അയർലൻഡിനെതിരേ ഇന്ത്യൻ വനിതകൾക്ക് അനായാസ വിജയം

ടോസ് നേടി ബാറ്റ് ചെയ്ത ഐറിഷ് വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസെടുത്തു. 34.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 241 റൺസിലെത്തി.
Smriti Mandhana and Pratika Rawal during the match
സ്മൃതി മന്ഥനയും പ്രതീക റാവലും മത്സരത്തിനിടെ.
Updated on

രാജ്‌കോട്ട്: അയർലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് ആറ് വിക്കറ്റ് വിജയം. 239 റൺസ് എന്ന വിജയലക്ഷ്യം 15 ഓവറിലധികം ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ടോസ് നേടി ബാറ്റ് ചെയ്ത ഐറിഷ് വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസെടുത്തു. 34.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 241 റൺസിലെത്തി.

ഒരു ഘട്ടത്തിൽ 56 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി കനത്ത തകർച്ചയെ അഭിമുഖീകരിച്ച അയർലൻഡിനെ ക്യാപ്റ്റൻ ഗാബി ലൂയിസിന്‍റെയും ലിയ പോളിന്‍റെയും അർധ സെഞ്ചുറികളാണ് മാന്യമായ സ്കോറിലേക്കു നയിച്ചത്. ഓപ്പറായിറങ്ങിയ ഗാബി 129 പന്തിൽ 92 റൺസെടുത്ത് പുറത്തായി. ലിയ 73 പന്തിൽ 59 റൺസും നേടി.

ഇന്ത്യക്കു വേണ്ടി ലെഗ് സ്പിന്നർ പ്രിയ മിശ്ര രണ്ട് വിക്കറ്റെടുത്തപ്പോൾ, ടിറ്റാസ് സാധു, സയാലി സത്ഗരെ, ദീപ്തി ശർമ എന്നിവർക്ക് ഓരോ വിക്കറ്റ് കിട്ടി. രണ്ട് ഐറിഷ് ബാറ്റർമാർ റണ്ണൗട്ടായി.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥനയും യുവതാരം പ്രതീക റാവലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 29 പന്തിൽ 41 റൺസുമായി സ്മൃതി മടങ്ങിയ ശേഷവും ഉറച്ചുനിന്ന പ്രതീക, 96 പന്തിൽ 89 റൺസെടുത്തു.

ഹർലീൻ ഡിയോൾ (20), ജമീമ റോഡ്രിഗ്സ് (20) എന്നിവരുടെ വിക്കറ്റുകൾ കൂടി ഇന്ത്യക്കു നഷ്ടമായി. എന്നാൽ, 46 പന്തിൽ 53 റൺസുമായി തകർപ്പൻ ബാറ്റിങ് കെട്ടഴിച്ച മറ്റൊരു പുതുമുറക്കാരി തേജൽ ഹസാബ്നിസ് അയർലൻഡിനു മുന്നിൽ എല്ലാ സാധ്യതകളും അടച്ചുകളഞ്ഞു. രണ്ട് പന്തിൽ എട്ട് റൺസുമായി വിക്കറ്റ് കീപ്പർ റിച്ച ഘോഷും പുറത്താകാതെ നിന്നു. പ്രതീക റാവലാണ് പ്ലെയർ ഓഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com