ശ്രീലങ്കയെ എറിഞ്ഞിട്ട് ഗുർനൂർ, തല്ലിത്തകർത്ത് സായ് സുദർശൻ; ലങ്കൻ മണ്ണിൽ ഇന്ത്യ എ ടീമിന് പരമ്പര

ശ്രീലങ്കയിലെ ഗാലെയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് ഇന്ത‍്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്
india vs sri lanka a 2nd unofficial test match updates

 ഗുർനൂർ ബ്രാർ

Updated on

ഗാലെ: ശ്രീലങ്ക എ ടീമിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ എ ടീമിന് 10 വിക്കറ്റ് ജയം. ശ്രീലങ്കയിലെ ഗാലെയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറാണ് ഇന്ത‍്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.

ആദ‍്യ മത്സരം സമനിലയിൽ കലാശിച്ചതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത‍്യ 1-0ന് തൂത്തുവാരി. ഒന്നാം ഇന്നിങ്സിൽ സായ് സുദർശൻ 168 റൺസ് അടിച്ചെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത‍്യയ്ക്ക് 543 റൺസ് ടീം സ്കോർ ഉയർത്താനായതും ശ്രീലങ്കയ്ക്കെതിരേ 177 റൺസ് ലീഡ് നേടാനും സാധിച്ചത്. 8 വിക്കറ്റ് നഷ്ടത്തിൽ 541 റൺസെന്ന നിലയിലാണ് ഇന്ത‍്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാൽ 543 റൺസിന് ടീമിന്‍റെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ടീം കൂടാരം കയറി.

സുദർശനു പുറമെ മലയാളി താരം ദേവ്ദത്ത് പടിക്കലും(53) ക‍്യാപ്റ്റൻ ധ്രുവ് ജുറലും (53) സാരാംശ് ജെയിനും (70 നോട്ടൗട്ട്) അർധസെഞ്ചുറി നേടി. ഷെയ്ഖ് റഷീദ് 45 റൺസും ആക്വിബ് നബി 30 റൺസും നേടി പുറത്തായപ്പോൾ ഋതുരാജ് ഗെയ്‌ക്‌വാദ് 13 റൺസ് മാത്രം അടിച്ചെടുത്ത് ആരാധകരെ നിരാശയിലാക്കി.

ഒന്നാം ഇന്നിങ്സിൽ 366 റൺസിന് ഓൾ ഔട്ടായ ശ്രീലങ്കൻ ടീമിനെ 209 റൺസിനാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യ എറിഞ്ഞിട്ടത്. 68 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ടാണ് പഞ്ചാബ് പേസർ ഗുർനുർ ബ്രാർ 6 വിക്കറ്റുകൾ പിഴുതെറിഞ്ഞത്.

മധ‍്യനിര ബാറ്റർ അഷെൻ ബന്ധാര മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും പൊരുതി നിന്നത്. 86 പന്തുകൾ നേരിട്ട താരം 87 റൺസ് നേടിയാണ് കളം വിട്ടത്. ക‍്യാപ്റ്റൻ സഹാൻ അരച്ചിഗെ അടക്കമുള്ള താരങ്ങൾക്ക് തിളങ്ങാനായില്ല. ഇതോടെ 48.3 ഓവറിൽ 209 റൺസിന് ശ്രീലങ്ക പുറത്തായി. ശ്രീലങ്ക ഉയർത്തിയ 33 റൺസ് വിജയലക്ഷ‍്യം 6.2 ഓവറിൽ ഇന്ത‍്യ എ 10 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓപ്പണിങ് ബാറ്റർ സായ് സുദർശൻ 22 പന്തിൽ 25 റൺസും അമൻ മൊഖഡെ 16 പന്തിൽ 11 റൺസും നേടി പുറത്താകാതെ നിന്നു.

logo
Metro Vaartha
www.metrovaartha.com