മധുര പ്രതികാരം: ഇന്ത്യക്ക് കൂറ്റൻ ജയം

സിംബാബ്‌വെക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന്‍റെ കരുത്തുറ്റ തിരിച്ചുവരവ്, നൂറ് റൺസ് വിജയം
India beat Zimbabwe by 100 runs in 2nd T20
സെഞ്ചുറി നേടിയ അഭിഷേക് ശർമയുടെ ആഹ്ളാദ പ്രകടനം.

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ടീം തല ചൊറിഞ്ഞത് തീക്കൊള്ളി കൊണ്ടായിരുന്നു. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ ആളിക്കത്തിയപ്പോൾ ആതിഥേയരുടെ പോരാട്ടവീര്യമൊക്കെ കത്തിക്കരിഞ്ഞു പോയി. സിംബാബ്‌വെ ഫീൽഡർമാർ ഗ്രൗണ്ടിൽ പന്തിനു പിന്നാലെ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ 20 ഓവറിൽ ഇന്ത്യ നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്. സിംബാബ്‌വെയുടെ മറുപടി 18.4 ഓവറിൽ 134 റൺസിൽ ഒതുങ്ങുകയും ചെയ്തു. ആദ്യ മത്സരത്തിൽ 102 റൺസിന് ഓൾഔട്ടായ ഇന്ത്യ രണ്ടാം മത്സരം നൂറു റൺസ് മാർജിനിൽ ജയിച്ച് ഗംഭീര തിരിച്ചുവരവും നടത്തി. സിംബാബ്‌വെക്കെതിരേ ഏതെങ്കിലും ടീം നേടുന്ന ഏറ്റവും ഉയർന്ന ടി20 സ്കോറാണ് ഇന്ത്യ നേടിയ 234.

ആദ്യ മത്സരത്തിൽ ടോപ് സ്കോററായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായിട്ടും പതറാതെ പോരാട്ടം നയിച്ച അഭിഷേക് ശർമയുടെ സെഞ്ചുറിയും ഋതുരാജ് ഗെയ്ക്ക്‌വാദിന്‍റെ അപരാജിത അർധ സെഞ്ചുറിയും റിങ്കു സിങ്ങിന്‍റെ ഫിനിഷിങ് വെടിക്കെട്ടുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് കളിക്കാനിറങ്ങിയ ഗിൽ മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ പുറത്ത്. നേടിയത് നാല് പന്തിൽ രണ്ടു റൺസ്. അവിടെവച്ച് അഭിഷേക് ശർമക്കൊപ്പം ചേർന്ന ഗെയ്ക്ക്‌വാദ് ക്രീസിൽ നങ്കൂരമിട്ടു. ആക്രമണോത്സുകമായി തുടങ്ങിയ അഭിഷേകും ക്യാപ്റ്റനെ നഷ്ടമായതോടെ പ്രതിരോധത്തിലായിരുന്നു.

എന്നാൽ, വ്യക്തിഗത സ്കോർ 28ലെത്തിയപ്പോൾ തുടങ്ങിയ ആക്രമണം അഭിഷേക് അവസാനിപ്പിച്ചത് 100 തികച്ചതിന്‍റെ അടുത്ത പന്തിലാണ്. ഏഴു ഫോറും എട്ടു സിക്സും സഹിതം കന്നി സെഞ്ചുറി കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത പന്തിൽ പുറത്ത്. അർധ സെഞ്ചുറി നേടാൻ 33 പന്ത് 'ക്ഷമയോടെ' കളിച്ച അഭിഷേക്, അടുത്ത 13 പന്തിൽ അമ്പത് റൺസ് കൂടി അടിച്ചെടുത്തു. ആകെ 47 പന്തിൽ കൃത്യം 100 റൺസ്!

Abhishek Sharma, Ruturaj Gaikwad, Rinku Singh take India to mammoth total
അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്ക്‌വാഗദും മത്സരത്തിനിടെ.

