വനിതാ ലോകകപ്പിൽ റിച്ച ഘോഷിന്‍റെ വൺ വുമൺ ഷോ

വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തുടരെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇത്തവണയും ലോവർ മിഡിൽ ഓർഡറിന്‍റെ രക്ഷാ പ്രവർത്തനം.
ഇന്ത്യ - ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് | India vs South Africa ICC women's ODI World Cup

ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ ഷോട്ട്.

Updated on

വിശാഖപട്ടണം: വനിതാ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തുടരെ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ മധ്യനിര ബാറ്റിങ് തകർന്നു. ശ്രീലങ്ക, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരേ എന്നതു പോലെ ദക്ഷിണാഫ്രിക്കക്കെതിരേയും ലോവർ മിഡിൽ ഓർഡറിന്‍റെ രക്ഷാ പ്രവർത്തനം ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 49.5 ഓവറിൽ ഇന്ത്യ 251 റൺസിന് ഓൾഔട്ടായി. എട്ടാം നമ്പറിലിറങ്ങി 77 പന്തിൽ 94 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. വാലറ്റത്ത് രണ്ട് അർധ സെഞ്ചുറി കൂട്ടുകെട്ടുകളും റിച്ച സൃഷ്ടിച്ചു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ആതിഥേയരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. 10.2 ഓവറിൽ 55 റൺസ് കൂട്ടിച്ചേർത്ത സ്മൃതി മന്ഥനയും (32 പന്തിൽ 23) പ്രതീക റാവലും (56 പന്തിൽ 37) ഒരിക്കൽക്കൂടി ഇന്ത്യക്ക് നല്ല തുടക്കം നൽകി. പക്ഷേ, ഇരുവർക്കും ബാറ്റിങ്ങിൽ താളം കണ്ടെത്തിയിട്ടും വലിയ സ്കോറുകളിലേക്കു പോകാനായില്ല.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആങ്കർ റോൾ ഫലപ്രദമായി കൈകാര്യം ചെയ്ത ഹർലീൻ ഡിയോൾ ഇക്കുറി 23 പന്തിൽ 13 റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24 പന്തിൽ 9), പോക്കറ്റ് ഡൈനമിറ്റ് ജമീമ റോഡ്രിഗ്സ് (0), വിശ്വസ്തയായ ദീപ്തി ശർമ (14 പന്തിൽ 4) എന്നിവർ ക്ഷണത്തിൽ മടങ്ങിയതോടെ ഇന്ത്യ 102/6 എന്ന നിലയിൽ തകർച്ച നേരിട്ടു.‌

എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഏഴാം വിക്കറ്റ് സഖ്യത്തിൽ അമൻജോത് കൗറുമൊത്ത് 51 റൺസ് കൂട്ടുകെട്ടുയർത്തി. 44 പന്ത് നേരിട്ട അമൻജോതിന്‍റെ സംഭാവന ഇതിൽ 13 റൺസ് മാത്രമാണ്. സ്കോറിങ് നിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ അമൻജോതും പുറത്തായപ്പോൾ സ്നേഹ് റാണ റിച്ചയ്ക്കു പറ്റിയ പങ്കാളിയായി. അങ്ങനെ എട്ടാം വിക്കറ്റ് സഖ്യം 39 പന്തിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇതിൽ 17 റൺസ് മാത്രമായിരുന്നു സ്നേഹ റാണയുടെ സംഭാവന. ഇതിനിടെ, നേരിട്ട 53ാം പന്തിൽ റിച്ച തന്‍റെ ഏഴാം ഏകദിന അർധ സെഞ്ചുറിയും പിന്നിട്ടു.

അവസാന ഓവറുകളിൽ റിച്ചയും റാണയും ആഞ്ഞടിച്ചു തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഫീൽഡിൽ നിരവധി പിഴവുകളും വരുത്തി. ബൗണ്ടറി ലൈനനരികിൽ റിച്ചയുടെ രണ്ട് ക്യാച്ചുകളാണ് അവർ കൈവിട്ടത്; അവസാന ഓവറിൽ ഒരു റണ്ണൗട്ട് അവസരവും.

ഇന്ത്യ - ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് | India vs South Africa ICC women's ODI World Cup
''ഒരുത്തീ...!'' റിച്ച ഘോഷ് ഓൺ ഫയർ | Video

ഇന്ത്യൻ ഇന്നിങ്സിൽ ഏഴു പന്ത് മാത്രം ശേഷിക്കെ, 24 പന്തിൽ ആറ് ഫോർ ഉൾപ്പെടെ 33 റൺസെടുത്ത സ്നേഹ് റാണ പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോൾ 84 റൺസായിരുന്നു റിച്ചയുടെ വ്യക്തിഗത സ്കോർ. ആദ്യ മൂന്നു പന്തിൽ 10 റൺസ് കൂടി കൂട്ടിച്ചേർത്ത റിച്ച, വെയ്സ്റ്റ് ഹൈ ഫുൾടോസായി വന്ന നാലാം പന്ത് ഉയർത്തിയടിച്ച് ക്യാച്ച് നൽകി മടങ്ങുമ്പോൾ, 77 പന്തിൽ 11 ഫോറും നാലു സിക്സും സഹിതം 94 റൺസെടുത്തിരുന്നു. തൊട്ടടുത്ത പന്തിൽ പതിനൊന്നാം നമ്പർ ബാറ്റർ ശ്രീചരണി കൂടി പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സിനു തിരശീല വീണു.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്ലോ ട്രയോൺ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മരിസാൻ കാപ്പ്, നദൈൻ ഡിക്ലാർക്ക്, നോൺകുലുലെകോ എംലാബ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com