indian cricket team squad announced for t20 worldcup 2026

ഇന്ത‍്യൻ ക്രിക്കറ്റ് ടീം

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ

സൂര‍്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക‍്യാപ്റ്റൻ
Published on

മുംബൈ: ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു. സൂര‍്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക‍്യാപ്റ്റൻ. സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലിനെയും ജിതേഷ് ശർമയെയും ടീമിലുൾപ്പെടുത്തിയിട്ടില്ല.

ഇന്ത‍്യയ്ക്കു വേണ്ടി ഓപ്പണിങ് ബാറ്ററായി കളിച്ചുകൊണ്ടിരുന്ന ഗിൽ ഫോം വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഗിൽ 15 മത്സരങ്ങളിൽ നിന്നും 24.25 ശരാശരിയിൽ 291 റൺസ് മാത്രമാണ് നേടിയത്. അതേസമയം, സഞ്ജു സാംസൺ അവസാന 12 ടി20 മത്സരങ്ങളിൽ നിന്നും മൂന്നു സെഞ്ചുറിയുൾപ്പടെ 417 റൺസ് നേടിയിരുന്നു.

ഗിൽ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായെങ്കിലും അടുത്തിടെ നടന്ന ഏഷ‍്യകപ്പിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ‌ താരത്തിന് കഴിഞ്ഞു. അഭിഷേക് ശർമയ്ക്കും (314) തിലക് വർമയ്ക്കും (213) പുറമെ ഏഷ‍്യ കപ്പിൽ ഇന്ത‍്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു സഞ്ജു (132).

പിന്നീട് നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയെങ്കിലും തിളങ്ങാൻ സാധിക്കാതെ വന്നതോടെ ടീമിൽ അവസരം നഷ്ടമായി. ശേഷിക്കുന്ന മത്സരങ്ങൾ സഞ്ജുവിനു പകരം ജിതേഷ് ശർമയാണ് കളിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 22 പന്തിൽ 37 അടിച്ചെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവച്ച് താരം തിരിച്ചുവരവ് നടത്തി.

മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിലനിർത്തിയപ്പോൾ റിങ്കു സിങ്, ഇഷാൻ കിഷൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരടങ്ങുന്ന മികവുറ്റ താരങ്ങൾ ഇന്ത‍്യയ്ക്കു വേണ്ടി പന്തെറിയും.

ഇന്ത‍്യൻ ടീം: സൂര‍്യകുമാർ യാദവ് ക‍്യാപ്റ്റൻ, അക്ഷർ പട്ടേൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ‍്യ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഇഷാൻ കിഷാൻ.

logo
Metro Vaartha
www.metrovaartha.com