
#മുംബൈയില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍
വാംഖഡെയില്‍ സിംഹളമാനത്തെ കൂട്ടക്കുരുതി ചെയ്ത് ടീം ഇന്ത്യ. ലോകകപ്പില്‍ വാംഖഡെയും ഇന്ത്യയും തമ്മിലുള്ള ആത്മബന്ധം ഒന്നുകൂടി ഉറപ്പിച്ചു. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ അതേ വേദിയില്‍ ഒരിക്കല്‍ക്കൂടി ലങ്ക ഇന്ത്യയോട് അടിയറവ് പറഞ്ഞു. 302 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഏഴാം പോരാട്ടവും ജയിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക കേവലം 19.4 ഓവറില്‍ 55 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി ഒരിക്കല്‍ക്കൂടി അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഇന്ത്യയെ അനായാസ ജയത്തിലേക്കെത്തിച്ചു. തുടക്കത്തില്‍ മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും ഒരു വിക്കറ്റ് നേടിയ ബുംമ്രയുമാണ് ലങ്കാദഹനത്തിനു തുടക്കം കുറിച്ചത്. ജഡേജ ഒരു വിക്കറ്റും നേടി. ഏകദിന ലോകകപ്പില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ശുഭ്മന്‍ ഗില്‍ (92 പന്തില്‍ 92), വിരാട് കോലി (94 പന്തില്‍ 88) ശ്രേയസ് അയ്യര്‍ (56 പന്തില്‍ 82) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ജയത്തോടെ ഇന്ത്യ ഏഴ് കഴികളില്നിന്ന് 14 പോയിന്റുമായി ദക്ഷിണാഫ്രിക്കയെ മറികടന്ന് പട്ടികയില്‍ ഒന്നാമതെത്തി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ ശ്രീലങ്ക 54 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ മാച്ച്.
ലങ്കയെ ദഹിപ്പിച്ച് സിറാജും ബുമ്രയും
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റര്‍മാരെ തുടക്കത്തിലേ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍, പ്രത്യേകിച്ച് മുഹമ്മദ് സിറാജ് കൂട്ടക്കുരുതി നടത്തുന്നതാണ് വാംഖഡെയില്‍ കണ്ടത്. ബുംമ്രയെറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായി. പതും നിസംഗയെ വിക്കറ്റിനു മുന്നില്‍ക്കുടുക്കി ബുമ്ര പവലിയനിലേക്കയച്ചു. വൈഡും അപ്പീലുകളുമായി സംഭവബഹുലമായ ആ ഓവര്‍ അവസാനിച്ചു. അടുത്ത ഊഴം മുഹമ്മദ് സിറാജിന്റേതായിരുന്നു. ബുമ്രയുടെ ആദ്യപന്തിന്റെ തനിയാവര്‍ത്തനമെന്നോണം സിറാജിന്റെ ആദ്യ പന്തില്‍ ദിമുത് കരുണരത്നെയും വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്ത്. ഫീല്‍ഡ് അമ്പയറുടെ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടെങ്കിലും മറിച്ചൊരു അഭിപ്രായം അദ്ദേഹത്തിനുമില്ലായിരുന്നു. ഇതോടെ 2-2 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ മൂന്നാം സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് വീണ്ടും എറിഞ്ഞു തകര്‍ത്തു. രോഹിത് ശര്‍മയുടെ മികച്ച നീക്കമായിരുന്നു അതുവരെയില്ലാതിരുന്ന മൂന്നാം സ്ലിപ്പ്. മൂന്നു ബാറ്റര്‍മാരും പൂജ്യത്തിനു പുറത്ത്. സ്കോര്‍ബോര്‍ഡില്‍ എക്സ്ട്ര ലഭിച്ച രണ്ട് റണ്‍സും.
