
വെസ്റ്റ് ഇൻഡീസ് പരമ്പര തൂത്തുവാരി ഇന്ത‍്യ
ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ഇന്ത‍്യ. രണ്ടാം ടെസ്റ്റിൽ ഫോളോ ഓൺന് വഴങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്സിൽ ഉയർത്തിയ 121 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓപ്പണിങ് ബാറ്റർ കെ.എൽ. രാഹുൽ (58 നോട്ടൗട്ട്) അർധസെഞ്ചുറി നേടി.
106 പന്തിൽ 5 ബൗണ്ടറിയും 2 സിക്സും ഉൾപ്പടെ പുറത്താവാതെ 58 റൺസാണ് താരം നേടിയത്. രാഹുലിനു പുറമെ സായ് സുദർശൻ (39) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇൻഡീസിനു വേണ്ടി ക‍്യാപ്റ്റൻ റോസ്റ്റൺ ചേസ് രണ്ടും ജോമൽ വാരിക്കാൻ ഒരു വിക്കറ്റും വീഴ്ത്തി. സായ് സുദർശൻ, ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ (13) എന്നിവരുടെ വിക്കറ്റാണ് അഞ്ചാം ദിനം ഇന്ത‍്യക്ക് നഷ്ടമായത്. ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റ് നേരത്തെ തന്നെ ടീമിനു നഷ്ടമായിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത‍്യക്ക് 25 റൺസ് ചേർക്കുന്നതിനിടെ സായ് സുദർശന്‍റെ വിക്കറ്റ് നഷ്ടമായി. ജോമൽ വാരിക്കാനായിരുന്നു വിക്കറ്റ്. എന്നാൽ ഗില്ലിനൊപ്പം ചേർന്ന് രാഹുൽ ടീമിനെ നൂറുകടത്തിയെങ്കിലും 108 റൺസിൽ നിൽക്കെ റോസ്റ്റൺ ചേസിന് വിക്കറ്റ് നൽകി ഗിൽ മടങ്ങി. തുടർന്ന് രാഹുലും ജുറലും (6 നോട്ടൗട്ട്) ചേർന്നാണ് വിജയലക്ഷ‍്യം മറികടന്നത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യ ഉയർത്തിയ 518 റൺസ് മറികടക്കാൻ ബാറ്റേന്തിയ വിൻഡീസ് 248 റൺസിന് പുറത്തായതിനു പിന്നാലെ ഫോളോ ഓൺന് വഴങ്ങിയെങ്കിലും ജോൺ ക‍്യാംപലിന്‍റെയും ഷായ് ഹോപ്പിന്‍റെയും സെഞ്ചുറികളും അവസാന വിക്കറ്റിൽ ജസ്റ്റിൻ ഗ്രീവ്സും ജെയ്ഡൻ സീൽസും അടിച്ചെടുത്ത 79 റൺസുമാണ് ടീമിനെ പൊരുതി നിൽക്കാൻ സഹായിച്ചത്. പക്ഷേ 390 റൺസിന് ടീം ഓൾ ഔട്ടായതോടെ ഇന്ത‍്യയുടെ വിജയലക്ഷ‍്യം 121 റൺസായി.
115 പന്തുകൾ നേരിട്ട ജോൺ 12 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 115 റൺസും 214 പന്തുകൾ നേരിട്ട ഷായ് ഹോപ്പ് 12 ബൗണ്ടറിയും 2 സിക്സും അടക്കം 103 റൺസും നേടി. ജോണിനെ ജഡേജയും ഷായ് ഹോപ്പിനെ സിറാജുമാണ് പുറത്താക്കിയത്. ആദ‍്യ ടെസ്റ്റ് ഒരിന്നിങ്സിനും 140 റൺസിനുമായിരുന്നു ഇന്ത‍്യ വിജയിച്ചത്.