞ്ജുവാണ്.
സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 37 റൺസ് ചേർത്ത തിലക് വർമയ്ക്ക് സൂര്യകുമാർ യാദവ് (5) അധിക നേരം കമ്പനി കൊടുത്തില്ല. എന്നാൽ, അഞ്ചാമതെത്തിയ ഹാർദിക് പാണ്ഡ്യ തിലകിനൊപ്പം അടിച്ചുതകർത്തതോടെ സ്കോർ കുതിച്ചുയർന്നു.
തിലക് വർമ 42 പന്തിൽ പത്തു ഫോറും ഒരു സിക്സും സഹിതം 73 റൺസെടുത്തപ്പോൾ, ഹാർദിക് വെറും 25 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 63 റൺസെടുത്തു. ഇവരുടെ കൂട്ടുകെട്ട് 105 റൺസാണ് ഇന്ത്യൻ സ്കോറിൽ കൂട്ടിച്ചേർത്തത്. 3 പന്തിൽ 10 റൺസുമായി ശിവം ദുബെ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയെ പിച്ചിച്ചീന്തിയ 105 റൺസ് കൂട്ടുകെട്ടിനിടെ തിലക് വർമയും ഹാർദിക് പാണ്ഡ്യയും.
ഹർഷിത് റാണയ്ക്കു പകരം ജസ്പ്രീത് ബുംറയും, കുൽദീപ് യാദവിനു പകരം വാഷിങ്ടൺ സുന്ദറും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് മോശമല്ലാത്ത തുടക്കം കിട്ടി. റീസ ഹെൻഡ്രിക്സ് (13) ഇന്ത്യൻ ബൗളർമാരെ അധികം ബുദ്ധിമുട്ടിച്ചില്ല. എന്നാൽ, ക്വിന്‍റൺ ഡി കോക്കും (35 പന്തിൽ 65) ഡിവാൾഡ് ബ്രീവിസും (17 പന്തിൽ 31) ഭീഷണിയുയർത്തി. ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ കൈയിൽ നിന്ന് കളി വഴുതി.
ടി20 പരമ്പരയ്ക്കുള്ള ട്രോഫിയുമൊത്ത് സെൽഫിയെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമും.
നാലോവറിൽ 53 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ നാല് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ പ്രകടനവും നിർണായകമായി. ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അർഷ്ദീപ് സിങ്ങിനും ഹാർദിക്കിനും ഓരോ വിക്കറ്റ്.
അർഷ്ദീപിനൊപ്പം ന്യൂബോളെടുത്തത് വാഷിങ്ടൺ സുന്ദറാണ്. നാലോവറിൽ 30 റൺസ് മാത്രം വഴങ്ങിയ സുന്ദറും, നാലോവറിൽ വെറും 17 റൺസ് വിട്ടുകൊടുത്ത ബുംറയും ഒഴികെ എല്ലാ ഇന്ത്യൻ ബൗളർമാരും ഓവറിൽ ശരാശരി 11 റൺസിനു മുകളിൽ വഴങ്ങി.