ഇന്ത്യക്ക് 243 റൺസ് ജയം, കോലിക്ക് റെക്കോഡ്, ജഡേജയ്ക്ക് 5 വിക്കറ്റ്

ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പം വിരാട് കോലി.
വിരാട് കോലി മത്സരത്തിനിടെ.
വിരാട് കോലി മത്സരത്തിനിടെ.

കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലോകകപ്പിൽ ഇന്ത്യക്ക് 243 റൺസിന്‍റെ പടുകൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

മത്സരത്തിൽ വിരാട് കോലി, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിന് ഒപ്പമെത്തി; അതും തന്‍റെ ജന്മദിനത്തിൽ. ടൂർണമെന്‍റിൽ രണ്ടാം സെഞ്ചുറി കണ്ടെത്തിയ കോലി, കരിയറിൽ 49ാം ഏകദിന സെഞ്ചുറിയാണ് പൂർത്തിയാക്കിയത്.

നേരത്തെ, ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ നിരയിൽ ജറാൾഡ് കോട്സെയ്ക്ക് പകരം തബരീസ് ഷംസി തിരിച്ചെത്തി.

പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും നേർക്കുനേർ എത്തുമ്പോൾ വമ്പൻ മത്സരം പ്രതീക്ഷിച്ചാണ് ഈഡൻ ഗാർഡനിൽ ആരാധകർ തടിച്ചു കൂടിയത്. അവരെ നിരാശപ്പെടുത്താതെ തുടക്കത്തിൽ തന്നെ തകർത്തടിച്ചു രോഹിത്. 5.5 ഓവറിൽ സ്കോർ 62 എത്തിയതോടെ രോഹിത് പുറത്തായി. 24 പന്തിൽ 40 റൺസായിരുന്നു സംഭാവന. 11ാം ഓവറിൽ ശുഭ്‌മൻ ഗില്ലും (23) പുറത്തായതോടെ റൺ റേറ്റ് കുറഞ്ഞു.

വേഗം കുറഞ്ഞ വിക്കറ്റിൽ സൂക്ഷ്മതയോടെ കളിക്കുക എന്ന പദ്ധതിയാണ് വിരാട് കോലിയും ശ്രേയസ് അയ്യരും നടപ്പാക്കിയത്. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 134 റൺസ് ചേർക്കുകയും ചെയ്തു. ശ്രേയസും (87 പന്തിൽ 77) കെ.എൽ. രാഹുലും (8) സൂര്യകുമാർ യാദവും (14 പന്തിൽ 22) പുറത്തായപ്പോഴും കോലി ഒരറ്റത്ത് ഉറച്ചു നിന്നു.

ഏഴാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജയാണ് പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ഇന്ത്യൻ സ്കോർ കൊണ്ടുപോയത്. ജഡേജ 15 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. കോലിയുമൊത്ത് എട്ടാം വിക്കറ്റിൽ 41 റൺസും കൂട്ടിച്ചേർത്തു. കോലി 121 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക തുടക്കം മുതൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. രണ്ടാം ഓവറിൽ മുഹമ്മദ് സിറാജിന്‍റെ പന്തിൽ ഇൻ ഫോം ഓപ്പണർ ക്വിന്‍റൺ ഡികോക്കിന്‍റെ (5) കുറ്റി തെറിച്ചു. ഒമ്പതാം ഓവറിൽ തന്നെ രവീന്ദ്ര ജഡേജയെ പന്തേൽപ്പിച്ച രോഹിത് ശർമയ്ക്ക് തെറ്റിയില്ല. മൂന്നാം പന്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ (11) പുറത്ത്. പതിനേഴാം ഓവറിൽ ഡേവിഡ് മില്ലറുടെ (11) രൂപത്തിൽ ആറാം വിക്കറ്റും നഷ്ടമായതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഏഴാം വിക്കറ്റായി കേശവ് മഹാരാജിനെയും എട്ടാമത് കാഗിസോ റബാദയെയും പുറത്താക്കിയതോടെ ജഡേജയുടെ വിക്കറ്റ് നേട്ടം അഞ്ചായി.

മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com