16-ാം പന്തിലാണ് ലങ്ക തങ്ങളുടെ ആദ്യ റണ്‍ കണ്ടെത്തുന്നത്. ബുമ്രയുടെ രണ്ടാം ഓവറില്‍ പരുക്കില്ലാതെ ലങ്ക രക്ഷപ്പെട്ടെങ്കിലും സിറാജിന്റെ പന്തിലെ തീയടങ്ങിയിരുന്നില്ല. ലങ്കയെ എരിച്ചുകൊണ്ട് സിറാജ് തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ നായകന് കുശാല്‍ മെന്‍ഡിസിനെ ബൗള്‍ഡാക്കി. അങ്ങനെ ലങ്ക മൂന്നു റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. പഴയ പടക്കുതിര എയ്ഞ്ചലോ മാത്യൂസാണ് പിന്നീട് ക്രീസിലെത്തിയത്. മാത്യൂസ് തന്നെ ലങ്കയുടെ ആദ്യബൗണ്ടറിയും കണ്ടെത്തി. സിറാജിനെതിരേയായിരുന്നു ബൗണ്ടറി. പിന്നീട് മാത്യൂസും അസലെങ്കയും ചേര്‍ന്ന് ലങ്കയെ പതിയെ മുന്നോട്ടു നയിച്ചു.
ഷമിയെത്തി, കഥ കഴിച്ചു
10-ാം ഓവർ എറിയാന്‍ മുഹമ്മദ് ഷമിയെ രോഹിത് വിളിച്ചു. ഇതോടെ ലങ്കയുടെ പ്രതീക്ഷകള്‍ മുഴുവന്‍ തകിടം മറിഞ്ഞു. ഷമിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അസലെങ്കയെ പോയിന്റില്‍ ജഡേജയുടെ കൈകളിലെത്തിച്ചു ഷമി രോഹിതിന്റെ വിശ്വാസം കാത്തു. 24 പന്ത് നേരിട്ട അസലെങ്കയ്ക്ക് ഒരു റണ്‍ മാത്രമാണ് നേടാനായത്. പിന്നാലെയെത്തിയ ഹേമന്ദയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി ഷമി ഒരിക്കല്‍ക്കൂടി ആഞ്ഞടിച്ചു. ബാറ്റിലുരസിയ പന്ത് കൈക്കലാക്കാന്‍ കെ.എല്‍. രാഹുലിന് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. ഇതോടെ ലങ്ക 9.4 ഓവറില്‍ ആറിന് 14 എന്ന നിലയിലേക്ക് വീണു. മറ്റൊരു ദുരന്തമുഖത്ത് ലങ്ക എത്തി. ഷമിയുടെ അടുത്ത പന്തില്‍ ഹാട്രിക് സാധ്യത. എന്നാല്‍, ക്രീസിലെത്തിയ ദുഷ്മന്ത ചമീരയ്ക്ക് ഷമിയുടെ പന്തിനെ പ്രതിരോധിക്കാനായി. ഷമി തന്റെ ആദ്യ ഓവറില്‍ത്തന്നെ റണ്‍സൊന്നും വഴങ്ങാതെ രണ്ട് വിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് ഷമി തന്റെ മൂന്നാമത്തെ വിക്കറ്റും വീഴ്ത്തി. 11-ാം ഓവറിലെ മൂന്നാം പന്ത് വൈഡായി പിന്നിലേക്ക്. അമ്പയര്‍ വൈഡ് വിളിക്കുകയും ചെയ്തു. എന്നാല്‍, ആ പന്ത് ഗ്ലൗവിലുണ്ടെന്ന വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ ഉറപ്പ്. ആ ഉറപ്പില്‍ രോഹിത് അമ്പയറുടെ ഡിസിഷന്‍ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ ഉറപ്പിന് അമ്പയറുടെ പച്ചക്കൊടി. ചമീരയും റണ്ണൊന്നുമെടുക്കാതെ പുറത്ത്. ഇതോടെ ലങ്ക ഏഴിന് 22 എന്ന നിലയിലേക്കു കൂപ്പുകുത്തി. ലങ്കന്‍ നിരയിലെ ഏറ്റവും പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസിന്റെ ഊഴമായിരുന്നു പിന്നീട്. ഷമി തന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ ബൗള്‍ഡാക്കി മാത്യൂസിനെ കൂടാരം കയറ്റി. ഷമിക്ക് ഇത് നാലാം വിക്കറ്റ്. ഷമിയുടെ അഞ്ചാം വിക്കറ്റും ലങ്കയുടെ ഒമ്പതാം വിക്കറ്റും രജിതയുടെ രൂപത്തില്‍ നിലംപതിച്ചു. 18-ാം ഓവറിലെ അവസാന പന്തില്‍ മൂന്നാം സ്ലിപ്പില്‍ ഗില്ലിന്റെ കൈകളില്‍ രജിത അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഷമിക്ക് അഞ്ച് വിക്കറ്റ്. അവസാന വിക്കറ്റ് വീഴ്ത്താനുള്ള ഭാഗ്യം രവീന്ദ്ര ജഡേജയ്ക്കായിരുന്നു. അഞ്ച് റണ്‍സ് നേടിയ ദില്ഷന് മധുസങ്കയെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ജഡേജ ഇന്ത്യക്ക് ജയം സമ്മാനിച്ചു. കേവലം 19.4 ഓവറില്‍ ലങ്ക ഓള് ഔട്ട്.