137 റൺസ് കൂട്ടുകെട്ടിൽ നൂറും നേടി അഭിഷേക് പുറത്തായ ശേഷം സ്കോർ ഉയർത്തുന്നതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു ഋതുരാജ് ഗെയ്ക്ക്‌വാദ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അർധ സെഞ്ചുറിയിലെത്തുമ്പോൾ അതിൽ 18 റൺസ് മാത്രമായിരുന്നു റിങ്കു സിങ്ങിന്‍റെ സംഭാവന. 47 പന്ത് നേരിട്ട ഗെയ്ക്ക്‌വാദ് പതിനൊന്ന് ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത് പുറത്താകാതെ നിന്നു.

അവസാന ഓവറുകളിൽ റിങ്കുവും തനി സ്വരൂപം പുറത്തെടുത്തതോടെ റൺ റേറ്റ് കുതിച്ചുയർന്നു. വെറും 22 പന്തിൽ 48 റൺസെടുത്ത റിങ്കുവും പുറത്താകാതെ നിന്നു. രണ്ടു ഫോറും അഞ്ച് സിക്സും ഉൾപ്പെട്ട ടിപ്പിക്കൽ ഫിനിഷിങ് ടച്ച്. ആദ്യ പത്തോവറിൽ 73 റൺസ് മാത്രമാണ് ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നത്. അവസാന പത്തോവറിൽ 161 റൺസ് കൂടി കൂട്ടിച്ചേർക്കാനായി.

India beat Zimbabwe by 100 runs in 2nd T20
അഭിഷേക് ശർമക്ക് കന്നി സെഞ്ചുറി

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെക്ക് ആദ്യ മത്സരത്തിലേതു പോലെ തന്നെ ആദ്യ ഓവറിൽ ഓപ്പണർ ഇന്നസെന്‍റ് കൈയയെ (4) നഷ്ടം. വിക്കറ്റ് മുകേഷ് കുമാറിനു തന്നെ. എന്നാൽ, ബാറ്റിങ് നിര ശക്തമാക്കാൻ ഖലീൽ അഹമ്മദിനു പകരം സായ് സുദർശന് ട്വന്‍റി20 അരങ്ങേറ്റം നൽകിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തിരിച്ചടി. ഓപ്പണിങ് ബൗളറുടെ റോളിൽ പന്തുമായെത്തിയ അഭിഷേക് ശർമ ആ ഓവറിൽ വഴങ്ങിയത് 19 റൺസ്. മുകേഷിന്‍റെ അടുത്ത ഓവറിൽ രണ്ടു സിക്സർ കൂടി വന്നെങ്കിലും, അതേ ഓവറിൽ ബ്രയാൻ ബെന്നറ്റ് (9 പന്തിൽ 26) കൂടി ക്ലീൻ ബൗൾഡായി.

അഭിഷേകിനു പകരം മറുവശത്തെ എൻഡിൽ ആവേശ് ഖാൻ പന്തെറിയാനെത്തിയതോടെ കളി പൂർണമായി ഇന്ത്യയുടെ വരുതിയിൽ. ആവേശിന്‍റെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റാണ് വീണത്. പിന്നീടൊരിക്കലും ആവശ്യമായ റൺ റേറ്റിന് അടുത്തു പോലുമെത്താൻ ആതിഥേയർക്കു സാധിച്ചില്ല.

ഇന്ത്യക്കു വേണ്ടി മുകേഷ് കുമാറും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, രവി ബിഷ്ണോയ് ഒരിക്കൽക്കൂടി ടീമിൽ സ്ഥിരാംഗത്വത്തിന് അവകാശമുന്നയിച്ചുകൊണ്ട് നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. വാഷിങ്ടൺ സുന്ദറിനും ഒരു വിക്കറ്റ്. അഞ്ചാം ബൗളറുടെ ക്വോട്ട തികയ്ക്കാൻ അഭിഷേക് മൂന്നോവറും റിയാൻ പരാഗ് ഒരോവറും പന്തെറിഞ്ഞെങ്കിലും ഇരുവർക്കും വിക്കറ്റൊന്നും കിട്ടിയില്ല.

Trending

No stories found.

Latest News

No stories found.