വനിതാ ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

സെമി സാധ്യത നിലനിർത്താൻ ന്യൂസിലൻഡിനെതിരേ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യക്കു വേണ്ടി സ്മൃതി മന്ഥനയും പ്രതീക റാവലും സെഞ്ചുറികൾ നേടി.
India W vs New Zealand W ODI World Cup

ന്യൂസിലൻഡിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ സ്മൃതി മന്ഥന, ക്രാന്തി ഗൗഡ്, ഹർമൻപ്രീത് കൗർ.

Updated on

പുണെ: വനിതാ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി മന്ഥനയും പ്രതീക റാവലും നേടിയ സെഞ്ചുറികളാണ് ഇന്ത്യൻ വിജയത്തിനു കരുത്ത് പകർന്നത്. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു ഇരു ടീമുകൾക്കും.

മഴ കാരണം ആദ്യം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് നേടിയത്. അടുത്ത മഴയ്ക്ക് ന്യൂസിലൻഡിന്‍റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസായി പുനർനിർണയിച്ചു. ഇതു പിന്തുടർന്ന കിവികളെ 271/8 എന്ന സ്കോറിൽ ഒതുക്കി നിർത്തുകയായിരുന്നു ഇന്ത്യൻ ബൗളർമാർ.

വനിതാ ലോകകപ്പ്: ഇന്ത്യ - ന്യൂസിലൻഡ് | India W vs New Zealand W ODI World Cup

ഇന്ത്യൻ ഓപ്പണർമാർ പ്രതീക റാവലും സ്മൃതി മന്ഥനയും ന്യൂസിലൻഡിനെതിരായ മത്സരത്തിനിടെ.

ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ ആതിഥേയരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. തുടക്കം കരുതലോടെയായിരുന്നെങ്കിലും, ക്രമേണ റൺ റേറ്റ് ഉയർത്തിയ ഇന്ത്യൻ ഓപ്പണർമാർ 33.2 ഓവറിൽ 212 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

95 പന്തിൽ പത്ത് ഫോറും നാല് സിക്സും സഹിതം 109 റൺസെടുത്ത സ്മൃതിയാണ് ആദ്യം പുറത്തായത്. വനിതാ ഏകദിനത്തിൽ സ്മൃതിക്ക് ഇതു പതിനാലാം സെഞ്ചുറിയാണെങ്കിൽ, പ്രതീക അന്താരാഷ്ട്ര കരിയറിലെ രണ്ടാം സെഞ്ചുറിയാണ് കുറിച്ചത്. പ്രതീക 134 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം 122 റൺസെടുത്തും പുറത്തായി.

മഴ കാരണം ആദ്യം കളി നിർത്തി വയ്ക്കുമ്പോൾ ഇന്ത്യ 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസാണ് എടുത്തിരുന്നത്. കളി പുനരാരംഭിച്ചപ്പോൾ ഒരോവർ കൂടിയേ ബാറ്റ് ചെയ്യാനായുള്ളൂ. 11 റൺസ് പിറന്ന ഈ ഓവറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ (10) വിക്കറ്റും ഇന്ത്യക്കു നഷ്ടമായി.

വനിതാ ലോകകപ്പ്: ഇന്ത്യ - ന്യൂസിലൻഡ് | India W vs New Zealand W ODI World Cup

ന്യൂസിലൻഡിനെതിരേ ഇന്ത്യൻ താരം ജമീമ റോഡ്രിഗ്സിന്‍റെ ബാറ്റിങ്.

നേരത്തെ, മൂന്നാം നമ്പറിലേക്ക് പ്രമോഷൻ കിട്ടിയ ജമീമ റോഡ്രിഗസ് 55 പന്തിൽ 11 ഫോർ ഉൾപ്പെടെ 76 റൺസെടുത്തു പുറത്താകാതെ നിന്നു. നേരിട്ട ഒരേയൊരു പന്ത് വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് ബൗണ്ടറി കടത്തി.

മറുപടി ബാറ്റിങ്ങിൽ കിവികൾക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല. 59 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അവർക്കു വേണ്ടി ബ്രൂക്ക് ഹാലിഡേയും (81) വിക്കറ്റ് കീപ്പർ ഇസബെല്ല ഗേസും (65 നോട്ടൗട്ട്) അർധ സെഞ്ചുറികൾ നേടിയെങ്കിലും, ആവശ്യമായ റൺ നിരക്കിലേക്കെത്താൻ ഒരിക്കലും അവർക്കു സാധിച്ചില്ല.

പേസ് ബൗളർമാരായ രേണുക സിങ്ങും ക്രാന്തി ഗൗഡും ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണ, ദീപ്തി ശർമ, ശ്രീചരണി, പ്രതീക റാവൽ എന്നിവർക്ക് ഓരോ വിക്കറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com