വിൻഡീസിനെതിരേ 23കാരന്‍റെ അഴിഞ്ഞാട്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്

ഒന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലാണ് ഇന്ത‍്യ
india vs west indies test match updates

യശസ്വി ജയ്സ്വാൾ

Updated on

ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത‍്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലാണ് ടീം. 173 റൺസുമായി യശസ്വി ജയ്സ്വാളും 20 റൺസുമായി ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ. ഓപ്പണർ കെ.എൽ. രാഹുലിന്‍റെയും സായ് സുദർശന്‍റെയും വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ജോമൽ വാരിക്കാനാണ് ഇരു താരങ്ങളെയും പുറത്താക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ജയ്സ്വാൾ കരുതലോടെ നീങ്ങിയപ്പോൾ കെ.എൽ. രാഹുൽ ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റു വീശി. പിന്നീട് ജോമൽ വാരിക്കാൻ എറിഞ്ഞ പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാനുള്ള രാഹുലിന്‍റെ ശ്രമം പാളുകയും വിക്കറ്റ് കീപ്പർ തെവിൻ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ചേർന്ന് 58 റൺസ് കൂട്ടുകെട്ട് നേടിയ ശേഷമാണ് രാഹുൽ പുറത്തായത്. എന്നാൽ തെല്ലും ഭയമില്ലാതെ വിൻഡീസ് ബൗളർമാരെ അടിച്ചതൊക്കി ജയ്സ്വാൾ സ്കോർബോർഡ് ഉയർത്തി. 22 ബൗണ്ടറി ഉൾപ്പടെ 173 റൺസാണ് ഒന്നാം ദിനം താരം അടിച്ചുകൂട്ടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തന്‍റെ ഏഴാമത്തെ സെഞ്ചുറിയും വെസ്റ്റ് ഇൻഡീസിനെതിരേ രണ്ടാമത്തെ സെഞ്ചുറിയും താരം പൂർത്തിയാക്കി.

രാഹുൽ പുറത്തായതിനു ശേഷം ക്രീസിലെത്തിയ സായ് സുദർശൻ ജയ്സ്വാളിനൊപ്പം ചേർന്ന് റൺവേട്ട തുടർന്നതോടെയാണ് ടീം സ്കോർ ഉയർന്നത്. എന്നാൽ ജോയൽ വാരിക്കാൻ സായ് സുദർശനെ പുറത്താക്കികൊണ്ട് ജയ്സ്വാൾ- സായ് കൂട്ടുകെട്ട് തകർത്തു. 193 റൺസായിരുന്നു രണ്ടാം വിക്കറ്റിൽ ഇരുവരും ചേർത്തത്. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ സായ് സുദർശന്‍റെ ക‍്യാച്ച് വിൻഡീസ് കൈവിടുകയും പിന്നീട് ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ വന്നത് തിരിച്ചടിയായി. 13 റൺസിനാണ് സായ് സുദർശന് സെഞ്ചുറി നഷ്ടമായത്. 165 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പടെ 87 റൺസാണ് താരം അടിച്ചത്.

ഒന്നാം ടെസ്റ്റ് വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത‍്യ കളത്തിലിറങ്ങിയത്. ഈ മത്സരം കൂടി വിജയിച്ചാൽ 2-0 ന് ഇന്ത‍്യക്ക് പരമ്പര നേടാം. അതേസമയം, രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡൻ കിങ്, ജൊഹാൻ ലയ്നെ എന്നിവർക്കു പകരം ആൻഡേഴ്സൺ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവൻ: ജോണ്‍ ക‍്യാംബെല്‍, തേജ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസ്, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ വാരിക്കാന്‍, ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com