ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചത് 19 റൺസിന്. ഫൈനൽ കളിച്ചില്ലെങ്കിലും മലയാളി താരം മിന്നു മണിയും ടീമിൽ അംഗമായിരുന്നു.
Indian women's cricket team with their gold medals on the podium during the presentation ceremony.
Indian women's cricket team with their gold medals on the podium during the presentation ceremony.

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിവസം ഇന്ത്യക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിനു പിന്നാലെ വനിതാ ക്രിക്കറ്റിലാണ് രാജ്യത്തിന്‍റെ നേട്ടം. വനതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ 19 റൺസിനു പരാജയപ്പെടുത്തിയത്.

നോരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഷഫാലി വർമ വേഗത്തിൽ പുറത്തായ ശേഷം സ്മൃതി മന്ഥനയും (46) ജമീമ റോഡ്രിഗ്സും (42) മോശമല്ലാത്ത അടിത്തറയിട്ടെങ്കിലും റൺ റേറ്റ് ഉയർന്നില്ല. പിന്നീടെത്തിയവരിൽ ആർക്കും രണ്ടക്കം പോലും കാണാനാവാതെ വന്നപ്പോൾ ഇന്ത്യൻ സ്കോർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തി്ല് 116 എന്ന നിലയിൽ ഒതുങ്ങി.

എന്നാൽ, ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയപ്പോൾ അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. 20 ഓവർ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ ലങ്കൻ വനിതകൾക്കു സാധിച്ചുള്ളൂ.

അണ്ടർ-19 ലോകകപ്പിലൂടെ ശ്രദ്ധയാകർഷിച്ച ടൈറ്റസ് സാധു നാലോവറിൽ ആറ് റൺസ് മാത്രം വഴങ്ങി ലങ്കയുടെ ആദ്യ മൂന്നു വിക്കറ്റും വീഴ്ത്തി. ചെറിയ സ്കോർ പ്രതിരോധിക്കുന്നതിൽ സാധുവിന്‍റെ പ്രകടനം നിർണായകമായി. രാജേശ്വരി ഗെയ്ക്ക്‌വാദ് രണ്ടു വിക്കറ്റ് നേടിയപ്പോൾ, ദീപ്തി ശർമ, പൂജ വസ്ത്രാകർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യൻ പേസ് ബൗളർ ടൈറ്റസ് സാധുവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
ഇന്ത്യൻ പേസ് ബൗളർ ടൈറ്റസ് സാധുവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

മലയാളി താരം മിന്നു മണിയും ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. എന്നാൽ, ഫൈനലിൽ കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. മലേഷ്യക്കെതിരായ മത്സരത്തിൽ മിന്നു ആദ്യ ഇലവനിലുണ്ടായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com