പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

യശസ്വി ജയ്സ്വാൾ ഇല്ല, സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി; അവസരം കിട്ടാതെ പുറത്തായവരുടെ നിരയിലേക്ക് റിങ്കു സിങ്ങും
ടി20 പരമ്പര: ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു | India vs South Africa T20 squad

ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ

File

Updated on

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരേ ടി20 പരമ്പര കളിക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ പതിനഞ്ചംഗ ടീമിൽ സ്ഥാനം നിലനിർത്തി. പരുക്കിൽനിന്നു മുക്തനായ ഹാർദിക് പാണ്ഡ്യയും, പരുക്ക് ഇനിയും ഭേദമാകാത്ത ശുഭ്മൻ ഗില്ലും ടീമിൽ ഇടംപിടിച്ചു.

ഗിൽ ടീമിലുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിനിറക്കൂ എന്നാണ് വിശദീകരണം. ഇടങ്കയ്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ പരിഗണിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ, ഗിൽ ഇല്ലെങ്കിൽ സഞ്ജു ആയിരിക്കും അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളി. ഗിൽ ഉണ്ടെങ്കിൽ ഫിനിഷർ റോളിൽ വിക്കറ്റ് കീപ്പർ ബാറ്ററായെത്തുന്നത് ജിതേഷ് ശർമയായിരിക്കും.

അതേസമയം, തുടരെ ടീമിനൊപ്പം യാത്ര ചെയ്തിട്ടും മതിയായ അവസരങ്ങൾ കിട്ടാത്ത റിങ്കു സിങ് ടീമിനു പുറത്തായി. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രദേശിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾക്കു പിന്നാലെയാണ് ഈ തീരുമാനം.

പേസ് ബൗളിങ് ഓൾറൗണ്ടറായ ഹാർദിക് തിരിച്ചെത്തിയതോടെ നിതീഷ് കുമാർ റെഡ്ഡിയെ പുറത്തിരുത്താൻ സെലക്റ്റർമാർ നിർബന്ധിതരായി. ശിവം ദുബെയും ഇതേ റോളിൽ സ്ഥാനം നിലനിർത്തി. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും. വരുൺ ചക്രവർത്തിയും കുൽദീപ് യാദവും സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.

ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് ടീമിലെ പേസ് ബൗളർമാർ. ഹാർദിക് ഉള്ള സാഹചര്യത്തിൽ ഇവരിൽ ഒരാളോ രണ്ടു പേരോ പ്ലെയിങ് ഇലവനു പുറത്തിരിക്കാനാണ് സാധ്യത. ഡിസംബർ 9, 11, 14, 17, 19 തീയതികളിലാണ് മത്സരങ്ങൾ.

ടീം ഇങ്ങനെ

  1. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ)

  2. ശുഭ്മൻ ഗിൽ (വൈസ്-ക്യാപ്റ്റൻ)

  3. അഭിഷേക് ശർമ

  4. തിലക് വർമ

  5. ഹാർദിക് പാണ്ഡ്യ

  6. ശിവം ദുബെ

  7. അക്ഷർ പട്ടേൽ

  8. ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ)

  9. സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)

  10. ജസ്പ്രീത് ബുംറ

  11. വരുൺ ചക്രവർത്തി

  12. അർഷ്ദീപ് സിങ്

  13. കുൽദീപ് യാദവ്

  14. ഹർഷിത് റാണ

  15. വാഷിങ്ടൺ സുന്ദർ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com