ടി20 ലോകകപ്പ് ഇന്ത്യക്ക്

ആവശേകരമായ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യൻ ചാംപ്യൻമാരായി
India vs South Africa T20 World Cup final 2024
ടി20 ലോകകപ്പ് ഇന്ത്യക്ക്MV Graphics

ബ്രിഡ്ജ്‌ടൗൺ: പടിക്കൽ കലമുടയ്ക്കുന്ന പതിവ് ദക്ഷിണാഫ്രിക്ക ആവർത്തിച്ചു. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ചാംപ്യൻമാർ. ഓരോ ഓവറിലും ജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ഏഴു റൺസിനാണ് ഇന്ത്യയുടെ വിജയം. ടൂർണമെന്‍റിൽ ഉടനീളം കണ്ടതുപോലെ, വ്യക്തിഗത മികവുകൾക്കുപരി ടീം ഗെയിമാണ് ഫൈനലിലും ഇന്ത്യയെ തുണച്ചത്.

ക്രിക്കറ്റിന്‍റെ ഏതു ഫോർമാറ്റിലും ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫൈനലായിരുന്നു ഇത്. 2007ൽ കന്നി ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യക്ക് ഈ ഫോർമാറ്റിൽ ഇത് രണ്ടാമത്തെ ലോക കിരീടവും. 2007ലെ ടീമിൽ അംഗമായിരുന്ന ഒരേയൊരാളാണ് ഇത്തവണയും ടീമിലുണ്ടായിരുന്നത്- അത് ക്യാപ്റ്റന്‍ രോഹിത് ശർമയായിരുന്നു. ഏകദിന ക്രിക്കറ്റിലും ഇന്ത്യ രണ്ടു വട്ടം ലോകകപ്പ് നേടിയിട്ടുണ്ട്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ്. ട്വന്‍റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ 169/8 വരെയാണ് എത്തിയത്.‌

ഒരു ഘട്ടത്തിൽ ഹെൻറിച്ച് ക്ലാസൻ ഏകപക്ഷീയമായി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി തിരിച്ച മത്സരമാണ് തോൽക്കാൻ മനസില്ലാത്ത പോരാട്ടവീര്യത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്.

70/3 എന്ന നിലയിൽ ക്രീസിലെത്തിയ ക്ലാസൻ ഒരു സമ്മർദവുമില്ലാതെ ഇന്ത്യൻ സ്പിന്നർമാരെ കണക്കറ്റു പ്രഹരിച്ചപ്പോൾ, ഇന്ത്യൻ ക്യാപ്റ്റന്‍റെ പക്കൽ ആയുധങ്ങളില്ലാതായി. അക്ഷർ പട്ടേൽ എറിഞ്ഞ പതിനഞ്ചാം ഓവറിൽ 24 റൺസ് പിറന്നതോടെ മത്സരത്തിൽ ഇന്ത്യക്കുണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചെന്ന തോന്നൽ.

27 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം 52 റൺസെടുത്ത ക്ലാസനെ പതിനേഴാം ഓവറിൽ ഹാർദിക് പാണ്ഡ്യ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ഗ്ലൗസിലെത്തിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയ പ്രതീതി.

എന്നാൽ, രണ്ടാം സ്പെല്ലിനെത്തിയ ജസ്പ്രീത് ബുംറ ഇന്ത്യയുടെ സാധ്യതകൾ വീണ്ടും സജീവമാക്കി. ആദ്യ രണ്ടോവറിൽ 12 റൺസ് വഴങ്ങിയ ബുംറ, അവസാന രണ്ടോവറിൽ ആറ് റൺസ് മാത്രമാണ് വഴങ്ങിയത്. മാർക്കോ യാൻസന്‍റെ (2) വിക്കറ്റും വീഴ്ത്തി.

അർഷ്‌ദീപ് സിങ് പത്തൊമ്പതാം ഓവർ എറിയാനെത്തുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് രണ്ടോവറിൽ 20 റൺസ്. ഡേവിഡ് മില്ലർ ഒരറ്റത്ത് നിൽക്കുമ്പോൾ അത് അസാധ്യമല്ല. എന്നാൽ, തന്‍റെ ഓവറിൽ അർഷ്‌ദീപ് വഴങ്ങിയത് വെറും നാല് റൺസ്. അങ്ങനെ ഹാർദിക് പാണ്ഡ്യക്ക് അവസാന ഓവറിൽ പ്രതിരോധിക്കാൻ 16 റൺസ്.

ഹാർദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഈ ടൂർണമെന്‍റിലെ തന്നെ ഏറ്റവും ഗംഭീരമായ ക്യാച്ചുകളിലൊന്നിൽ മില്ലറെ സൂര്യകുമാർ യാദവ് തിരിച്ചയച്ചു. ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ പറക്കുകയായിരുന്ന പന്ത് ഉയർന്നു ചാടി പിടിച്ചെടുത്ത സൂര്യ, ബൗണ്ടറിക്കപ്പുറത്തേക്ക് ചുവടു വയ്ക്കും മുൻപ് പന്ത് മുകളിലേക്കെറിഞ്ഞു; തിരിച്ചു ഗ്രൗണ്ടിലേക്കു ചാടി പന്ത് വീണ്ടും സുരക്ഷിതമായി കൈയിലൊതുക്കുകയും ചെയ്തു. പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. കാഗിസോ റബാദയെയും കേശവ് മഹാരാജിനെയും തടഞ്ഞു നിർത്താൻ ഹാർദിക്കിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.

