ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സ് ജയം

ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 286 റൺസ് ലീഡ് മറികടക്കാൻ ബാറ്റേന്തിയ വിൻഡീസ് 146 റൺസിന് ഓൾഔട്ടായി.
india vs west indies 1st test match updates

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടം

Updated on

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 140 റൺസിനും ജയിച്ചു. ആദ്യ ഇന്നിങ്സിൽ 162 റൺസിന് ഓൾഔട്ടായ വിൻഡീസിന്‍റെ രണ്ടാം ഇന്നിങ്സ് 146 റൺസിൽ അവസാനിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ 448/5 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ 286 റൺസ് ലീഡ് നേടിയിരുന്നു. ഇതു മറികടന്ന് ആതിഥേയരെ രണ്ടാമതും ബാറ്റ് ചെയ്യിക്കാനിറങ്ങിയ സന്ദർശകർക്ക് മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോൾ തന്നെ 49 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു.

ലഞ്ചിനു ശേഷമുള്ള സെഷനിൽ ശേഷിച്ച വിക്കറ്റുകളും കടപുഴകി. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു. കുൽദീപ് യാദവിന് രണ്ടു വിക്കറ്റ്. ശേഷിച്ച വിക്കറ്റ് വാഷിങ്ടൺ സുന്ദറിനാണ്. ആറോവർ മാത്രം പന്തെറിഞ്ഞ ജസ്പ്രീത് ബുംറയ്ക്ക് രണ്ടാമിന്നിങ്സിൽ വിക്കറ്റൊന്നുമില്ല.

സെഞ്ചുറിയും നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഒഫ് ദ മാച്ച്. മത്സരത്തിലാകെ ഏഴ് വിക്കറ്റ് നേടിയ സിറാജും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യക്കു വേണ്ടി ജഡേജയെ കൂടാതെ ഓപ്പണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും സെഞ്ചുറി നേടിയിരുന്നു.

മൂന്നാം ദിനം കളി ആരംഭിക്കുന്നതിനു മുൻപേ തന്നെ ഇന്ത‍്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിന്‍റെ തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട വിൻഡീസിന് തേജ്നരെയ്‌ൻ ചന്ദ്രർപോളിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്.

ഇതിനു പിന്നാലെ ജോൺ ക‍്യാമ്പെലും പുറത്തായി. തുടർന്ന് ജഡേജ- കുൽദീപ് സഖ‍്യം വിൻഡീസ് ബാറ്റർമാരായ ബ്രാൻഡൻ കിങ്ങ്, ഷായ് ഹോപ്, ക‍്യാപ്റ്റൻ റോസ്റ്റൻ ചേസ് എന്നിവരെ ക്രീസിൽ നിലനിർത്താതെ ഗ‍്യാലറിയിലേക്ക് മടക്കി. 38 റൺസെടുത്ത അലിക് അത്തനേസ് ആണ് വെസ്റ്റിൻഡീസിന്‍റെ ടോപ് സ്കോറർ.

നേരത്തെ കെ.എൽ. രാഹുൽ (100), രവീന്ദ്ര ജഡേജ(104 നോട്ട് ഔട്ട്), ധ്രുവ് ജുറൽ (125) എന്നിവരുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത‍്യ കൂറ്റൻ സ്കോറിലെത്തിയത്. ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (50), കെ.എൽ. രാഹുൽ (100), ധ്രുവ് ജുറൽ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തിൽ ഇന്ത‍്യക്ക് നഷ്ടമായത്. ഓപ്പണിങ് ബാറ്ററായ ‍യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (7) എന്നിവർ ആദ‍്യ ദിനം തന്നെ പുറത്തായിരുന്നു.

ഇന്ത‍്യക്ക് മികച്ച തുടക്കം സമ്മാനിച്ചത് കെ.എൽ. രാഹുലിന്‍റെ പ്രകടനമായിരുന്നു. എന്നാൽ സെഞ്ചുറി നേടിയതിനു പിന്നാലെ ജോമൽ വാരികന്‍റെ പന്തിൽ ജസ്റ്റിൻ ഗ്രീവ്സിന് ക‍്യാച്ച് നൽകി രാഹുൽ മടങ്ങി. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 190 പന്തിൽ നിന്നുമാണ് രാഹുൽ സെഞ്ചുറി നേടിയത്. ഇതോടെ 11 ടെസ്റ്റ് സെഞ്ചുറിയായി താരത്തിന്‍റെ പേരിൽ. ഇന്ത‍്യയിൽ രാഹുലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ് അഹമ്മദാബാദിൽ പിറന്നത്.

രാഹുൽ പുറത്തായതിനു പിന്നാലെ ജഡേജ- ജുറൽ സഖ‍്യം അഞ്ചാം വിക്കറ്റിൽ 206 റൺസാണ് അടിച്ചുകൂട്ടിയത്. 15 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടുന്ന ജുറലിന്‍റെ കന്നി സെഞ്ചുറി തകർത്തത് വെസ്റ്റ് ഇൻഡീസ് താരം ഖാരി പിയേറെയാണ്. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക‍്യാച്ച് നൽകിയായിരുന്നു ജുറലിന്‍റെ മടക്കം. അതേസമയം ജഡേജയുടെ ആറാം സെഞ്ചുറിയാണ് അഹമ്മദാബാദിൽ കുറിച്ചത്.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് 162 റൺസിന് പുറത്തായിരുന്നു. ജസ്റ്റിൻ ഗ്രീവ്സ് (32), ക‍്യാപ്റ്റൻ റോസ്റ്റൺ‌ ചേസ് (24), ഷായ് ഹോപ്പ് (26) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ പൊരുതി നിന്നത്. ഇന്ത‍്യക്കു വേണ്ടി പേസർ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംറ മൂന്നും കുൽദീപ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. 2 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നിലയിലായിരുന്നു രണ്ടാം ദിനം കളി ആരംഭിച്ചത്. രാഹുലിനൊപ്പം ചേർന്ന് 98 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ഗില്ലിന് സാധിച്ചെങ്കിലും 50 റൺസെടുത്ത് ഗിൽ മടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com