

ബാങ്കോക്ക്: ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്‍റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വർണക്കൊയ്ത്ത്. വ്യാഴാഴ്ച പൂർത്തിയായ പത്തിനങ്ങളിൽ മൂന്നിലും ഇന്ത്യൻ താരങ്ങൾ സ്വർണമണിഞ്ഞു, ഒന്നിൽ വെങ്കലവും.
100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജിയിലൂടെയായിരുന്നു തുടക്കം. ഒരു പ്രധാന അന്താരാഷ്‌ട്ര ഇവന്‍റിൽ ജ്യോതിയുടെ ആദ്യ ടോപ് ഫിനിഷായിരുന്നു ഇത്. 1500 മീറ്ററിൽ ഗംഭീര പ്രകടനം കാഴ്ചവച്ച അജയ് കുമാർ സരോജിലൂടെ സ്വർണ നേട്ടം രണ്ടായി. മലയാളി താരം അബ്ദുള്ള അബൂബക്കർ ട്രിപ്പളിൽ ജംപിൽ സ്വർണം നേടിയപ്പോൾ ഇന്ത്യയ്ക്കു രണ്ടാം ദിവസം ഗോൾഡൻ ട്രിപ്പിളും കുറിക്കാനായി. കോമൺവെൽത്ത് ഗെയംസിൽ വെള്ളി മെഡൽ ജേതാവായിരുന്നു അബ്ദുള്ള. 400 മീറ്ററിൽ ഐശ്വര്യ മിശ്രയാണ് വെങ്കലം നേടിയത്.
13.09 സെക്കൻഡിലായിരുന്നു ഹർഡിൽസിൽ ജ്യോതിയുടെ ഫിനിഷ്. അതേസമയം, ജ്യോതിയുടെ പേരിലുള്ള ദേശീയ റെക്കോഡ് 12.82 സെക്കൻഡാണ്. മഴ കാരണം ബാങ്കോക്കിലെ ട്രാക്ക് നനഞ്ഞത് അത്‌ലറ്റുകളുടെ വേഗത്തെ ബാധിച്ചു.
1500 മീറ്ററിന്‍റെ ആദ്യ ലാപ്പുകളിലൊന്നും ചിത്രത്തിലേ ഇല്ലാതിരുന്ന അജയ്, ഫൈനൽ ലാപ്പിൽ നടത്തിയ അവിശ്വസനീയ കുതിപ്പിനൊടുവിലാണ് രണ്ടു പേരെ മറികടന്ന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3:41.51 ആയിരുന്നു സമയം. പേഴ്സണൽ ബെസ്റ്റ് കഴിഞ്ഞ മാസം യുഎസ്എയിൽ കുറിച്ച 3:39.19. ഏഷ്യൻ അത്‌ലറ്റിക്സിന്‍റെ ഭുവനേശ്വർ എഡിഷനിൽ (2017) സ്വർണം നേടിയ അജയ്, ദോഹയിൽ (2019) വെള്ളിയും നേടിയിരുന്നു.
അബ്ദുള്ള കുറിച്ച 16.92 മീറ്റർ, സീസണിൽ മലയാളി താരത്തിന്‍റെ ഏറ്റവും മികച്ച സമയം തന്നെയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ജപ്പാൻ താരം 19 സെന്‍റീമീറ്റർ കുറവ് ദൂരമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച പതിനായിരം മീറ്ററിൽ വെങ്കലം നേടിയ അഭിഷേക് പാലാണ് ഇന്ത്യൻ മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചത്.