ത്രിരാഷ്ട്ര പരമ്പര: ഇന്ത്യൻ വനിതകൾക്ക് രണ്ടാം ജയം

ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസ്. ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 261 റൺസിന് ഓൾഔട്ട്
India W vs South Africa W

പത്തോവറിൽ 43 റൺസ് വഴങ്ങ് അഞ്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ പിഴുത സ്നേഹ് റാണ പ്ലെയർ ഒഫ് ദ മാച്ച്

Updated on

കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 15 റൺസിനും മറികടന്നു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 276 റൺസും നേടി. ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 261 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

ഓപ്പണർ പ്രതീക റാവൽ ഒരിക്കൽക്കൂടി ഇന്ത്യക്ക് ഉറച്ച തുടക്കം നൽകി. എട്ട് അന്താരാഷ്ട്ര മത്സരം മാത്രം കളിച്ച പ്രതീക കരിയറിലെ ആറാം അർധ സെഞ്ചുറിയാണ് ഈ മത്സരത്തിൽ സ്വന്തമാക്കിയത്. 91 പന്ത് നേരിട്ട പ്രതീക ഒരു സിക്സും ഏഴ് ഫോറും സഹിതം 76 റൺസെടുത്തു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുമൊത്ത് (54 പന്തിൽ 36) പ്രതീക 83 റൺസിന്‍റെ ഓപ്പണിങ് സഖ്യത്തിലും പങ്കാളിയായി. തുടർന്നെത്തിയ ഹർലീൻ ഡിയോൾ (29), ഹർമൻപ്രീത് കൗർ (41 നോട്ടൗട്ട്), ജമീമ റോഡ്രിഗ്സ് (41), റിച്ച ഘോഷ് (24) എന്നിവരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിൽ തകർപ്പൻ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഓപ്പണർ തസ്മിൻ ബ്രിറ്റ്സും ക്യാപ്റ്റൻ ലോറ വോൾവാർട്ടും ചേർന്ന് 140 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. എന്നാൽ, 43 റൺസെടുത്ത ലോറയെ ദീപ്തി ശർമ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ കൂട്ടത്തകർച്ചയായി.

തസ്മിൻ 107 പന്തിൽ 109 റൺസെടുത്തെങ്കിലും തുടർന്നങ്ങോട്ട് സ്നേഹ് റാണയുടെ ഓഫ് സ്പിന്നിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.

പത്തോവറിൽ 43 റൺസ് വഴങ്ങ് അഞ്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ പിഴുത സ്നേഹ് തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്. ദീപ്തിയെ കൂടാതെ ശ്രീചരണിയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com