അഞ്ചോവറില്‍ കേവലം 18 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റെടുത്തത്. ഏഴോവറില്‍ 16 റണ്‍സ് വഴങ്ങി സിറാജ് മൂന്നു വി്ക്കറ്റുമെടുത്തു
ഹിറ്റ്മാന് വീണു, കോലിയും ഗില്ലും വാണു
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ബൗണ്ടറിയടിച്ചുകൊണ്ടായിരുന്നു രോഹിത് ശര്‍മയുടെ തുടക്കം. എന്നാല്‍, തൊട്ടടുത്ത പന്തില്‍ രോഹിതിനെ ഞെട്ടിച്ചുകൊണ്ട് ദില്ഷന് മധുശങ്ക ഓഫ്സ്റ്റംപ് പിഴുതു. അവിശ്വസനീയമായ ഓഫ് കട്ടര്‍ മനസിലാക്കുന്നതില്‍ രോഹിതിനു പിഴച്ചു. പിന്നാലെയെത്തിയ വിരാട് കോലി ലെഗ് ഗള്ളിയില്‍ അവസാനിക്കേണ്ടതായിരുന്നു എന്നാല്‍ കോലിയുടെ ഷോട്ട് ലങ്കന്‍ ഫീല്‍ഡറുടെ തൊട്ടുമുന്നില്‍ ബൗണ്‍സ് ചെയ്തു.
മധുശങ്ക എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ ഗില്ലിനെ പിടിക്കാനുള്ള അവസരം അസലെങ്കകവര് പോയിന്റില്‍ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ ആറാം ഓവറിലെ ആദ്യപന്തില്‍ വിരാട് കോലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം ചമീരയും നഷ്ടപ്പെടുത്തിയത് ലങ്കയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നീട് കോലിയും ഗില്ലും പതിയെ താളംകണ്ടെത്തുന്ന കാഴ്ചയാണ് വാംഖഡെയില്‍ കണ്ടത്. 10 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60ലെത്തി. ഇതിനിടെ, ലങ്കന്‍ നായകന് കുശാല്‍ മെന്‍ഡിസ് നാല് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കോലി-ഗില്‍ കൂട്ടുകെട്ട് പൊളിക്കാനായില്ല. 11-ാം ഓവറില്‍ ലങ്ക സ്പിന്നറെ അവതരിപ്പിച്ചു. 11 ഓവറിനിടെ അഞ്ച് ബൗളര്‍മാര്‍!. മഹീഷ് തീക്ഷണ എറിഞ്ഞ ആദ്യ പന്ത് തന്നെ ലോങ്ഓഫിലൂടെ ബൗണ്ടറി പായിച്ചുകൊണ്ടാണ് കോലി വരവേറ്റത്. 16.1 ഓവറില്‍ ഇന്ത്യ 100 റണ്‍സ് പിന്നിട്ടു, കോലി അര്‍ധസെഞ്ചുറിയും തികച്ചു. 50 പന്തില്‍നിന്നായിരുന്നു കോലിയുടെ അര്‍ധശതകം. ഇതില്‍ എട്ട് ബൗണ്ടറിയുമുണ്ടായിരുന്നു. അധികം താമസിയാതെ ഗില്ലും അര്‍ധസെഞ്ചുറി പിന്നിട്ടു. ഹേമന്തയുടെ പന്തില്‍ സ്ട്രെയിറ്റ് ഡ്രൈവിലൂടെയാണ് ഗില്‍ അര്‍ധസെഞ്ചുറി പിന്നിട്ടത്. 