ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു കീഴടക്കിയ ഇന്ത്യ ചാംപ്യൻമാർ. ദീപ്തി ശർമയും ഷഫാലി വർമയും ഫൈനലിലെ വീരാംഗനമാർ
വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

ഇന്ത്യയുടെ വിജയശിൽപ്പി, ദീപ്തി ശർമ ഫൈനലിൽ.

Updated on

നവി മുംബൈ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു കീഴടക്കിയ ഇന്ത്യ ചാംപ്യൻമാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. ഷഫാലി വർമയും (87) സ്മൃതി മന്ഥനയും (45) ദീപ്തി ശർമയുമാണ് (58) ഇന്ത്യൻ ഇന്നിങ്സിനു കരുത്ത് പകർന്നത്. 36 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ദീപ്തിയും 36 റൺസിന് രണ്ട് വിക്കറ്റ് പിഴുത ഷഫാലിയും ബൗളിങ്ങിലും തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ലോറ വോൾവാർട്ടും തസ്മിൻ ബ്രിറ്റ്സും ചേർന്ന 51 റൺസ് ഓപ്പണിങ് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് മോശമല്ലാത്ത തുടക്കം നൽകി. 23 റൺസെടുത്ത അപകടകാരിയായ ബ്രിറ്റ്സിനെ അമൻജോത് കൗർ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വൺ ഡൗണായെത്തിയ അന്നിക് ബോഷ് ആറ് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ശ്രീചരണിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

സ്മൃതി മന്ഥനയും ഷഫാലി വർമയും സെഞ്ചുറി കൂട്ടുകെട്ടിനിടെ.

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final
ഷഫാലി വർമ: പകരം വയ്ക്കാനില്ലാത്ത പകരക്കാരി

സർപ്രൈസ് ബൗളറായെത്തിയ ഷഫാലി വർമയാണ് സൂൻ ലൂസിനെ (25) സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി ഇന്ത്യക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. ഇതിനിടെ ലോറ വോൾവാർട്ട് അർധ സെഞ്ചുറി പിന്നിട്ടിരുന്നു. പിന്നാലെ, പരിചയസമ്പന്നയായ മരിസാൻ കാപ്പിനെ (5) ഷഫാലി വിക്കറ്റ് കീപ്പർ റിച്ചയുടെ ഗ്ലൗസിലെത്തിച്ചു. സിനാലോ ജാഫ്തയെയും (16) അന്നെരി ഡെറെക്സനെയും (35) പുറത്താക്കിയ ദീപ്തി ശർമ ഇന്ത്യയെ കൂടുതൽ ശക്തമായ നിലയിലെത്തിച്ചു.

എന്നാൽ, ഇതിനു പിന്നാലെ സെഞ്ചുറി പൂർത്തിയാക്കിയ ലോറ വോൾവാർട്ട് ഇന്ത്യക്കും വിജയത്തിനുമിടയിൽ പ്രതിബന്ധമായി തുടർന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ലോറ വോൾവാർട്ട് സെഞ്ചുറി നേടിയിരുന്നു. എന്നാൽ, 98 പന്തിൽ 101 റൺസെടുത്ത ലോറയെ ദീപ്തിയുടെ പന്തിൽ അമൻജോത് കൗർ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ഇന്ത്യക്ക് ആശ്വാസം. ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റാണ് ഇതോടെ നഷ്ടമായത്. തൊട്ടു പിന്നാലെ ദീപ്തി തന്നെ ക്ലോ ട്രയോണിനെ വിക്കറ്റിനു മുന്നിൽ കുടുക്കി എട്ടാം വിക്കറ്റും വീഴ്ത്തി.‌

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ നൽകി ഷഫാലി വർമയുടെ ആഹ്ളാദം.

ശ്രീ ചരണി എറിഞ്ഞ 45ാം ഓവറിൽ റൺ നിരക്ക് ഉയർത്താൻ ക്ലോ ട്രയോണിന്‍റെ ശ്രമം ഫലം കണ്ടു തുടങ്ങി. എന്നാൽ, അവസാന പന്തിൽ സിംഗിൾ എടുക്കാനുള്ള ശ്രമം അയബോംഗ ഖാകയുടെ റണ്ണൗട്ടിൽ കലാശിച്ചതോടെ ഒമ്പതാം വിക്കറ്റും വീണു.

