വിസ്മയം പെണ്‍ ഇന്ത്യ

വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 347 റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ
ഇന്ത്യൻ ടീം
ഇന്ത്യൻ ടീം

മുംബൈ: ഇന്ത്യയുടെ പെണ്‍പടയുടെ ഗര്‍ജനത്തില്‍ ഇംഗ്ലീഷ് പട വിറങ്ങലിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ വനിതകള്‍ക്ക് നവി മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വനിതള്‍ക്കെതിരെ 347 റണ്‍സിന്‍റെ ഉജ്വല ജയം. ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റില്‍ നേടുന്ന എക്കാലത്തെയും വലിയ വിജയമാണിത്. 478 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ 131 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ വന്‍ ജയം സ്വന്തമാക്കിയത്. നാലു വിക്കറ്റെടുത്ത ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും രണ്ട് വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്വാദും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സ്‌കോര്‍ ഇന്ത്യ 428, 186-6, ഇംഗ്ലണ്ട് 136, 131.മത്സരത്തില്‍ ആകെ 89 റണ്‍സും ഒമ്പത് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയാണ് കളിയിലെ താരം.

ദീപ്തിയുടെ ഉജ്വല ബൗളിങ്ങിനു മുന്നില്‍ ഇംഗ്ലണ്ട് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.ആദ്യ ഇന്നിംഗ്‌സില്‍ 292 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അതിവേഗം റണ്‍സടിച്ചു കൂട്ടാനാണ് ശ്രമിച്ചത്. ഷഫാലി വര്‍മയും (33), സ്മൃതി മന്ദാനയും (26) ജെമീമ റോഡ്രിഗസ് (27) എന്നിവര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തി. ഇന്ത്യയെ 42 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തി നില്‍ക്കവേ ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 44 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു. 479 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്പിന്‍ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. ഇതോടെ ഇന്ത്യന്‍ വിജയം അനായാസമായി.

ഇംഗ്ലണ്ട് നിരയില്‍ സോഫിയ ഡങ്ക്ലി(15), ടാമി ബേമൗണ്ട്(17), ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്(21), ഡാനിയേല വ്യാറ്റ്(12), സോഫി എക്ലിസ്റ്റോണ്‍(10), ഷാര്‍ലറ്റ് ഡീന്‍(20)സ കേറ്റ് ക്രോസ്(16) എന്നിവരാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മ രണ്ടാം ഇന്നിംഗ്‌സില്‍ 32 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂജ വസ്ട്രാക്കര്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. വനിതാ ടെസ്റ്റില്‍ ഒരു ടീം 300 റണ്‍സിനു മുകളില്‍ വിജയം സ്വന്തമാക്കുന്നതു ഇത് രണ്ടാം തവണ മാത്രം.

പാകിസ്ഥാനെ 1998ല്‍ 309 റണ്‍സിനു വീഴ്ത്തിയ ശ്രീലങ്കയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇത് ഇന്ത്യന്‍ വനിതകള്‍ തിരുത്തി്. 39 ടെസ്റ്റുകളില്‍ നിന്നായി ഇന്ത്യയുടെ ആറാം വിജയമാണിത്. ആറ് മത്സരങ്ങള്‍ തോറ്റു. 27 പോരാട്ടങ്ങള്‍ സമനിലയിലും അവസാനിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com