അയർലൻഡിനെതിരേ ഇന്ത്യക്ക് ജയം, പരമ്പര

കരിയറിൽ രണ്ടാമത്തെ അന്താരാഷ്‌ട്ര മത്സരവും ആദ്യ ഇന്നിങ്സും മാത്രം കളിച്ച റിങ്കു സിങ് മാൻ ഓഫ് ദ മാച്ച്
അയർലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യൻ താരം റിങ്കു സിങ്ങിന്‍റെ ബാറ്റിങ്.
അയർലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യൻ താരം റിങ്കു സിങ്ങിന്‍റെ ബാറ്റിങ്.

ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെയാണിത്.

ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 33 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റർലിങ് ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. ഇന്ത്യക്കു വേണ്ടി യശസ്വി ജയ്സ്‌വാളും ഋതുരാജ് ഗെയ്ക്ക്‌വാദും ചേർന്ന് 3.4 ഓവറിൽ 29 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തി. 11 പന്തിൽ 18 റൺസുമായി മികച്ച തുടക്കമിട്ടെങ്കിലും ജയ്സ്‌വാൾ ക്രെയ്ഗ് യങ്ങിന്‍റെ പന്തിൽ കർട്ടിസ് കാംഫറിനു പിടികൊടുത്തതു തിരിച്ചടിയായി. ആദ്യ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ യുവ വാഗ്ദാനം തിലക് വർമ ഇക്കുറി ഒരു റണ്ണെടുത്ത് മടങ്ങിയതോടെ ബാറ്റിങ് തകർച്ചയുടെ ലക്ഷണങ്ങൾ.

എന്നാൽ, ഗെയ്ക്ക്‌വാദിനൊപ്പം ചേർന്ന കേരള താരം സഞ്ജു സാംസൺ സ്കോർ 12.2 ഓവറിൽ 105 വരെയെത്തിച്ചു. 26 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്താണ് സഞ്ജു പുറത്തായത്. പിന്നാലെ, 43 പന്തിൽ 58 റൺസെടുത്ത ഗെയ്ക്ക്‌വാദും മടങ്ങി. എന്നാൽ, റിങ്കു സിങ്ങും (21 പന്തിൽ 38) ശിവം ദുബെയും (16 പന്തിൽ 22) ചേർന്ന് ടീമിനെ മോശമല്ലാത്ത സ്കോറിലെത്തിച്ചു- 20 ഓവറിൽ 186/5.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ആൻഡി ബാൽബേണി ഒഴികെ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. 51 പന്തിൽ 72 റൺസെടുത്ത ബാൽബേണി ഇന്ത്യൻ ബൗളർമാർക്കു ഭീഷണിയായെങ്കിലും മറുവശത്ത് തീരെ പിന്തുണ ലഭിച്ചില്ല. ഏഴാം നമ്പറിൽ 23 റൺസെടുത്ത മാർക്ക് അഡെയറുടേതാണ് അടുത്ത ഉയർന്ന സ്കോർ.

നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഏഷ്യ കപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിച്ചപ്പോൾ, പ്രസിദ്ധ് കൃഷ്ണ 29 റൺസിനും രവി ബിഷ്ണോയ് 37 റൺസിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റ്. കരിയറിൽ രണ്ടാമത്തെ അന്താരാഷ്‌ട്ര മത്സരവും ആദ്യ ഇന്നിങ്സും മാത്രം കളിച്ച റിങ്കു സിങ്ങാണ് മാൻ ഓഫ് ദ മാച്ച്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com