വനിതാ ടി20 ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ ടീം പ്രഖ‍്യാപിച്ചു; ഇടം നേടി നന്ദിനി ശർമയും യസ്തിക ഭാട്ടിയയും

ഇംഗ്ലണ്ടും വെയിൽസും വേദിയാകുന്ന ടൂർണമെന്‍റ് ജൂൺ 12ന് ആരംഭിക്കും
india womens t20 worldcup squad announced

ടീം ഇന്ത‍്യ

Updated on

ന‍്യൂഡൽഹി: 2026 ഐസിസി ടി20 ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ വനിതാ ടീമിനെ പ്രഖ‍്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ നന്ദിനി ശർമയെയും വിക്കറ്റ് കീപ്പർ ബാറ്റർ യസ്തിക ഭാട്ടിയയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും വെയിൽസും വേദിയാകുന്ന ടൂർണമെന്‍റ് ജൂൺ 12ന് ആരംഭിക്കും.

12 ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ജൂൺ 14ന് പാക്കിസ്ഥാനെതിരേ എഡ്ജ്ബാസ്റ്റണിലാണ് ഇന്ത‍്യയുടെ ടൂർണമെന്‍റിലെ ആദ‍്യ മത്സരം. ജൂലൈ അഞ്ചിനാണ് ഫൈനൽ. നിലവിലെ ചാംപ‍്യന്മാരായ ന‍്യൂസിലൻഡുമായി അടുത്തിടെ നടന്ന പരമ്പര ഇന്ത‍്യ 4-1ന് ദയനീയമായി പരാജയപ്പെട്ടിരുന്നു.

ലോകകപ്പിന് മുന്നോടിയായി കുറവുകൾ എല്ലാം പരിഹരിച്ച് ടീം തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജൂൺ 17ന് നെതർലൻഡ്സിനെതിരേയും ജൂൺ 21ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ജൂൺ 25ന് ബംഗ്ലാദേശിനെതിരേയും ജൂൺ 28ന് ഓസ്ട്രേലിയക്കെതിരേയും ഇന്ത‍്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഏറ്റുമുട്ടും.

ഇന്ത‍്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പിന് മുൻപ് മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര ഇന്ത‍്യ കളിക്കും. മേയ് 28നാണ് ഈ പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയായതിനാൽ ഇന്ത‍്യക്ക് വളരെയധികം നിർണായകമാണ്.

ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക‍്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, ഭാരതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ശ്രീ ചരണി, യസ്തിക ഭാട്ടിയ, നന്ദിനി ശർമ, അരുന്ധതി റെഡ്ഡി, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്

logo
Metro Vaartha
www.metrovaartha.com