അർധ സെഞ്ചുറി നേടിയ വിരാട് കോലിയുടെ ബാറ്റിങ്
അർധ സെഞ്ചുറി നേടിയ വിരാട് കോലിയുടെ ബാറ്റിങ്

നേരത്തെ, ടൂർണമെന്‍റിൽ ആദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ വിരാട് കോലി 76 റൺസുമായി ടോപ് സ്കോററായി. അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷർ പട്ടേലാണ് (31 പന്തിൽ 47) തുടക്കത്തിലെ ബാറ്റിങ് തകർച്ച കോലിയുമൊത്ത് അതിജീവിച്ചത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലുകൾ ജയിച്ച ടീമുകളിൽ ഇരു സംഘവും മാറ്റം വരുത്തിയിരുന്നില്ല.

ആദ്യ ഓവറിൽ മാർക്കോ യാൻസനെതിരേ മൂന്നു ബൗണ്ടറിയുമായി തുടങ്ങിയ കോലി മികച്ച ഫോമിന്‍റെ സൂചനകൾ നൽകി. തൊട്ടടുത്ത ഓവർ എറിയാനെത്തിയത് സ്പിന്നർ കേശവ് മഹാരാജ്. ഈ ഓവറിൽ രോഹിത് ശർമ രണ്ടു ബൗണ്ടറി നേടി നയം വ്യക്തമാക്കിയെങ്കിലും, ഇതേ ഓവറിൽ രോഹിതിന്‍റെയും (5 പന്തിൽ 9) ഋഷഭ് പന്തിന്‍റെയും (2 പന്തിൽ 0) വിക്കറ്റ് നേടിയ മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ആധിപത്യം നൽകി.

എന്നാൽ, കാഗിസോ റബാദയ്‌ക്കെതിരേ തന്‍റെ ട്രേഡ് മാർക്ക് പിക്കപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവ് ഫൈൻ ലെഗ്ഗിൽ ഹെൻറിച്ച് ക്ലാസിനു പിടി കൊടുത്തതോടെയാണ് ഇന്ത്യ ശരിക്കും പ്രതിരോധത്തിലായത്. അപ്പോൾ സ്കോർ 34/3.

അക്ഷർ പട്ടേലിന്‍റെ ഷോട്ട്.
അക്ഷർ പട്ടേലിന്‍റെ ഷോട്ട്.

എന്നാൽ, ഇവിടെ ഒരുമിച്ച അക്ഷർ പട്ടേലും കോലിയും ചേർന്ന് സ്കോർ 106 വരെയെത്തിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ അക്ഷർ നാലു സിക്സറുകൾ കൂടി നേയി ശേഷമാണ് കളം വിട്ടത്. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡികോക്കിന്‍റെ ഡയറക്റ്റ് ഹിറ്റിൽ അപ്രതീക്ഷിതമായി റണ്ണൗട്ടാകുകയായിരുന്നു.

തുടർന്നെത്തിയ ശിവം ദുബെ, മുൻ മത്സരങ്ങളിലേതിനെ അപേക്ഷിച്ച് കൂടുതൽ ഇന്‍റന്‍റോടെ ബാറ്റ് ചെയ്തു. 16 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത ദുബെ അവസാന ഓവറിലാണ് പുറത്തായത്.

48 പന്തിൽ 50 തികച്ച കോലി അടുത്ത പത്ത് പന്തിൽ 26 റൺസ് കൂടി നേടിയാണ് പത്തൊമ്പതാം ഓവറിൽ പുറത്തായത്. ആകെ 59 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 76 റൺസ്. രണ്ടു സിക്സും പിറന്നത് അമ്പതിനു ശേഷമായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ റീസ ഹെൻട്രിക്സിനെ (4) ജസ്പ്രീത് ബുംറയും മൂന്നാം ഓവറിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ (4) അർഷ്‌ദീപ് സിങ്ങും പുറത്താക്കി. എന്നാൽ, മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്വിന്‍റൺ ഡി കോക്കും (31 പന്തിൽ 39) ട്രിസ്റ്റൻ സ്റ്റബ്സും (21 പന്തിൽ 31) ജയത്തിന് അടിത്തറ പാകി. ഇതിനു ശേഷമായിരുന്നു ഇന്ത്യൻ ബൗളർമാരെ ക്ലബ് നിലവാരത്തിലേക്കു താഴ്ത്തിയ ക്ലാസന്‍റെ വെടിക്കെട്ട്.

2012നു ശേഷം ആദ്യമായാണ് ഒരു ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടുന്ന ക്യാപ്റ്റൻ ബാറ്റിങ് തെരഞ്ഞെടുക്കുന്നത്. അതേസമയം, മുൻപ് എട്ടു ഫൈനലുകളിൽ ഏഴു തവണയും ടോസ് നേടിയ ടീം തന്നെയാണ് കപ്പ് നേടിയത് എന്ന ചരിത്രവുമുണ്ട്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരാജയമറിയാതെയാണ് ഫൈനലിൽ വരെയെത്തിയത്.

പ്ലെയിങ് ഇലവൻ:

ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക - ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ആൻറിച്ച് നോർക്കിയ, കാഗിസോ റബാദ, ടബ്രെയ്സ് ഷംസി.

Trending

No stories found.

Latest News

No stories found.