

64 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ദുബായ്: ഏഷ്യ കപ്പ് വനിതാ ടി20 ടൂർണമെന്‍റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ദുർബലരായ തായ്‌ലൻഡിനു മുന്നിൽ ബാറ്റിങ് നിര കൂട്ടത്തോടെ തകർന്നിട്ടും ബൗളർമാരുടെ കരുത്തിൽ 94 റൺസിന്‍റെ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു ഇന്ത്യ.
സ്കോർ: ഇന്ത്യ 20 ഓവറിൽ 159/9, തായ്‌ലൻഡ് 16.1 ഓവറിൽ 65 ഓൾഔട്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഓപ്പണർ ഷഫാലി വർമയ്ക്കു മാത്രമാണ് മികച്ച വ്യക്തിഗത സ്കോർ കണ്ടെത്താനായത്. 36 പന്ത് നേരിട്ട ഷഫാലി എട്ട് ഫോറും മൂന്ന് സിക്സും സഹിതം 64 റൺസെടുത്തു. ജമീമ റോഡ്രിഗ്സിന്‍റെ സ്ഥാനത്ത് ടീമിലെത്തിയ പ്രതീക റാവൽ നേടിയ 22 റൺസാണ് രണ്ടാമത്തെ ഉയർന്ന സ്കോർ. പ്രതീകയുടെ ട്വന്‍റി20 അന്താരാഷ്ട്ര അരങ്ങേറ്റമായിരുന്നു ഇത്.
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന (19), മധ്യനിരക്കാരി ഭാരതി ഫൂൽമാലി (13) പതിനൊന്നാം നമ്പർ ബാറ്റർ ക്രാന്തി ഗൗഡ് (15 നോട്ടൗട്ട്) എന്നിവർ കൂടിയേ രണ്ടക്ക സ്കോറിലെത്തിയുള്ളൂ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (5), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (0), ഓൾറൗണ്ടർ ദീപ്തി ശർമ (5) എന്നിവരെല്ലാം അസ്ഥിരത തുടരുന്നു.
എന്നാൽ, തായ്‌ലൻഡിന്‍റെ ബാറ്റിങ് നിര ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ വെല്ലുവിളി ഉയർത്തിയില്ല. ആദ്യ ഓവർ മുതൽ വിക്കറ്റ് നഷ്ടപ്പെടുത്തിത്തുടങ്ങിയ അവർ ആകെ നേടിയ 65 റൺസിൽ 41 റൺസും വിക്കറ്റ് കീപ്പർ നന്നപത് കൊഞ്ചരോങ്കായിയുടെ വകയായിരുന്നു.
യുവ പേസർ നന്ദനി ശർമ ഇന്ത്യക്കു വേണ്ടി നാലോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏഴ് പന്ത് മാത്രം എറിഞ്ഞ ദീപ്തി ശർമ റണ്ണൊന്നും വഴങ്ങാതെയും മൂന്ന് വിക്കറ്റ് നേടി. ശ്രീചരണിക്ക് രണ്ട് വിക്കറ്റും ക്രാന്തി ഗൗഡിന് ഒരു വിക്കറ്റും കിട്ടി.