

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ
തിരുവനന്തപുരം: ഇന്ത‍്യയ്ക്കെതിരേ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ‍്യ ഏകദിന മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് പിന്നിട്ടിട്ടുണ്ട് വിൻഡീസ് പട. ജോൺ കാമ്പെല്ലും ജസ്റ്റിൻ ഗ്രീവ്‌സും അർധസെഞ്ചുറികൾ നേടി.
ഇരുപതാം ഓവറിലാണ് കുൽദീപ് യാദവ് ആദ‍്യ വിക്കറ്റെടുത്ത് കൂട്ടുകെട്ട് പൊളിച്ചത്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് വേണ്ടി പേസർ പ്രസിദ്ധ് കൃഷ്ണയാണ് ബൗളിങ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ‍്യ ഓവർ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് ഭംഗിയായി പന്തെറിഞ്ഞെങ്കിലും രണ്ടാം ഓവർ പതിവിന് വിപരീതമായി മീഡിയം പേസർ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്നത് വിൻഡീസ് ബാറ്റർമാർ മുതലാക്കി. 4 ബൗണ്ടറിയാണ് നിതീഷിനെ ജസ്റ്റിൻ ഗ്രീവ്സ് രണ്ടാം ഓവറിൽ അടിച്ചത്.
ഇതോടെ ടോപ് ഗിയറിൽ കുതിച്ച ഗ്രീവ്സിനെ പിടിച്ചുകെട്ടാനായില്ല. മറുവശത്ത് ജോൺ കാമ്പെല്ലിനെ കാഴ്ചക്കാരനാക്കി നിർത്തി ഓരോ ഓവറിലും ബൗണ്ടറി വീതം പറത്തി താരം സ്കോർബോർഡ് ഉയർത്തി. ഗുർനൂർ ബ്രാറും പന്തെറിഞ്ഞെങ്കിലും മറ്റൊന്നായിരുന്നില്ല ഫലം. ആദ‍്യ ഓവറിൽ തന്നെ 10 റൺസ് താരം വിട്ടുകൊടുത്തു. പിന്നീട് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഏഴാം ഓവറിൽ മൂന്ന് ബൗണ്ടറികൾ അടിച്ചെടുത്ത് ജസ്റ്റിൻ ഗ്രീവ്സ് ആക്രമണം തുടർന്നു.
കൂട്ടുകെട്ട് പൊളിക്കാൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ രവീന്ദ്ര ജഡേജയെ കൊണ്ടുവന്നെങ്കിലും 16 റൺസാണ് വിൻഡീസ് ബാറ്റർമാർ അടിച്ചെടുത്തത്. ജോൺ അടുപ്പിച്ച് രണ്ട് സിക്സും ജസ്റ്റിൻ ഒരു ബൗണ്ടറിയും പറത്തിയായിരുന്നു ജഡേജയെ നേരിട്ടത്. ഒടുവിൽ കുൽദീപ് യാദവാണ് ടീമിന് ബ്രേക്ക് ത്രൂ നൽകിയത്.
അർധസെഞ്ചുറിയുമായി ഗ്രീവ്സും കീസി കാർട്ടിയുമാണ് ക്രീസിൽ. അതേസമയം, സ്വിങ് ബൗളർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയാണ് ഇന്ത‍്യ ഹിറ്റ് ദി ഡെക്ക് ബൗളർമാരായ പ്രസിദ്ധ് കൃഷ്ണയെയും ഗുർനൂർ ബ്രാറിനെയും ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരങ്ങേറ്റക്കാരൻ നമൻ ധിർ അടക്കം മൂന്ന് ഓൾറൗണ്ടർമാർക്ക് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചിട്ടുണ്ട്. സീനിയർ താരം രോഹിത് ശർമ ശുഭ്മൻ ഗില്ലിനൊപ്പം ഓപ്പണിങ് ചെയ്യുന്നതിനാൽ യശസ്വി ജയ്സ്വാളിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല.