
ഗൗതം ഗംഭീറും സഹപരിശീലകരും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് ബിസിസിഐ മൂന്നു പേർക്കെതിരേ നടപടിയെടുക്കുമെന്ന് സൂചന. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരാണ് ഇതിലെ 'മുഖ്യപ്രതി' എന്നാണ് വിവരം.
ഇന്ത്യൻ ടീമിലെ ഒരു മുതിർന്ന കളിക്കാരൻ താത്കാലിക ക്യാപ്റ്റനാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന വിവരമാണ് ആദ്യം ഡ്രസിങ് റൂമിൽ നിന്നു ചോർന്നത്. ഇതു വിവാദമായതോടെ, ചോർത്തിയത് യുവതാരം സർഫറാസ് ഖാൻ ആണെന്നും ആരോപണം വന്നു. എന്നാൽ, ഇതിനെല്ലാം പിന്നിൽ അഭിഷേക് നായരായിരുന്നു എന്ന സൂചനകളാണ് പിന്നീട് ബിസിസിഐക്ക് ലഭിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കു വേണ്ടി കളിച്ചിരുന്ന അഭിഷേക്, മുംബൈ ഇന്ത്യൻസിനു വേണ്ടി ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ സീസണിൽ ഐപിഎൽ ചാംപ്യൻമാരാകുമ്പോൾ ടീമിന്‍റെ മാർഗദർശിയായി പ്രവർത്തിച്ചതാണ് ഗൗതം ഗംഭീറിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇതിനു പിന്നാലെ, കെകെആറിൽ അസിസ്റ്റന്‍റ് കോച്ചായിരുന്ന അഭിഷേകിനെയും ഗംഭീർ തന്‍റെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
നാൽപ്പത്തൊന്നുകാരനായ അഭിഷേക് ഇന്ത്യൻ ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ചായി ചുമതലയേറ്റിട്ട് എട്ട് മാസമായിട്ടേയുള്ളൂ. മൂന്നു വർഷത്തിൽ കൂടുതൽ ആരെയും കോച്ചിൽ സംഘത്തിൽ തുടരാൻ അനുവദിക്കരുതെന്ന് ബിസിസിഐ അടുത്തിടെ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ഫീൽഡിങ് കോച്ച് ടി. ദിലീപിനും ട്രെയ്നർ സോഹം ദേശായിക്കും സ്ഥാനം നഷ്ടപ്പെടും.
അഭിഷേകിനും ദിലീപിനും പകരം നിയമനങ്ങളുണ്ടാകില്ല. ബാറ്റിങ് പരിശീലകനായി സിതാംശു കോടക് ടീമിനൊപ്പമുള്ളതിനാൽ അസിസ്റ്റന്‍റ് കോച്ചായി മറ്റാരെയും ആവശ്യമില്ലെന്നാണ് ബിസിസിഐ നിലപാട്. ദിലീപിനു പകരം ഫീൽഡിങ് പരിശീലനത്തിന്‍റെ ചുമതല ടീമിനൊപ്പമുള്ള റ്യാൻ ടെൻ ഡസ്ചേറ്റിനും നൽകും.
അതേസമയം, ട്രെയ്നറായി അഡ്രിയാൻ ലെ റോക്സിനെ നിയമിക്കുമെന്നാണ് വിവരം. നിലവിൽ പഞ്ചാബ് കിങ്സിന്‍റെ ട്രെയ്നറാണ് ഈ ദക്ഷിണാഫ്രിക്കക്കാരൻ. മുൻപ് ഇന്ത്യൻ ടീമിനൊപ്പവും കോൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.