
സെഞ്ചൂറിയൻ: വിലക്കുകളുടെ കാലം പിന്നിട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം അന്താരാഷ്‌ട്ര രംഗത്ത് തിരിച്ചെത്തിയ ശേഷം എട്ടു തവണയാണ് ഇന്ത്യൻ ടെസ്റ്റ് ടീം അവിടെ പര്യടനം നടത്തിയിട്ടുള്ളത്. അതിൽ വിജയത്തോട് ഏറ്റവും അടുത്തെത്തിയത് 2010-11ൽ, പരമ്പര 1-1 ലെത്തിച്ചുകൊണ്ട്.
ഇന്ത്യൻ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് ഇതുവരെ ബാലികേറാമലയാണ് ദക്ഷിണാഫ്രിക്ക. അവിടെയൊരു പരമ്പര ജയം എന്ന ലക്ഷ്യം ഒരിക്കൽക്കൂടി സജീവമാകുകയാണ് ചൊവ്വാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ.
രണ്ടു വർഷം മുൻപത്തെ പരമ്പര ഇന്ത്യയുടെ സുവർണാവസരമാണെന്നു പലരും കരുതിയെങ്കിലും, ആദ്യ മത്സരം ജയിച്ച ഇന്ത്യ അടുത്ത രണ്ടും തോറ്റ് പരമ്പര അടിയറ വയ്ക്കുകയായിരുന്നു. ഇത്തവണയാകട്ടെ, ആകെ രണ്ട് ടെസ്റ്റ് മാത്രമാണുള്ളത്.
സ്വന്തം നാട്ടിൽ ഇന്ത്യയോടു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിർത്താൻ ടെംബ ബവുമയും സംഘവും കിണഞ്ഞു പരിശ്രമിക്കുമെന്നുറപ്പ്. ഒപ്പം, ഈ പരമ്പരയോടെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്ന വെറ്ററൻ ഓപ്പണർ ഡീൻ എൽഗാറിന് ഉചിതമായ യാത്രയയപ്പ് നൽകുക എന്നതും അവരുടെ ലക്ഷ്യമാണ്.
കഴിഞ്ഞ മാർച്ചിലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ടെസ്റ്റ് കളിക്കുന്നത്. ഇത്തവണത്തെ വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ അവരുടെ ആദ്യ പരമ്പരയും ഇതു തന്നെ. ഇന്ത്യയാകട്ടെ, വെസ്റ്റിൻഡീസിനെതിരേ സൈക്കിളിലെ ആദ്യ പരമ്പര കളഇച്ചുകഴിഞ്ഞു. അവിടെ ആദ്യ ടെസ്റ്റ് ജയിക്കുകയും രണ്ടാം ടെസ്റ്റ് മഴ കാരണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലും മഴ ഭീഷണി സജീവമാണ്.
ടീം കോംബിനേഷൻ
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണിങ് റോൾ ഉപേക്ഷിച്ച് മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇടമുറപ്പിച്ചു കഴിഞ്ഞ കെ.എൽ. രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിലും സമാന പരിവർത്തനത്തിനുള്ള അവസരമാണ് ഈ പരമ്പര നൽകുന്നത്. രണ്ടു വർഷം മുൻപ് ഇതേ വേദിയിൽ ഓപ്പണറായി സെഞ്ചുറിയടിച്ചിട്ടുണ്ട് രാഹുൽ. ടെസ്റ്റ് ടീമിൽ സ്ഥാനം വീണ്ടെടുക്കാൻ ഇത്തവണ കീപ്പിങ്ങും മിഡിൽ ഓർഡർ സ്പോട്ടുമാണ് രാഹുലിന്‍റെ തുറുപ്പു ചീട്ടുകൾ.
രാഹുൽ മധ്യനിരയിൽ കളിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളുമായിരിക്കും ഇന്ത്യയുടെ ഓപ്പണർമാർ. ചേതേശ്വർ പൂജാരയുടെ സ്ഥാനത്ത് ശുഭ്‌മൻ ഗിൽ വൺഡൗണാകും. അജിങ്ക്യ രഹാനെയ്ക്കു പകരം ശ്രേയസ് അയ്യരും മധ്യനിരയിലെത്തും.
