ടി20 ലോകകപ്പ്: ഇന്ത്യക്ക് അമേരിക്കൻ പരീക്ഷണം

ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ യുഎസ്എയെ നേരിടും.
ടി20 ലോകകപ്പ്: ഇന്ത്യക്ക് അമേരിക്കൻ പരീക്ഷണം
കളിക്കാനിറങ്ങുന്നത് ഏത് ടീമായാലും ന്യൂയോർക്കിലെ പിച്ച് തന്നെയാകും പ്രധാന കഥാപാത്രങ്ങളിലൊന്ന്.

ന്യൂയോർക്ക്: ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ ഇതുവരെ പരാജയമറിയാത്ത രണ്ടു ടീമുകൾ ബുധനാഴ്ച വൈകിട്ട് നേർക്കുനേർ. ഒന്ന് ഇന്ത്യയാണ്. മറുവശത്ത് അപരാജിതരുടെ കൂട്ടത്തിൽ ക്രിക്കറ്റ് പ്രേമികൾ മുൻപ് പ്രതീക്ഷിക്കാതിരുന്ന ഒരു ടീം- സഹ ആതിഥേയരായ യുഎസ്എ.

അയർലൻഡിനെയും പാക്കിസ്ഥാനെയും കീഴടക്കിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാൽ, പാക്കിസ്ഥാനെ അട്ടിമറിച്ച യുഎസ്എയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ധൈര്യം കൂടിയുണ്ട് കൂട്ടിന്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഒരേ പ്ലെയിങ് ഇലവനെ അണിനിരത്തിയ ഇന്ത്യ മൂന്നാം മത്സരത്തിൽ അതിനു മാറ്റം വരുത്തുമോ എന്നതാണ് കൗതുകമുണർത്തുന്ന ചോദ്യം. ടീമിൽ ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും റോളുകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

രോഹിത് ശർമ - വിരാട് കോലി ഓപ്പണിങ് സഖ്യം തുടരാനാണ് തീരുമാനമെങ്കിൽ യശസ്വി ജയ്സ്വാളിന് ഇനിയും കാത്തിരിക്കേണ്ടി വരും. മറിച്ച്, കോലിയെ മൂന്നാം നമ്പറിലേക്കു തിരികെ കൊണ്ടുവന്നാൽ ജയ്സ്വാൾ ഓപ്പണറാകും, ദുബെ ടീമിൽ നിന്നു പുറത്താകും. രോഹിത് - കോലി സഖ്യം തുടരുകയും ദുബെയെ ഒഴിവാക്കുകയും ചെയ്താൽ സഞ്ജു സാംസൺ ടീമിലെത്തും.

അക്ഷർ പട്ടേൽ ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികവ് പുലർത്തുന്ന സാഹചര്യത്തിൽ രവീന്ദ്ര ജഡേജയെ ഒഴിവാക്കുന്നതും, പ്ലെയിങ് ഇലവനു പുറത്തിരിക്കുന്ന നമ്പർ വൺ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കുന്നതും ഇന്ത്യക്കു പരിഗണിക്കാം.

സൂപ്പർ എയ്റ്റിൽ വരാനിരിക്കുന്ന കടുത്ത മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യക്ക് പരീക്ഷണത്തിനായി ഇനി ശേഷിക്കുന്നത് യുഎസ്എയ്ക്കും ക്യാനഡയ്ക്കും എതിരായ മത്സരങ്ങൾ മാത്രമാണ്. അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റർമാരെ മാത്രം ഉൾപ്പെടുത്തുന്ന ടീമിനെ മൂന്ന് ഓൾറൗണ്ടർമാരെ ഉപയോഗിച്ച് സന്തുലിതമാക്കാനുള്ള അഭ്യാസം എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടുതന്നെ അറിയണം.

Trending

No stories found.

Latest News

No stories found.