55 പന്തില്‍നിന്ന് എട്ടു ബൗണ്ടറികളോടെയായിരുന്നു ഗില്ലിന്റെ അര്‍ധസെഞ്ചുറിയും. മിസ് ഫീല്‍ഡിങ്ങും അലക്ഷ്യമായ ബൗളിങ്ങും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 24.5 ഓവറില്‍ ഇന്ത്യ 150ലെത്തി. മികച്ച റണ്‍റേറ്റില്‍ ഇന്ത്യ മുന്നേറിയെങ്കിലും മത്സരത്തിലെ ആദ്യ സിക്സ് പിറക്കാന്‍ 28-ാമത്തെ ഓവറിലെ മൂന്നാം പന്തിുവരെ കാത്തിരിക്കേണ്ടിവന്നു. ചമീരയ്ക്കെതിരേ സ്ക്വയര്‍ ലെഗ്ഗിലൂടെ ഗില്ലായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ ആദ്യ സിക്സ് പറത്തിയത്. തൊട്ടടുത്ത ഓവറില്‍ ഹേമന്തയെയും ഗില്‍ സിക്സിനു പറത്തി.
അര്‍ഹിച്ച സെഞ്ചുറി നഷ്ടപ്പെടുത്താനായിരുന്നു ഗില്ലിന്റെ വിധി. 30-ാം ഓവറിലെ അവസാന പന്ത്, മധുശങ്കയെറിയുന്നു. നിരുപദ്രവകാരിയായ സ്ലോ ബൗണ്‍സറില്‍ അപ്പര്‍ കട്ടിനായി ബാറ്റ് വച്ച ഗില്ലിനു പിഴച്ചു. ബാറ്റിലുരുമ്മിയ പന്ത് വിക്കറ്റ് കീപ്പര്‍ മെന്‍ഡിസ് കൈക്കലാക്കി. 92 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 92 റണ്‍സ് നേടി ഗില്‍ പുറത്തേക്ക്. കോലിക്കൊപ്പം 179 പന്തില്‍ 189 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ മടങ്ങിയത്.
കോലിയുടെ നഷ്ടവും അയ്യരുടെ പവറും
ഗില്ലിനു പകരം ശ്രേയസ് അയ്യര്‍ ക്രീസില്‍. അധികം താമസിയാതെ വിരാട് കോലിയും മടങ്ങി. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി എന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനുള്ള കുതിപ്പിലായിരുന്ന കോലിയെ പുറത്താക്കി മധുശങ്കതന്നെയാണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. നിസംഗ അനായാസ ക്യാച്ചിലൂടെ കോലിയെ പുറത്താക്കി. കോലിയുടെ ഇന്നിങ്സില്‍ 11 ബൗണ്ടറികള്‍ പിറന്നു. ഇതോടെ സ്റ്റേഡിയം നിശബ്ദമായി. സച്ചിന് ടെന്‍ഡുല്‍ക്കറുടെ മുന്നില്‍വച്ചുതന്നെ ആ റെക്കോഡിനൊപ്പമെത്താനുള്ള അവസാരമാണ് കോലിക്ക് നഷ്ടമായത്. ഇന്ത്യ- ലങ്ക മത്സരം കാണാന്‍ സച്ചിന് വിഐപി ബോക്സിലുണ്ടായിരുന്നു.
പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസും രാഹുലും ശ്രദ്ധയോടെ ഷോട്ടുകള്‍ പായിച്ചു. 33-ാമത്തെ ഓവറില്‍ ഇന്ത്യ 200 പിന്നിട്ടു. ശ്രേയസ് വളരെ ആക്രമണോത്സുകതയോടെ കളിച്ചു. ഇതിനിടെ ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സും ശ്രേയസിന്റെ ബാറ്റില്‍നിന്ന് പിറന്നു. രജിത എറിഞ്ഞ 36-ാം ഓവറിലെ നാലാം പന്തില്‍ ശ്രേയസ് പറത്തിയ സിക്സ് ചെന്നു വീണത് 106 മീറ്റര്‍ അകലെ. അപകടകരമാം വിധം ഇരുവരുടെയും കൂട്ടുകെട്ട് അവസാനിപ്പിച്ചത് ദുശ്മന്തയായിരുന്നു. 21 റണ്‍സെടുത്ത രാഹുല്‍ പുറത്ത്. 40-ാമത്തെഓവറിലെ രണ്ടാം പന്തില്‍ സില്ലി മിഡ് ഓഫില്‍ ചമീര പിടിച്ചാണ് രാഹുല്‍ പുറത്താകുന്നത്. പിന്നാലെ സൂര്യകുമാര്‍ ക്രീസില്‍. സ്വന്തം കാണകള്‍ ഹര്‍ഷാരവത്തോടെയാണ് സൂര്യയെ ക്രീസിലേക്കാനയിച്ചത്. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ബൗണ്ടറിയുമായി സൂര്യ തുടങ്ങി. എന്നാല്‍, സൂര്യയുടെ ഇന്നിങ്സിന് അധികനേരത്തെ ആയുസ് ഉണ്ടായിരുന്നില്ല. മധുശങ്കതന്നെ സൂര്യയെയും (ഒമ്പത് പന്തില്‍ 12) പറഞ്ഞയച്ചു. മധുശങ്കയുടെ ഷോട്ട് ബോള്‍ ഗ്ലൗവിലുടക്കി വിക്കറ്റ് കീപ്പര്‍ മെന്‍ഡിസിന്റെ കൈകളിലേക്ക്. ഇതോടെ ഇന്ത്യ 41.3 ഓവറില്‍ അഞ്ചിന് 276 എന്ന അവസ്ഥയിലായി.
പിന്നാലെ ശ്രേയസ് അര്‍ധസെഞ്ചുറി പിന്നിട്ടു. 36 പന്തിലായിരുന്നു ശ്രേയസിന്റെ അര സെഞ്ചുറി. രണ്ട് ബൗണ്ടറിയും നാല് സിക്സറുകളും ശ്രേയസില്നിന്ന് പിറന്നു. പിന്നീട് ശ്രേയസിന്റെ ബാറ്റില്‍നിന്ന് മൈതാനത്തു തൊട്ടും തൊടാതെയും പന്തുകള്‍ പാഞ്ഞു. ഇതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. ഒടുവില്‍ 56 പന്തില്‍ 82 റണ്‍സുമായി ശ്രേയസ് മധുശങ്കയ്ക്ക് വിക്കറ്റ് നല്കി മടങ്ങി. ശ്രേയസിന്റെ ഇന്നിങ്സിനു ചാരുതയേകി ആറ് സിക്സറുകളും മൂന്ന് ബൗണ്ടറികളും പിറന്നു. മധുശങ്കയുടെ അഞ്ചാം വിക്കറ്റായിരുന്നു ഇത്.
36 പന്തില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ട് ജഡേജയ്ക്കൊപ്പം പടുത്തുയര്‍ത്തിയ ശേഷമാണ് ശ്രേയസ് മടങ്ങിയത്. പിന്നീട് ജഡേജയും സംഹാര താണ്ഡവമാടി. 49-ാമത്തെ ഓവറില്‍ ഇന്ത്യ 350 പിന്നിട്ടു. ശ്രീലങ്കയ്ക്കു വേണ്ടി മധുശങ്ക 10 ഓവറില്‍ 80 റണ്‍സ് വഴങഅങി അഞ്ച് വിക്കറ്റ് നേടി.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങിയത്. ധനഞ്ജയ ഡി സില്‍വയ്ക്കു പകരം ദുഷന്‍ ഹേമന്ത ടീമിലെത്തി. അതേസമയം ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ലങ്കയ്ക്കെതിരേയും ഇറക്കിയത്. ഇന്ത്യ ഇനി ഞായറാഴ്ച ദക്ഷിണാഫ്രിക്കയെയും 12-ാം തീയതി നെതര്‍ലന്‍ഡ്സിനെയും നേരിടും.