
ജുറൽ- ജഡേജ
അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത‍്യ മികച്ച ലീഡിലേക്ക്. ചായസമയത്തിനു പിരിയുമ്പോൾ 164 റൺസിന്‍റെ ലീഡുണ്ട് ഇന്ത‍്യക്ക്. നാലു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ് ടീം. കെ.എൽ. രാഹുലിന്‍റെ സെഞ്ചുറിയും ശുഭ്മൻ ഗിൽ (50), ധ്രുവ് ജുറൽ (68), രവീന്ദ്ര ജഡേജ (50) എന്നിവരുടെ അർധസെഞ്ചുറികളുമാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 68 റൺസുമായി പുറത്താവാതെ ധ്രുവ് ജുറലും 50 റൺസുമായി മറുവശത്ത് രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തിൽ ടീമിനു നഷ്ടമായത്. ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (7) എന്നിവരുടെ വിക്കറ്റുകൾ ആദ‍്യ ദിനം തന്നെ ടീമിനു നഷ്ടമായിരുന്നു.
സെഞ്ചുറി നേടിയതിനു പിന്നാലെ ജോമൽ വാരികന്‍റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സിന് ക‍്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 190 പന്തിൽ നിന്നുമാണ് രാഹുൽ സെഞ്ചുറി നേടിയത്. ഇതോടെ 11 ടെസ്റ്റ് സെഞ്ചുറിയായി താരത്തിന്‍റെ പേരിൽ. ഇന്ത‍്യയിൽ രാഹുലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് അഹമ്മദാബാദിൽ പിറന്നത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 162 റൺസിന് പുറത്തായിരുന്നു. ജസ്റ്റിൻ ഗ്രീവ്സ് (32), ക‍്യാപ്റ്റൻ റോസ്റ്റൺ ചേസ് (24), ഷായ് ഹോപ് (26) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ പൊരുതി നിന്നത്. ഇന്ത‍്യക്കു വേണ്ടി പേസർ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു രണ്ടാം ദിനം കളി ആരംഭിച്ചത്. രാഹുലിനൊപ്പം ചേർന്ന് 98 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഗില്ലിന് സാധിച്ചെങ്കിലും 50 റൺസെടുത്ത് ഗിൽ മടങ്ങി.