തകർത്തടിച്ച് ജെമീമയും, ദീപ്തിയും, ദക്ഷിണാഫ്രിക്ക വീണു; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത‍്യൻ വനിതകൾ ഫൈനലിൽ

ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത‍്യയുടെ എതിരാളികൾ
india women beat south africa in tri nation series

ജെമീമ റോഡ്രിഗസ്

Updated on

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരേ ഇന്ത‍്യൻ വനിതകൾക്ക് 23 റൺസ് ജയം. നിശ്ചിത 50 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 338 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 314 റൺസിൽ അവസാനിച്ചു.

81 റൺസെടുത്ത അന്നേരി ഡെർക്സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. അന്നേരി ഡെർക്സണു പുറമെ ക്ലോ ട്രയോണിനു (67) മാത്രമാണ് അർദ്ധസെഞ്ചുറി നേടാനായത്. മിയാനെ സ്മിത്ത് 39 റൺസും നൊൻഡുമിസോ ഷാൻഗാസെ 36 റൺസും നേടിയെങ്കിലും വിജയലക്ഷ‍്യം മറികടക്കാൻ സാധിച്ചില്ല.

ഇന്ത‍്യയ്ക്ക് വേണ്ടി അമൻജോത് കൗർ മൂന്നും ദീപ്തി ശർമ രണ്ടും ശ്രീ ചരണി, പ്രതിക റാവൽ തുടങ്ങിയവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് അടിച്ചു കൂട്ടിയത്. ജെമീമ റോഡ്രിഗസ് നേടിയ സെഞ്ചുറിയും, ദീപ്തി ശർമയുടെയും സ്മൃതി മന്ദാനയുടെയും അർദ്ധ സെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്.

101 പന്തിൽ 15 ബൗണ്ടറികളും 1 സിക്സറും അടക്കം 123 റൺസ് അടങ്ങുന്നതായിരുന്നു ജെമീമയുടെ തകർപ്പൻ ബാറ്റിങ്. ഓപ്പണിങ്ങിൽ സ്മൃതി മന്ദാന നൽകിയ മികച്ച തുടക്കം ടീമിന് മികച്ച സ്കോറിലെത്താൻ സഹായകരമായി. 6 ബൗണ്ടറി അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ജെമീമക്കൊപ്പം നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച ദീപ്തി ശർമയ്ക്ക് 7 റൺസിനാണ് സെഞ്ചുറി നഷ്ടമായത്. 10 ബൗണ്ടറിയും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മസബാട്ട ക്ലാസ്, നദൈൻ ഡി ക്ലർക്ക്, നോൻകുലു ലേക്കോ മ്ലാബ എന്നിവർ രണ്ടും അന്നേരി ഡെർക്സൺ ക്ലോ ട്രയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കക്കെതിരേ ജയം നേടിയതോടെ ഇന്ത‍്യ ഫൈനലിൽ പ്രവേശിച്ചു. അതേസമ‍യം 3 മത്സരങ്ങളും തോൽവിയറിഞ്ഞ ദക്ഷിണാഫ്രിക്ക പുറത്തായി. ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത‍്യയുടെ എതിരാളികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com