ദീപ്തിയുടെ ക്വോട്ടയിലെ അവസാന ഓവറിൽ മൂന്നാം പന്ത് മത്സരത്തിന്‍റെ അവസാന വിധിയെഴുതി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ കൈപ്പിടിയിൽ നിന്ന് വിജയം തട്ടിയെടുത്ത ക്ലോ ട്രയോണിന്‍റെ ക്യാച്ച് കൃത്യമായി ഇന്ത്യൻ ക്യാപ്റ്റന്‍റെ സുരക്ഷിത കരങ്ങളിൽ തന്നെ ചെന്നു ചേർന്നു; സ്റ്റേഡിയം ആർത്തിരമ്പി. ലോകകപ്പ് ഇന്ത്യക്ക്...!!!

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final
പൂത്തുലഞ്ഞ പെൺവസന്തം

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പരുക്കേറ്റ പ്രതീക റാവലിന്‍റെ അഭാവത്തിൽ തുടരെ രണ്ടാം മത്സരത്തിലും സ്മൃതി മന്ഥനയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഷഫാലി വർമ.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുയർത്തി. 39 പന്തിൽ 50 റൺസ് തികച്ച സഖ്യം, പത്തോവർ പിന്നിടുമ്പോൾ ടീം സ്കോർ 64 റൺസിലെത്തിച്ചു. 18ാം ഓവറിൽ വിക്കറ്റ് പോകാതെ നൂറും കടന്നു.

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരേ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.

17.4 ഓവറിൽ ടീം സ്കോർ 104 റൺസിലെത്തിയപ്പോൾ സ്മൃതി വീണു. ക്ലോ ട്രയോണിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച്. 58 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 45 റൺസാണു നേടിയത്.

തൊട്ടു പിന്നാലെ ഷഫാലി വർമ നേരിട്ട 49ാം പന്തിൽ അർധ സെഞ്ചുറിയും തികച്ചു. ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ 21 വയസുകാരിയുടെ അഞ്ചാം അർധ സെഞ്ചുറിയാണിത്. ടീം സ്കോർ 27.5 ഓവറിൽ 166 റൺസെത്തിയപ്പോഴാണ് ഷഫാലി പുറത്തായത്. 78 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതം 87 റൺസെടുത്തു.

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്‍റെ ഷോട്ട്.

ഇന്ത്യൻ സ്കോർ 29.4 ഓവറിൽ 171 റൺസിലെത്തിയപ്പോഴാണ് സെമിഫൈനലിലെ വീരനായിക ജമീമ റോഡ്രിഗ്സിന്‍റെ രൂപത്തിൽ മൂന്നാം വിക്കറ്റ് വീണത്. 37 പന്ത് നേരിട്ട ജമീമ ഒരു ഫോർ ഉൾപ്പെടെ 24 റൺസെടുത്തു. പിന്നീട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20), അമൻജോത് കൗർ (12) എന്നിവരുടെ വിക്കറ്റുകൾ കൂടി ഇന്ത്യക്കു നഷ്ടമായി. പിന്നീട് ദീപ്തിയും (58 പന്തിൽ 58) വിക്കറ്റ് കീപ്പർ റിച്ച ഘോഷും (24 പന്തിൽ 34) ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചത്.

ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടാതിരുന്ന ഷഫാലി, ഓപ്പണർ പ്രതീക റാവൽ പരുക്കേറ്റ് പുറത്തായതോടെയാണ് ടീമിലെത്തിയത്. സെമി ഫൈനലിൽ നേരിട്ട് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുകയും ചെയ്തിരുന്നെങ്കിലും അന്നു 10 റൺസ് മാത്രമാണു നേടിയിരുന്നത്.

വനിതാ ലോകകപ്പ് ഫൈനൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക | India vs South Africa Women's World Cup Final

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യൻ താരം ദീപ്തി ശർമയുടെ സ്വീപ്പ് ഷോട്ട്.

സെമി ഫൈനലിൽ ഓസ്ട്രേലിയയെ ഐതിഹാസികമായ റൺ ചേസിൽ തോൽപ്പിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഫൈനൽ കളിച്ചത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് മണിക്കാണ് ആരംഭിച്ചത്. എന്നാൽ, ഓവറുകളിൽ കുറവ് വരുത്തിയിരുന്നില്ല.

ടീമുകൾ

ഇന്ത്യ: സ്മൃതി മന്ഥന, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, ക്രാന്തി ഗൗഡ്, രേണുക സിങ്.

ദക്ഷിണാഫ്രിക്ക: ലോറ വോൾവാർട്ട് (ക്യാപ്റ്റൻ), തസ്മിൻ ബ്രിറ്റ്സ്, അന്നിക് ബോഷ്, സൂൻ ലൂസ്, മരിസാൻ കാപ്പ്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പർ), അന്നെരി ഡെർക്ക്സെൻ, ക്ലോ ട്രയോൺ, നദൈൻ ഡി ക്ലാർക്ക്, അവബോംഗ ഖാക, നോൻകുലുലേകോ എംലാബ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com