എട്ടാം നമ്പറിൽ ആർ. അശ്വിനോ ശാർദൂൽ ഠാക്കൂറോ എന്ന കാര്യത്തിലാണ് പ്രധാനമായും ആശയക്കുഴപ്പം നിലനിൽക്കുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെയാകും മുഖ്യ പേസർമാർ. മൂന്നാം പേസറായി പ്രസിദ്ധ് കൃഷ്ണ അരങ്ങേറ്റം കുറിച്ചേക്കും. ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി പ്രസിദ്ധ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മുകേഷ് കുമാറും ടീമിലുണ്ടെങ്കിലും, ഇഷാന്ത് ശർമയുടേതിനു സമാനമായ വേഗവും ബൗൺസും കണ്ടെത്താൻ സാധിക്കുന്ന പ്രസിദ്ധിന്‍റെ ശൈലിക്ക് കൂടുതൽ സഹായകമായിരിക്കും സെഞ്ചൂറിയനിലെ പിച്ച് എന്നാണ് വിലയിരുത്തൽ.
ബാറ്റിങ് മികവ് കണക്കിലെടുക്കുമ്പോൾ സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവീന്ദ്ര ജഡേജയും ടീമിലുണ്ടാകും. അഞ്ചാം ബൗളറുടെ റോളിലേക്കാണ് അശ്വിനും ഠാക്കൂറും തമ്മിലുള്ള മത്സരം. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ച്, ആകാശം മേഘാവൃതമാകുമ്പോൾ സ്വിങ്ങിന് അനുകൂലമാകുന്ന സാഹചര്യം എന്നിവയാണ് ഠാക്കൂറിന് അനുകൂലമായ ഘടകങ്ങൾ. മൂന്നു പേസർമാർ മതി എന്ന് ഇന്ത്യ തീരുമാനിച്ചാൽ മാത്രമേ അശ്വിനും ജഡേജയും ഒരുമിച്ച് ടീമിലെത്തൂ.
ദക്ഷിണാഫ്രിക്കയുടെ കാര്യത്തിൽ, എയ്ഡൻ മാർക്രം ഇപ്പോഴുള്ളത് കെ.എൽ. രാഹുലിന്‍റേതിനു സമാനമായ അവസ്ഥയിലാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഓപ്പണിങ് റോൾ വേണ്ടെന്നു വച്ച് മധ്യനിരയിലേക്കിറങ്ങിയതോടെയാണ് മാർക്രം ദക്ഷിണാഫ്രിക്കയുടെ പ്രീമിയർ ബാറ്ററായി മാറുന്നത്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ സമാനമായ മാറ്റം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഏഴ് ഇന്നിങ്സിൽ 109 റൺസ് മാത്രമാണ് നേടാനായത്, ശരാശരി വെറും 15.57. എന്നാൽ, ഈ വർഷം ആദ്യം വീണ്ടും ഓപ്പണറായ മാർക്രം 115, 47, 96, 18 എന്നിങ്ങനെയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ട് ടെസ്റ്റിൽ നേടിയ സ്കോർ. ഇന്ത്യക്കെതിരേയും ഡീൻ എൽഗാറിന്‍റെ ഓപ്പണിങ് പങ്കാളി മാർക്രം ആയിരിക്കും. ക്യാപ്റ്റൻ ബവുമ നാലാം നമ്പറിൽ കളിക്കും. ഏകദിന പരമ്പരയിൽ ഓപ്പണറായി തിളങ്ങിയ യുവ ഓപ്പണർ ടോണി ഡി സോർസി മൂന്നാം നമ്പറിലിറങ്ങാനാണ് സാധ്യത.
പരുക്കിൽനിന്നു മുക്തരായ കാഗിസോ റബാദയും ലുംഗി എങ്കിഡിയും ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തും. ജെറാൾഡ് കോറ്റ്സിയും ഓൾറൗണ്ടർ മാർക്കോ യാൻസനുമായിരിക്കും മറ്റു പേസർമാർ. ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി കേശവ് മഹാരാജിനെയും ഉൾപ്പെടുത്താനാണ് സാധ്യത.
സാധ്യതാ ടീമുകൾ:
ഇന്ത്യ - രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ / ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ദക്ഷിണാഫ്രിക്ക - ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ങാം / കീഗൻ പീറ്റേഴ്സൺ, കൈൽ വരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ജെറാൾഡ് കോറ്റ്സി, കാഗിസോ റബാദ, ലുംഗി എങ്കിഡി.