

സ്മൃതി മന്ഥന, ഷഫാലി വർമ
തിരുവനന്തപുരം: ഇന്ത‍്യക്കെതിരായ നാലാം വനിതാ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 222 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത‍്യ 221 റൺസ് അടിച്ചെടുത്തു. ഓപ്പണിങ് ബാറ്റർമാരായ ഷഫാലി വർമയും സ്മൃതി മന്ഥനയും നൽകിയ വെടിക്കെട്ട് തുടക്കമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് ഇരുവരും അടിച്ചെടുത്തത്. സ്മൃതി 48 പന്തിൽ 11 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 80 റൺസും ഷഫാലി 46 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 79 റൺസും നേടി.
റിച്ച ഘോഷ്
ശ്രീലങ്കയ്ക്കു വേണ്ടി മൽഷ ഷെഹാനിയും നിമാഷ മീപാഗെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ഓപ്പണർമാർ ടീമിനെ മുന്നോട്ടു കൊണ്ടുപോയി. ഒടുവിൽ 15.2 ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് വീഴ്ത്താൻ.
ആദ‍്യ വിക്കറ്റ് വീണെങ്കിലും റൺനില കുറയുമെന്ന ശ്രീലങ്കൻ പ്രതീക്ഷകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ടായിരുന്നു റിച്ച ഘോഷിന്‍റെ നിർണായക ബാറ്റിങ് വിസ്ഫോടനം. 16 പന്തിൽ 3 സിക്സുകളും 4 ബൗണ്ടറിയും ഉൾപ്പടെ 250 സ്ട്രൈക്ക് റേറ്റിൽ 40 റൺസാണ് റിച്ച അടിച്ചെടുത്തത്. ഇതോടെ ടീം സ്കോർ ഉയർന്നു. മറുവശത്ത് 10 പന്തുകൾ നേരിട്ട് ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താവാതെ നിന്നു.
തുടക്കത്തിലെ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഹർമൻ അവസാന ഓവറുകളിലാണ് ബൗണ്ടറികൾ പറത്തിയത്. ഇതോടെ ശ്രീലങ്കയ്ക്കു മുന്നിൽ 222 റൺസെന്ന കൂറ്റൻ വിജയലക്ഷ‍്യം ഉയർത്താൻ ഇന്ത‍്യക്ക് സാധിച്ചു. അഞ്ച് ടി20 മത്സരങ്ങളിൽ ആദ‍്യ മൂന്നും വിജയിച്ച ഇന്ത‍്യയാണ് നിലവിൽ പരമ്പരയിൽ മുന്നിൽ.