

പവലിയനെ അഭിവാദ്യം ചെയ്യുന്ന ധ്രുവ് ജുറെൽ.
കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ദേവദത്ത് പടിക്കലിനു പിന്നാലെ ധ്രുവ് ജുറെലും സെഞ്ചുറി നേടി. 9 വിക്കറ്റ് നഷ്ടത്തിൽ 503 റൺസ് എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
മഴ കാരണം കളി നിർത്തിവയ്ക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 475 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർ. 95 റൺസുമായി ജുറെലും റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജുമായിരുന്നു ക്രീസിൽ. മത്സരം പുനരാരംഭിച്ചപ്പോൾ ബാറ്റിങ് തുടർന്ന ജുറെൽ 177 പന്തിൽ 115 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒമ്പത് ഫോറും രണ്ട് സിക്സറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.
നേരത്തെ, 300/5 എന്ന നിലയിൽ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റക്കാരൻ സാരാംശ് ജയിന്‍റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആദ്യ ദിവസം പരുക്കേറ്റു മടങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇതോടെ ക്രീസിൽ തിരിച്ചെത്തി. ധ്രുവ് ജുറെലിനൊപ്പം അവിടെനിന്ന് സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കാനും ഋഷഭിനു സാധിച്ചു.
89 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. തുടർന്നെത്തിയ മാനവ് സുതാർ (51 പന്തിൽ 18) ജുറെലിന് ഉറച്ച പിന്തുണ നൽകി. ഈ സമയം കൊണ്ട് അർധ സെഞ്ചുറി പിന്നിട്ട ജുറെൽ പിന്നീട് മുഹമ്മദ് സിറാജിനെ ഒരറ്റത്തു സംരക്ഷിച്ചു നിർത്തി പോരാട്ടം തുടരുകയായിരുന്നു. 29 പന്ത് നേരിട്ട സിറാജ് 3 റൺസാണ് നേടിയത്. പ്രസിദ്ധ് കൃഷ്ണ 4 റൺസെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് എട്ട് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഓപ്പണർ ലാഹിരു ഉദാരയെ (1) പ്രസിദ്ധ് കൃഷ്ണ തേഡ് സ്ലിപ്പിൽ യശസ്വി ജയ്സ്വാളിന്‍റെ കൈയിലെത്തിച്ചു. നൈറ്റ് വാച്ച്മാനായി വന്ന പ്രഭാത് ജയസൂര്യ (2) മാനവ് സുതാറിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.