

വിരാട് കോലിയും ധ്രുവ് ജുറലും പരിശീലനത്തിൽ.
റാഞ്ചി: ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിയുടെ ക്ഷീണം അകറ്റാൻ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഞായറാഴ്ച റാഞ്ചിയിൽ കളത്തിലിറങ്ങും. സ്ഥിരം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരുക്കേറ്റ സാഹചര്യത്തിൽ കെ.എൽ. രാഹുലിനു കീഴിലാണ് ഇന്ത്യ സന്ദർശകരെ നേരിടുന്നത്.
ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഏകദിന പരമ്പരയിൽ ഒപ്പമുണ്ടെന്നതാണ് ഇന്ത്യയ്ക്ക് ഊർജം പകരുന്ന കാര്യം. ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നെടുംതൂണുകളായി നിലകൊള്ളുന്ന രോ-കോ സഖ്യം ടീമിന് അവശ്യം വേണ്ട സ്ഥിരത നൽകുമെന്നാണു പ്രതീക്ഷ.
ഓസ്ട്രേലിയയുമായി അവരുടെ മണ്ണിൽ നടന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണു രോഹിതും കോലിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇടവേളയ്ക്ക് വിരാമം കുറിച്ച് തിരിച്ചെത്തിയത്. രോഹിത് രണ്ടു മത്സരങ്ങളിലും കോലി ഒരു മത്സരത്തിലും തിളങ്ങിയിരുന്നു. അവസാന ഏകദിനത്തിൽ രോഹിത്തും കോലിയും പുറത്തെടുത്ത ഉജ്വല ബാറ്റിങ്ങാണ് ഓസീസിനെതിരേ ഇന്ത്യയ്ക്ക് ആശ്വാസജയം ഒരുക്കിയത്. തങ്ങളുടെ കാലം കഴിഞ്ഞില്ലെന്ന് അടിവരയിടുന്നതായിരുന്നു സീനിയർ ബാറ്റർമാരായ ഇരുവരുടെയും പ്രകടനം.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്റർ എന്ന റെക്കോഡ് കോലി (14,255) എത്തിപ്പിടിച്ചിരുന്നു. 51 സെഞ്ചുറികളും കോലി സ്വന്തം പേരിലെഴുതിക്കഴിഞ്ഞു. ഉശിരൻ ഫോമിലുള്ള രോഹിത് ഏകദിന ബാറ്റിങ് റാങ്കിങ്ങിലും കുതിപ്പ് നടത്തി. 2027ലെ ഏകദിന ലോകകപ്പ് മുന്നൊരുക്കങ്ങളിൽ സുപ്രധാന പോരാട്ടമായാണ് ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര കണക്കാക്കപ്പെടുന്നത്. ഒരിക്കൽക്കൂടി മികച്ച പ്രകടനം പുറത്തെടുത്ത് സെലക്റ്റർമാരുടെ റഡാറിൽ നിലനിൽക്കാനായിരിക്കും രോഹിതിന്‍റെയും കോലിയുടെയും ശ്രമം.
ദക്ഷിണാഫ്രിക്കയെ നേരിടുന്നതിനു മുന്നോടിയായി കഠിന പരിശീലനത്തിലാണ് രോഹിത്തും കോലിയും. നെറ്റ്സിൽ ഇരുവരും ഏറെ നേരം ബാറ്റിങ് പ്രാക്റ്റീസ് ചെയ്തു. തിലക് വർമയും ഋതുരാജ് ഗെയ്ക്ക്‌വാദും പരിശീലന ക്യാംപിൽ എത്തി. രണ്ടു ബാറ്റർമാരും നെറ്റ്സിൽ സമയം ചെലവിടുകയും ചെയ്തു.
ശ്രേയസ് അയ്യരുടെ അഭാവത്തിൽ പ്ലെയിങ് ഇലവനിലെത്തുന്നത് തിലക് വർമയോ ഋഷഭ് പന്തോ എന്നാണിനി പ്രധാനമായി അറിയാനുള്ളത്. റിസർവ് ബാറ്ററായി ധ്രുവ് ജുറലും ടീമിലുണ്ട്. ഗില്ലിന്‍റെ സ്ഥാനത്ത് യശസ്വി ജയ്സ്വാൾ ഓപ്പണിങ്ങിൽ രോഹിത് ശർമയുടെ പങ്കാളിയാകാനാണ് സാധ്യത. ഫോമിലുള്ള ഋതുരാജ് ഗെയ്ക്ക്വാദും പരിഗണിക്കപ്പെടാം.
കോച്ച് ഗൗതം ഗംഭീർ ആയതുകൊണ്ടു തന്നെ, സ്പെഷ്യലിസ്റ്റ് ഓപ്പണറായ ഗെയ്ക്ക്വാദിനെ മധ്യനിരയിൽ പരീക്ഷിക്കുകയോ, ജയ്സ്വാളിനെ പുറത്തിരുത്തി ധ്രുവ് ജുറലിനെ ഓപ്പണറാക്കുകയോ ഒക്കെ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല!